Advertisment

ഹത്രസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഡോക്ടര്‍മാരെ ജോലിയില്‍നിന്ന് നീക്കി

author-image
admin
New Update

ലക്നൗ: ഹത്രസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന യുപി പൊലീസ് വാദത്തിന് ബലം നല്‍കിയ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഡോക്ടര്‍മാരെ ജോലിയില്‍നിന്ന് നീക്കി. പെണ്‍കുട്ടി ആദ്യം ചികിത്സയില്‍ കഴിഞ്ഞ അലിഗഢ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ അസീം മാലിക്, ഒബെയ്ദ് ഹഖ് എന്നിവര്‍ക്കെതിരെയാണ് നടപടി.

പീഡനം നടന്നിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ ഫൊറന്‍സിക് വിഭാഗം കണ്ടെത്തിയത്. എന്നാല്‍, 11 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സാംപിളുകള്‍ ശേഖരിച്ചതെന്നും അതിനാല്‍ കൃത്യത ലഭിക്കില്ലെന്നും അസീം മാലിക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയത് ഡോക്ടര്‍ ഒബെയ്ദ് ഹഖ് ആയിരുന്നു.

വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും ജോലിയില്‍നിന്ന് നീക്കിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അവധി ഒഴിവില്‍ ജോലിയില്‍ പ്രവേശിച്ച ഇരുവരുടെയും കാലാവധി അവസാനിച്ചതിനാലാണു നടപടിയെന്നാണ് മെഡിക്കല്‍ കോളജിന്റെ ഔദ്യോഗിക വിശദീകരണം

Advertisment