Advertisment

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് ! ലീഗിന് 26 സീറ്റുകൾ ലഭിക്കും ! ജോസഫിന് പരമാവധി നൽകുക ഒൻപതു സീറ്റുകൾ മാത്രം. ലീഗിനെ മുൻനിർത്തി ജോസഫിനെ അനുനയിപ്പിക്കും. തെക്കൻ കേരളത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റിൽ മത്സരിക്കും. ശബരിമല മുഖ്യവിഷയമാക്കുന്നത് തന്നെ തെക്കൻ കേരളം പിടിക്കുക ലക്ഷ്യമിട്ട്. മാർച്ച് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫ് !

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്ര പാതി ജില്ലകൾ പിന്നിടുന്നതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലേക്ക്. മുസ്ലിംലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയാക്കിയ കോൺഗ്രസ് പിജെ ജോസഫിനെ മെരുക്കാനുള്ള തന്ത്രത്തിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. അതുകൊണ്ടു തന്നെ അധിക സീറ്റ് വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് കോണ്‍ഗ്രസ് വഴങ്ങിയേക്കില്ല.

50 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മാത്രമേ യുഡിഎഫിന് അധികാരത്തിലെത്താനാവു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. 50 മണ്ഡലങ്ങളെ എ ക്ലാസ് സീറ്റായി പരിഗണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളുറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ശബരിമല വിഷയം പ്രചരണായുധമാക്കുന്നതിന് പിന്നിലെ ലക്ഷ്യവും ഇതാണെന്നാണ് സൂചന.

മുസ്ലിം ലീഗ് 20 സീറ്റിന് മുകളില്‍ നേടുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകളേക്കാള്‍ കൂടുതല്‍ വേണമെന്ന ലീഗിൻ്റെ ആവശ്യം പരിഗണിച്ചേക്കില്ല. ആറ് സീറ്റുകള്‍ക്കൂടി അധികം വേണമെന്നാണ് ലീഗ് മുന്നണിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാൽ രണ്ട് സീറ്റുകള്‍ കൂടുതല്‍ നല്‍കാമെന്നും ഒരു പൊതുസ്വതന്ത്രനെ നിര്‍ത്താമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ഇത് ലീഗ് തത്വത്തിൽ അംഗികരിച്ചിട്ടുണ്ട്.

സിപിഎമ്മുമായി ലീഗ് മത്സരം കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അധികം രണ്ട് സീറ്റുകള്‍ എന്നതിനെ ലീഗ് അനുകൂലിച്ചേക്കും. തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് പുറമെയുള്ള സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി വോട്ടുനേടിക്കൊടുക്കുക എന്ന തീരുമാനത്തിലേക്കാണ് ലീഗ് കടക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചെന്ന കാരണം മുന്‍നിര്‍ത്തി സീറ്റുകളില്‍ അവകാശ വാദമുന്നയിക്കാന്‍ കോൺഗ്രസിലെ ഗ്രൂപ്പുകളെയും അനുവദിക്കില്ല.

ലീഗ് ഇത്തരത്തിലൊരു ധാരണയിലെത്തുന്നതോടെ കൂടുതല്‍ സീറ്റുകളെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് തടയിടാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നത് മുന്‍നിര്‍ത്തി 13 സീറ്റുകള്‍ വേണമെന്ന ജോസഫിന്റെ ആവശ്യത്തെ ദുര്‍ബലപ്പെടുത്താനാവും. ജോസഫിന് ഒമ്പത് സീറ്റുകളില്‍ അധികം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായമെന്നാണ് വിവരം.

ഇക്കാര്യങ്ങളോട് ലീഗും ജോസഫും സമ്മതമറിയിച്ചാല്‍ സീറ്റ് വിഭജന തീരുമാനത്തിലേക്ക് യുഡിഎഫ് കടക്കും. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ത്തന്നെ സ്ഥാാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്കെത്തിക്കാനാവും എന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാവും അന്തിമപട്ടികയ്ക്ക് രൂപം നല്‍കുക.

പിജെ ജോസഫിന് തൊടുപുഴ, ഇടുക്കി, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല, ചങ്ങനാശേരി, തിരുവമ്പാടി / പേരാമ്പ്ര / തളിപ്പറമ്പ് സീറ്റുകൾ മാത്രമാകും നൽകുക. ഒമ്പതിനപ്പുറം സീറ്റില്ലെന്ന് തന്നെയാണ് നേതൃത്വം നൽകുന്ന സൂചന.

pj joseph udf trivandrum news
Advertisment