അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് ഓര്‍ഡര്‍ ചെയ്ത 19 കാരന് യുകെ കോടതി 8 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, January 13, 2018

ലണ്ടൻ: അച്ഛനെ കൊല്ലാന്‍ ബോംബ് ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച പത്തൊമ്പതുകാരന് യുകെ കോടതി 8വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവക്കാണ് കോടതി ശിക്ഷിച്ചത്.

സ്വദേശി യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനോട് മകന് വൈരാഗ്യം തോന്നാന്‍ കാരണം .

“കാമുകിയോടൊപ്പം ജീവിക്കാനും സര്‍വ്വകലാശാലയില്‍ പഠനം തുടരാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു.

എന്നാല്‍ ആഗ്രഹിച്ച കാര്യം നേടാന്‍ സ്വന്തം അച്ഛന്റെ ജീവന്‍ അപകടപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്” വിധി പുറപ്പെടുവിക്കവെ ജഡ്ജി പറഞ്ഞു.

ഓണ്‍ലൈനായി ഗുര്‍ജിത് കാര്‍ബോംബ് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു ഇതിനു പകരം വെച്ച് അയച്ചു കൊടുക്കുകയായിരുന്നു.

ഓണ്‍ലൈനായി കാര്‍ബോംബിന് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ്. ലിവർപൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് കോടതി ശിക്ഷ വിധിച്ചത്

×