പാലായില്‍ സ്ഥാനാര്‍ഥി സംഗമം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ! മാസ്കണിയാതെയും നേതാക്കള്‍ കെട്ടിപ്പിടിച്ച് ഹസ്തദാനം നടത്തിയും സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ ! സംഗമം കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിക്ക് കോവിഡ് ! 26 സ്ഥാനാര്‍ഥികളും കെസി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ക്വാറന്‍റൈനില്‍ !

ന്യൂസ് ബ്യൂറോ, പാലാ
Thursday, November 26, 2020

പാലാ: ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്വാറന്‍റൈനും വില്ലനായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ സ്ഥാനാര്‍ഥി സംഗമമാണ് പാലായില്‍ യുഡിഎഫിന് വിനയായി മാറിയത്.

സംഗമത്തില്‍ പങ്കെടുത്ത ടൗണ്‍ വാര്‍ഡ് സ്ഥാനാര്‍ഥി ജോഷി വട്ടക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുഴുവന്‍ സ്ഥാനാര്‍ഥികളും നേതാക്കളും ക്വാറന്‍റൈന് പോകേണ്ടിവരുകയായിരുന്നു.

നഗരസഭയിലെ 26 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍റെ വസതിയിലായിരുന്നു സ്ഥാനാര്‍ഥി സംഗമം നടന്നത്.

സ്ഥാനാര്‍ഥികള്‍ക്കു പുറമെ കെസി ജോസഫ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, വക്കച്ചന്‍ മറ്റത്തില്‍, ടോമി കല്ലാനി, ജോയ് എബ്രഹാം, വയോധികനായ ഇജെ ആഗസ്തി, സജി മ‍ഞ്ഞക്കടമ്പന്‍ തുടങ്ങിയ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തിരുന്നു.

പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും നേതാക്കള്‍ സന്തോഷം പങ്കുവയ്ക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പല നേതാക്കളും മാസ്ക് ധരിക്കാതെയാണ് സംഗമത്തില്‍ ഇരുന്നത്.

മാസ്ക് ഉണ്ടായിരുന്ന ചിലര്‍ അത് കഴുത്തിലാണ് അണിഞ്ഞിരുന്നത്. സ്ഥാനാര്‍ഥികളെ നേതാക്കള്‍ മാറി മാറി ഹാരം അണിയിക്കുന്നു‌ണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒരു സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. സംഗമത്തിനുശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാണ് നേതാക്കള്‍ പിരിഞ്ഞത്.

അതിനുശേഷം സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രചരണത്തിന്‍റെ നിര്‍ണായക സമയത്ത് മുഴുവന്‍ സ്ഥാനാര്‍ഥികളും നേതാക്കളും കൂട്ടത്തോടെ ക്വാറന്‍റൈനില്‍ പോകേണ്ടിവന്നിരിക്കുന്നത്.

പ്രചരണ രംഗത്ത് ഇതേല്‍പ്പിക്കുന്ന ക്ഷീണം ചെറുതല്ല. എന്നാല്‍ ഈ സമയത്ത് സോഷ്യല്‍ മീഡിയവഴിയും ഫോണിലൂടെയും മറ്റും പ്രചരണം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ക്വാറന്‍റൈനില്‍ പോകണമെന്ന വാദമാണ് ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച സ്ഥാനാര്‍ഥി ഉള്‍പ്പെടെ പങ്കെടുത്ത നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധനാ സമയത്ത് ഇടതു സ്ഥാനാര്‍ഥികളും സ്ഥലത്തുണ്ടായിരുന്നു എന്നതാണ് ഇതിനു കാരണമായി പറയുന്നത്.

അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച സ്ഥാനാര്‍ഥിയുമായി  ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുണ്ടെങ്കില്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ഇടതു നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

×