Advertisment

ന്യായ് പദ്ധതിക്ക് ഒപ്പം ബില്‍ ഫ്രീ ആശുപത്രിയും ! സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി. ക്ഷേമ പെന്‍ഷന്‍ 2500 രൂപ ! 1000 രൂപയുടെ കിറ്റ്. ശബരിമലയിലെ വിശ്വാസി സംരക്ഷണത്തിനൊപ്പം സഭാ തര്‍ക്കത്തിലും ഫോര്‍മുല ! യുഡിഎഫിന്റെ കരട് പ്രകടനപത്രിക തയ്യാറാകുന്നു !

New Update

publive-image

Advertisment

തിരുവനന്തപുരം: ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക ഒരുങ്ങുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളാണ് ഇത്തവണത്തെ പ്രകടന പത്രികയുടെ പ്രധാന ആകര്‍ഷണമെന്നാണ് സൂചന.

ഇന്നലെ യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്ന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ മാസം അവസാനം തന്നെ പ്രകടന പത്രികയുടെ കരട് പുറത്തുവിടും. ജനകീയ ക്ഷേമ പദ്ധതികള്‍ക്കാണ് യുഡിഎഫ് പ്രഥമ പരിഗണന നല്‍കുന്നത്.

എല്‍ഡിഎഫിന്റെ കിറ്റിനും ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തലിനും യുഡിഎഫും പ്രാധാന്യം നല്‍കുന്നുണ്ട്. പെന്‍ഷന്‍ തുക 2500 രൂപയായി ഉയര്‍ത്താനാണ് സാധ്യത. കിറ്റ് 500ന് പകരം 1000 രൂപയുടേതാക്കി മാറ്റും.

സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കും. കാന്‍സര്‍, വൃക്ക രോഗമുള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി രൂപീകരിക്കും.

ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രഥമ പരിഗണനയുണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് സൂചനകള്‍. യുഡിഎഫ് പ്രകടനപത്രികയുടെ കരട് ഉടന്‍ പുറത്തുവിടും.

യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പ് ശശി തരൂരും ബെന്നി ബെഹന്നാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വിവിധ മേഖലകളിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് പ്രകടനപത്രിക തയാറായിരിക്കുന്നത്.

ന്യായ് പദ്ധതി അടക്കം പ്രകടനപത്രികയിലുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ബില്‍ ഫ്രീ ആശുപത്രിയും പ്രകടന പത്രികയിലുണ്ടാകും. ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും യുഡിഎഫിന്റെ പ്രകടനപത്രികയിലുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ലോണുകള്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

മദ്യനയത്തിലും കാര്യമായ മാറ്റമുണ്ടാകും. മദ്യ നിരോധനമല്ല; മദ്യ വര്‍ജ്ജനം തന്നെയാകും ഇത്തവണ യുഡിഎഫ് മുമ്പോട്ടു വയ്ക്കുക.

 

udf trivandrum news
Advertisment