Advertisment

ജനരോക്ഷം വകവയ്ക്കാതെ ഫട്‌നാവിസ് സര്‍ക്കാര്‍ മെട്രോ കാര്‍ഷെഡ് പദ്ദതിയ്ക്കായി പാതിരാത്രിയില്‍ മുറിച്ചു നീക്കിയത് 2000 മരങ്ങള്‍ ; മുഖ്യമന്ത്രിയായ ഉടന്‍ ഫട്‌നാവിസിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഉദ്ധവ് ; അടുത്ത ഉത്തരവുണ്ടാകും വരെ ആരേയിലെ ഒരു ഇല പോലും മുറിക്കില്ല ; 'അലക്കിയാലും നിറം മങ്ങാത്ത കാവി'യാണ് ഏറെ ഇഷ്ടമെന്ന് മുഖ്യമന്ത്രി

New Update

മുംബൈ :  മെട്രോ റെയിൽ പദ്ധതിക്കായി ആരേ കോളനിയിൽ മരങ്ങൾ മുറിച്ചുനീക്കിയുള്ള മെട്രോ കാർഷെഡ് പദ്ധതിയുടെ നിർമാണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്റ്റേ ചെയ്തു. അതേസമയം, മെട്രോ പാതയുടെ നിർമാണം തടസ്സമില്ലാതെ നടക്കുമെന്നും വ്യക്തമാക്കി.

Advertisment

publive-image

കോൺക്രീറ്റ് കാടായി മാറിയിരിക്കുന്ന മുംബൈയിലെ ഏക പച്ചത്തുരുത്താണ് ആരേ കോളനി. സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനോടു ചേർന്നുകിടക്കുന്ന പ്രദേശമാണിത്. സ്ഥലം ലഭ്യതക്കുറവിനെത്തുടർന്നാണ് ആരേ മേഖലയിലെ മരങ്ങൾ മുറിച്ചു നീക്കി അവിടെ കാർ ഷെഡ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.

മരം മുറിക്കെതിരെ പരിസ്ഥിതി സ്നേഹികളും നഗരവാസികളും വലിയ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ ശിവസേന അവരെ അനുകൂലിച്ചിരുന്നു. എന്നാൽ, എതിർപ്പ് വകവയ്ക്കാതെ ഫഡ്നാവിസ് സർക്കാർ മരംമുറിയും കാർഷെഡ് നിർമാണവുമായി മുന്നോട്ടു പോവുകയായിരുന്നു. രാത്രി വൻ സന്നാഹവുമായി എത്തിയാണ് 2000 മരങ്ങൾ മുറിച്ചുനീക്കിയത്. നിർമാണ നടപടികളും ആരംഭിച്ചിരിക്കെയാണ് ഇപ്പോൾ അധികാരമാറ്റവും സ്റ്റേയും.

'കാർഷെഡ് നിർമാണം തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. പദ്ധതിയെക്കുറിച്ചും മരംമുറിക്കൽ നടപടിയെക്കുറിച്ചും വിശദമായി പഠിക്കും. രാത്രിയുടെ മറവിൽ മരം മുറിച്ച് പദ്ധതി നടത്തേണ്ട സംസ്കാരത്തെ ഞാൻ അനുകൂലിക്കുന്നില്ല. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഒരു ഇല പോലും മുറിച്ചു നീക്കരുത്'

എന്താണു കാവിക്കുർത്ത ധരിക്കുന്നതെന്ന ചോദ്യത്തിന് ‘അതാണ് ഏറ്റവും ഇഷ്ടപ്പെട്ട നിറം, എത്ര അലക്കിയാലും നിറം മങ്ങില്ലെന്നതാണ് കാരണം’, എന്നായിരുന്നു ഉദ്ധവിന്റെ മറുപടി. മുംബൈയിൽ നിന്നുള്ള ആദ്യ മഹാരാഷ്ട്ര മുഖ്യമന്ത്രി താനാണെന്നു പറഞ്ഞ അദ്ദേഹം, നഗര വികസനത്തിന് ഊന്നൽ നൽകുമെന്നും വ്യക്തമാക്കി. നികുതിദായകരുടെ ഒറ്റപ്പൈസ പോലും വെറുതെ കളയില്ല. ‘മാതോശ്രീയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിലേക്കു മാറുമോ എന്ന ചോദ്യത്തിന് ഉദ്ധവ് കൃത്യമായ ഉത്തരം പറഞ്ഞില്ല.

 

Advertisment