Advertisment

പറവൂര്‍ വിട്ട് വൈപ്പിന്‍ പിടിക്കാന്‍ വിഡി സതീശന്‍ ? സതീശനില്ലെങ്കില്‍ സിനിമാതാരം സലീം കുമാര്‍ മത്സരിച്ചേക്കും. ആലുവായില്‍ അന്‍വര്‍ സാദത്തിന് പകരം യുവനേതാവ്. തൃപ്പൂണിത്തുറയില്‍ വീണ്ടും സജീവമായി കെ ബാബു. തൃക്കാക്കരയില്‍ പി.ടി തന്നെ. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനും പരിഗണനയില്‍. കളമശേരിയില്‍ മലപ്പുറത്തുനിന്നും സ്ഥാനാര്‍ത്ഥിയെത്തുമോ ? എറണാകുളത്ത് യുഡിഎഫിന്റെ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ...

New Update

publive-image

Advertisment

കൊച്ചി: എറണാകുളം ജില്ല എക്കാലത്തും യുഡിഎഫിന്റെ ഉറച്ചകോട്ട എന്നുതന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും വീഴാതെ നിന്ന യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നു എന്നുതന്നെ ജില്ലയെ വിശേഷിപ്പിക്കാം. ആകെയുള്ള 14 സീറ്റില്‍ കവിഞ്ഞ തവണ ഒന്‍പതിടത്തും യുഡിഎഫിന് വിജയിക്കാനായിരുന്നു.

ഇക്കുറി എറണാകുളത്ത് കൂടുതല്‍ സീറ്റ് നേടുക എന്നതു തന്നെയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിനനുസരിച്ച് കൂടുതല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുക എന്നതും മുന്നണി ലക്ഷ്യമിടുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസ് 10 സീറ്റിലും ലീഗ് ഒരു സീറ്റിലും കേരളാ കോണ്‍ഗ്രസ് ജേക്കബ്, ജോസ് വിഭാഗങ്ങള്‍ ഓരോ സീറ്റിലുമാകും മത്സരിക്കുക.

എറണാകുളം ജില്ലയില്‍ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്. പെരുമ്പാവൂരോ കോതമംഗലമോ ആണ് ലീഗ് ആഗ്രഹിക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് ഇത് അംഗീകരിക്കാനിടയില്ല.

എറണാകുളം ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ വൈപ്പിന്‍ പിടിക്കാനുള്ള തന്ത്രമാണ് ഇക്കുറി കോണ്‍ഗ്രസ് പയറ്റുക. അതിനായി പറവൂര്‍ എംഎല്‍എ വിഡി സതീശനെ നിയോഗിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പറവൂരില്‍ സിനിമാതാരമായ സലീംകുമാറിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.

പഠനകാലംതൊട്ട് കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ് സലീം കുമാര്‍. കഴിഞ്ഞ തവണ സിപിഎം സിനിമാ താരങ്ങളെ മത്സരിപ്പിച്ച അതേ സാധ്യത ഇക്കുറി പരീക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം. പറവൂര്‍ വിട്ടു മാറി മത്സരിക്കാന്‍ വിഡി സതീശന്‍ സമ്മതിച്ചില്ലെങ്കില്‍ സലീംകുമാറിനെ വൈപ്പിനില്‍ മത്സരിപ്പിക്കും.

കഴിഞ്ഞതവണ കൈവിട്ടുപോയ കൊച്ചിയില്‍ ഇക്കുറിയും സീറ്റിനായി മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ രംഗത്തുണ്ട്. എ വിഭാഗത്തിന്റെ ഈ സീറ്റില്‍ കണ്ണുവച്ച് മുന്‍ മേയര്‍ ടോണി ചമ്മണിയും ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ടുതവണ ആലുവായില്‍ വിജയിച്ച അന്‍വര്‍ സാദത്തിനെ മാറ്റി യുവനേതാവായ ഷിയാസ് മുഹമ്മദിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.

publive-image

അങ്കമാലി റോജി എം ജോണ്‍, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി, തൃക്കാക്കരയില്‍ പിടി തോമസ്, എറണാകുളത്ത് ടിജെ വിനോദ് എന്നിവര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട മുന്‍ മന്ത്രി കെ ബാബുതന്നെ വീണ്ടും മത്സരിക്കും. തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കെ ബാബു വീണ്ടും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

മൂവാറ്റുപുഴ മണ്ഡലമാണ് സ്ഥാനാര്‍ത്ഥി മാറാനിടയുള്ള മറ്റൊരു മണ്ഡലം. കോട്ടയം ജില്ലയിലെ മൂന്നു സീറ്റുകളില്‍ പേരു കേള്‍ക്കുന്ന ജോസഫ് വാഴയ്ക്കന്‍ മാറിയാല്‍ പകരം മാത്യു കുഴല്‍നാടന്റെ പേരിനാണ് മൂവാറ്റുപുഴയില്‍ മുന്‍തൂക്കം. എന്നാല്‍ യാക്കോബായ വിഭാഗത്തിലെ ഒരു നേതാവിനായി ചിലര്‍ ഇവിടെ ശ്രമം നടത്തുന്നുണ്ട്.

കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കും. പിറവവും കോതമംഗലവും ഘടകകക്ഷികളുടെ സീറ്റാണ്. കോതമംഗലം ജോസഫ് വിഭാഗത്തിന് തന്നെ നല്‍കിയാല്‍ ഫ്രാന്‍സിസ് ജോര്‍ജ്, ഷിബു തെക്കുംപുറം എന്നിവരുടെ പേരിനാണ് മുന്‍ഗണന. ജോസഫ് വിഭാഗത്തിലേക്ക് എത്തിയ ജോണി നെല്ലൂരിന് ഇക്കുറിയും സീറ്റ് കിട്ടാനിടയില്ലെന്നാണ് സൂചന.

കളമശേരിയില്‍ ലീഗിന് ഇക്കുറി പുതുമുഖമായിരിക്കും മത്സരിക്കുക. വികെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നത് മുന്നണിയിലെ പല സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

Advertisment