Advertisment

വീസാ ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങി പീഡനമേറ്റു വാങ്ങി രണ്ട് മലയാളി യുവതികളടക്കം അഞ്ച് പേർ മാസങ്ങളോളം പുറംലോകം കാണാതെ അജ്മാനിലെ കുടുസ്സുമുറിയിൽ ; സംഭവമറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ എറിഞ്ഞുകൊടുത്ത കയറില്‍ തൂങ്ങി സാഹസികമായി രക്ഷപ്പെട്ട് മലയാളി യുവതി ; സംഭവം ഇങ്ങനെ..

author-image
ഗള്‍ഫ് ഡസ്ക്
New Update

അജ്മാൻ : വീസാ ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങി പീഡനമേറ്റുവങ്ങി രണ്ട് മലയാളി യുവതികളടക്കം അഞ്ച് പേർ മാസങ്ങളോളം പുറംലോകം കാണാതെ അജ്മാനിലെ കുടുസ്സുമുറിയിൽ. ഭക്ഷണം പോലും നൽകാതെ ക്രൂരമായ മർദനമേറ്റുവാങ്ങേണ്ടിവന്ന ഇവരിൽ രണ്ടു പേരിൽ ഒരാൾ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് അതിസാഹസികമായി കയറിൽ തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു.

Advertisment

മറ്റൊരാളെ പിന്നീട‌് സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി. എന്നാൽ, പാസ്പോർട്ട് ഏജന്റ് പിടിച്ചു വച്ചതിനാൽ മറ്റു രണ്ട് യുവതികൾ ഭയന്ന് മുറി വിട്ടിറങ്ങാൻ തയാറാകുന്നില്ല. രക്ഷപ്പെടത്തിയവരെ പിന്നീട് ഇന്ത്യൻ അസോസിയേഷൻ പ്രതിനിധിക്ക് കൈമാറി.

publive-image

തിരുവനന്തപുരം, കൊച്ചി സ്വദേശിനികളാണ് മലയാളി യുവതികൾ. മറ്റുള്ളവരിൽ രണ്ട് ആന്ധ്രാ സ്വദേശിനികളും ഒരാൾ മുംബൈക്കാരിയുമാണ്. ഡൽഹി സ്വദേശിനിയായ ഏജന്റിന്റെ കീഴിലായിരുന്നു അഞ്ചുപേരും അജ്മാനില്‍ താമസിച്ചിരുന്നത്. വൻതുക വീസയ്ക്ക് നൽകിയാണ് ഡൽഹിക്കാരിയുടെ കേരളത്തിലെ ഏജന്റ് തങ്ങളെ യുഎഇയിലെത്തിച്ചതെന്ന് യുവതികൾ പറഞ്ഞു. അജ്മാൻ അൽ മദീന പൊലീസ് സ്റ്റേഷനിനടുത്തെ കെട്ടിടത്തിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്.

ഒരു വർഷമായി ഇവരിൽ ചിലർ ഇൗ മുറിയിൽ ഭയന്ന് കഴിയുന്നു. എന്നാൽ, ആർക്കും ജോലി നൽകിയില്ല. സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞിട്ട് ഏറെ നാളുകളായി. പുതുക്കാനോ മറ്റോ ഏജന്റ് തയാറാകുന്നില്ല. ‌ഇതേപ്പറ്റി ചോദിച്ചാൽ ക്രൂരമായ മർദനമായിരുന്നു മറുപടിയെന്ന് രക്ഷപ്പെട്ട യുവതികൾ പറഞ്ഞു. ഇവരുടെ ദേഹമാസകലം മർദനമേറ്റ പാടുകൾ കാണാം.

പീഡനം സഹിക്കവയ്യാതെ യുവതികളിലൊരാൾ തന്റെ കദന കഥ വിവരിച്ച് വിഡിയോയെടുത്ത് പരിചയക്കാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ, തങ്ങൾ താമസിക്കുന്ന കേന്ദ്രം കൃത്യമായി ഇവർക്ക് അറിയില്ലായിരുന്നു. വിഡിയോ കണ്ട സാമൂഹിക പ്രവര്‍ത്തകർ അന്വേഷണത്തിലൂടെ സ്ഥലം കണ്ടെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.

താഴെ നിന്ന് എറിഞ്ഞുകൊടുത്ത കയറിൽ തൂങ്ങി സാഹസികമായി യുവതികളിലൊരാൾ താഴേക്കിറങ്ങുകയായിരുന്നു. യുവതി ഒടുവിൽ താഴേയ്ക്ക് വീഴുകയും ചെയ്തു. എന്നാൽ, ഇൗ വീഴ്ചയിൽ പരുക്കേറ്റിട്ടില്ല. എന്നാല്‍, മലയാളി യുവതിയടക്കം മൂന്ന് പേർ ഇതിന് തയാറായില്ല. രക്ഷപ്പെട്ട യുവതി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവരെ കണ്ടെത്തിയത്.

കേരളത്തിൽ നിന്നടക്കം നിരാലംബരായ യുവതികളെയും യുവാക്കളെയും ജോലിക്കെന്ന് പറഞ്ഞ് വൻ തുക ഇൗടാക്കി കൊണ്ടുവന്ന് വീസാ ഏജന്‍റുമാർ പീഡിപ്പിക്കുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽ വീഴരുതെന്ന് ഇന്ത്യൻ സർക്കാരും കേരളാ സർക്കാരും നോർക്കയുമെല്ലാം ഇടയ്ക്കിടെ മുന്നറിയിപ്പും നൽകാറുണ്ട്.

എന്നാൽ, ജീവിതം വഴി മുട്ടുമ്പോൾ ഇവർ മറ്റൊന്നും ആലോചിക്കാതെ ഇറങ്ങിത്തിരിക്കുകയും ചതിയിൽപ്പെടുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക പ്രശ്നം തീർക്കാൻ വരുന്ന ഇവർ അതിലും വലിയ കടക്കെണിയിൽപ്പെടുന്നു. ഇതുപോലെ അനധികൃത വീസാ ഏജന്റിന്റെ വലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ അജ്മാനിൽ ഒട്ടേറെയുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.

മിക്കപ്പോഴും സ്ത്രീകൾ തന്നെയാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നത്. ഇവർ ആളുകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക വിരളമാണ്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ ആവശ്യപ്പെട്ടു.

malayali women uae visa trap visa fraud
Advertisment