Advertisment

പുത്തുമല: മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡിഎന്‍എ പരിശോധന നടത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കല്‍പറ്റ: വയനാട്ടില പുത്തുമല ദുരന്തമേഖലയില്‍ നിന്നും ഇന്ന് കണ്ടെത്തിയ മൃതദേഹത്തിന് മേല്‍ അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍ രംഗത്ത് എത്തിയതോടെ ഡിഎന്‍എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ അധികൃതര്‍ തീരുമാനിച്ചു.

ദുരന്തം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം എന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കാണാതായവരുടെ പട്ടികയിലുള്ള അണ്ണയ്യ എന്നയാളാണ് ഇതെന്ന് അവകാശപ്പെട്ടു കൊണ്ട് പിന്നീട് ഇയാളുടെ ബന്ധുക്കള്‍ രംഗത്തു വന്നു. ഇത് അംഗീകരിച്ച് അധികൃതര്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കര്‍ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്തുവന്നത്.

ഇതേ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

മൃതദേഹത്തില്‍ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്‍റേയും ബന്ധുക്കളില്‍ നിന്നും ഡിഎന്‍ സംപിളുകള്‍ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം.

പുത്തുമലയില്‍ പ്രധാനമായും ദുരന്തമുണ്ടായത് പാഡികളും പള്ളിയും അമ്പലവും ക്ഷേത്രവും നിലനിന്ന സ്ഥലത്താണ്. എന്നാല്‍ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവര്‍ അക്കാര്യം രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു.

ദിവസങ്ങളായി വെള്ളത്തില്‍ കിടന്നതിനാല്‍ അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്തായാലും മൃതദേഹം കണ്ടെത്തിയതോടെ വീടുകൾ തകർന്ന ഭാഗത്ത് നിന്നും വെള്ളച്ചാട്ടത്തിനടുത്തേക്കും തെരച്ചിൽ ഇനി വ്യാപിപ്പിക്കും. ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകൾ അടക്കം വരുന്ന മുറയ്ക്ക് ഈ ഭാഗത്ത് ഉപയോഗിക്കും. ഇന്നൊരു മൃതദേഹം കൂടി കിട്ടിയതോടെ പുത്തുമല ദുരന്തത്തിലെ മരണ സംഖ്യ 11 ആയി. ഇനിയും ആറ് പേരെ കൂടി കണ്ടെത്താനുണ്ട്.

Advertisment