നാലാം നിലയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ചുമരിൽ ഇഴഞ്ഞ് കയറി യുവാക്കൾ: വൈറലായി വീ‍‍ഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, September 9, 2018

Two Men climbed Building In China To Rescue a Child

ചൈന: കെട്ടിടത്തിന്റെ നാലാം നിലയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ചുമരിൽ ഇഴഞ്ഞ് കയറുന്ന രണ്ട് യുവാക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. ചൈനയിലെ ജിയാൻഗ്ഷു പ്രവിശ്യയിലെ ചാങ്ഷു ന​ഗരത്തിൽ സെപ്തംബർ 7 നാണ് സംഭവം നടന്നത്.

ചാങ്ഷു തെരുവിലൂടെ കാറിൽ പോകുമ്പോഴാണ് നാല് നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കെണിയിൽ ഒരു കുട്ടി കുടുങ്ങി കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് ഇരുവരും കാർ നിർത്തുകയും കുട്ടിയെ രക്ഷിക്കുന്നതിനായി കെട്ടിടത്തിന്റെ മുകളിലേക്ക് ഇഴ‍ഞ്ഞ് കയറുകയുമായിരുന്നു. കെട്ടിടത്തിലെ ജനാലകളിൽ ചവിട്ടിയാണ് യുവാക്കൾ കുട്ടിയുടെ അടുത്തെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് ജനാലയ്ക്കുള്ളിലൂടെ കുട്ടിയെ വീടിനുള്ളിലേക്ക് എത്തിച്ചു.

വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ തനിച്ചാക്കി വീട്ടുകാർ‌ പുറത്തു പോയിരിക്കുകയായിരുന്നു. ഉറക്കമുണർന്നപ്പോൾ വീട്ടിൽ ആരേയും കാണാത്തതിനാൽ ജനാല തുറക്കുന്നതിനിടെയാണ് കുട്ടി ബാൽക്കെണിയിലേക്ക് തെന്നി വീണത്.  മകളെ രക്ഷിച്ച യുവാക്കളോട് കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു. ഇത്രയും ഉയരത്തിൽ ഇഴഞ്ഞ് കയറുക എന്നത് വളരെ അപകടം നിറഞ്ഞതാണ്. എന്റെ കുട്ടിയെ രക്ഷിച്ച രണ്ടു വീരൻമാരോടും ഞാൻ നന്ദി പറയുന്നു-കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കഴിഞ്ഞ മാസം ഇതിന് സമാനമായ സംഭവം ചൈനയിൽ ന‌ടന്നിരുന്നു. ഏഴാം നില കെട്ടിടത്തിൽ നിന്നും തെന്നിവീണ മകനെ അന്ന് അച്ഛനായിരുന്നു രക്ഷിച്ചത്.

https://twitter.com/PDChina
×