Advertisment

ടൈപ്പ് വൺ ഡയബറ്റിസ്: പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കുന്നത് സ്വാഗതാർഹം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരു: ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ അവശ്യവസ്തുക്കൾ കൊണ്ടുപോകാൻ അനുമതി നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് സ്വാഗതാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ പമ്പ്, സ്നാക്സ്, മെഡിസിൻസ്, കുടിവെള്ളം, ഷുഗർ അടക്കമുള്ള അവശ്യവസ്തുക്കൾ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ കൊണ്ടുപോകാൻ അനുമതി നൽകി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, നജ്ദ റൈഹാൻ,വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷാ എന്നിവരുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി നേരത്തെ വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയക്ടറായിരുന്ന ബി.എസ് തിരുമേനി ഐ.എ.എസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി, സാമൂഹ്യ സുരക്ഷ മിഷൻ സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

പരീക്ഷ പോലുള്ള സമ്മർദ ഘട്ടങ്ങളിൽ മാനസികമായും ശാരീരികമായും കൂടുതൽ പ്രയാസങ്ങൾ നേരിടുന്ന ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കൽ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisment