Advertisment

നിരോധനാജ്ഞ ലംഘിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബി.ജെ.പി എം.പിമാരും ഇന്ന് ശബരിമലയിലെത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

Advertisment

യു.ഡി.എഫ്- ബി.ജെ.പി നേതാക്കള്‍ ഇന്ന് ശബരിമലയിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബി.ജെ.പി എം.പി മാരായ നളിന്‍കുമാര്‍ കട്ടീല്‍, വി. മുരളീധരന്‍ എന്നിവരാണ് ഇന്ന് ശബരിമലയില്‍ എത്തുക. നിരോധനാജ്ഞ ലംഘിക്കാനാണ് നേതാക്കള്‍ ശബരിമലയില്‍ എത്തുന്നത്. രാവിലെ പത്തുമണിക്കാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശബരിമലയില്‍ എത്തുക.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. ശബരിമല പോലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യു.ഡി.എഫ് നിലപാട്.  കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് നളിന്‍കുമാര്‍ കട്ടീല്‍.

നിരോധനാജ്ഞ നിലനില്‍ക്കെ പരമാവധി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനാണ് ബി.ജെ.പി നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകണമെന്നും നിര്‍ദ്ദേശം. ഇതിനുവേണ്ടി പ്രത്യേക സര്‍ക്കുലരും ബി.ജെ.പി ഇറക്കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ശബരിമല കര്‍മ്മ സമിതിയും വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ സര്‍ക്കുലര്‍ പുറത്ത് വന്നിരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനാണ് നേതാക്കള്‍ക്കുള്ള നിര്‍ദേശം.

ഡിസംബര്‍ 15 വരെ പ്രവര്‍ത്തകരെ എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈല്‍ നമ്പരും സര്‍ക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ നേതൃത്വവുമായി സംസാരിച്ച് പ്രവര്‍ത്തകരെ എത്തിക്കേണ്ട സ്ഥലംവും സമയവും തീരുമാനിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

അതേസമയം, ശബരിമല യുദ്ധക്കളമാക്കിയതില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹരജി നല്‍കിയവര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ പൊലീസ് നടപടികളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

എല്ലാവര്‍ക്കും അജണ്ടയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയക്കാരുടേയും സമരക്കാരുടേയും കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ അറസ്റ്റല്ലാ പരിഗണനാ വിഷയമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരാണെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്ത് ആളുകളെ എത്തിക്കാന്‍ ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലര്‍ എ.ജി കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചത്.

Advertisment