Advertisment

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാണ് പ്രത്യേകം ഒരു കണ്‍വീനറെന്ന് മുഹമ്മദ് റിയാസ്; കണ്‍വീനറാകാന്‍ യോഗ്യന്‍ ആര്‍എസ്എസ് തലവനെന്നും പരിഹാസം; പുതിയ ഇനം ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ റിയാസ് ശ്രദ്ധചെലുത്തണമെന്ന് കെ.എസ്. ശബരീനാഥന്റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാന്‍ രാജിവച്ചതില്‍ പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ. മുഹമ്മദ് റിയാസും റിയാസിന് മറുപടിയുമായി കെ.എസ്. ശബരീനാഥന്‍ എംഎല്‍എയും.

യുഡിഎഫിന് പ്രത്യേക കണ്‍വീനര്‍ ആവശ്യമുണ്ടോയെന്ന് ചോദിച്ച റിയാസ് 'എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി'കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍ എസ് എസ് തലവനല്ലേയെന്നും പരിഹസിച്ചു. ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാണ് പ്രത്യേകം ഒരു കണ്‍വീനറെന്നായിരുന്നു റിയാസിന്റെ ചോദ്യം.

യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല റിയാസെന്നും ഞങ്ങളുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കുവാന്‍ ഞങ്ങള്‍ക്കറിയാമെന്നും ശബരിനാഥന്‍ മറുപടി നല്‍കി. നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എന്‍.ഐ.എ, എന്‍ഫോസ്മെന്റ്, സിബിഐ, സ്റ്റേറ്റ് പോലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോയെന്നും ശബരിനാഥന്‍ ചോദിച്ചു.

ഈ വിഷയങ്ങള്‍ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ റിയാസ് ശ്രദ്ധചെലുത്തണമെന്നും ശബരീനാഥന്‍ പറഞ്ഞു.

ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍

പി.എ. മുഹമ്മദ് റിയാസ്‌

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി.അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?

സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി" കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..?

കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !

കെ.എസ്. ശബരീനാഥന്‍

പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്,

കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്.

നിങ്ങൾ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം.

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റമസ്, NIA, എൻഫോസ്‌മെന്റ്, CBI, സ്റ്റേറ്റ് പോലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു. ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക.

എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്.

അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂ....

സ്നേഹപൂർവ്വം,

Advertisment