Advertisment

കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാന്‍ ഉല്ലാസ് റെഡി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ഉല്ലാസ് തോമസ് എന്ന കര്‍ഷക പുത്രന്‍...

New Update

publive-image

Advertisment

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഉല്ലാസ് തോമസിനെ തെരഞ്ഞെടുത്തു. കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് തോമസ് തെരഞ്ഞെടുക്കപെട്ടത്. ആദ്യ മൂന്നു വര്‍ഷമാണ് ഉല്ലാസ് തോമസ് പ്രസിഡന്റാവുക. ശേഷിക്കുന്ന രണ്ട് വര്‍ഷം എ ഗ്രൂപ്പിലെ മനോജ് മുത്തേടന്‍ പ്രസിഡന്റാകും.

പ്രസിഡന്റ് സ്ഥാനത്തിനുള്ള ധാരണ പ്രകാരം ആദ്യ മൂന്ന വര്‍ഷം ഐ ഗ്രൂപ്പിനും ശേഷിക്കുന്ന രണ്ട് വര്‍ഷം ഐ ഗ്രൂപ്പിനുമാണ് ഭരണം. എ ഗ്രൂപ്പിലെ ഒക്കല്‍ ഡിവിഷന്‍ അംഗം ഷൈനി ജോര്‍ജ് ആദ്യ ടേമില്‍ വൈസ് പ്രസിഡന്റ് ആകും.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഉല്ലാസിന്റെ പേര് മനോജ് മുത്തേടന്‍ നിര്‍ദേശിച്ചു. ദീപു കുഞ്ഞുകുട്ടി പിന്താങ്ങി. രണ്ടാം ടേമിലേക്ക് മനോജ് മുത്തേടന്റെ പേര് രവീദ്രന്‍ നിര്‍ദേശിച്ചു. യേശുദാസ് പിന്താങ്ങി. വോട്ടെടുപ്പില്‍ ട്വന്റി 20 അംഗങ്ങളായ നാസര്‍, അഡ്വ. ഉമാമഹേശ്വരി എന്നിവര്‍ വിട്ടു നിന്നു. യുഡിഎഫ് 16, എല്‍ഡിഎഫ് 9.

കര്‍ഷക മനസ് തൊട്ടറിഞ്ഞ എളിമയുടെ ആള്‍രൂപമായ ഉല്ലാസ് കഴിഞ്ഞ 25 വര്‍ഷത്തിലുപരിയായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. ആവോലി മുന്‍ മെമ്പര്‍മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി, ഡോളി കുര്യാക്കോസ് എന്നിവരുടെ പാത പിന്തുടര്‍ന്നെത്തുന്ന ഉല്ലാസ് കാര്‍ഷിക വ്യവസായ മേഖലയില്‍ പുത്തന്‍ ഉണര്‍വാകും.

16 വര്‍ഷം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാലക്കുഴ കരോട്ട് പുത്തന്‍പുരയില്‍ കെ.എ. തോമസിന്റെ മകനായ ഉല്ലാസ് തോമസ് പിതാവിന്റെ പാത പിന്‍തുടര്‍ന്ന് കൂടിയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. കൈവച്ച മേഖലകളിലൊക്കെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് വിജയ കൊടി പാറിച്ച പരിചിത മുഖമാണ് ഉല്ലാസിന്റേത്.

കാര്‍ഷിക വ്യാവസായിക മേഖലയുടേതടക്കം പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഉല്ലാസ് നാളിതുവരെ പ്രവര്‍ത്തിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം നിന്ന് പൊരുതാന്‍ നേതൃത്വ പാടവമുള്ള പൊതുപ്രവര്‍ത്തകനാണ് ഉല്ലാസ്. കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചൊല്ലുന്ന ഭരണകൂടങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കായി വാദിക്കാന്‍ കാര്‍ഷിക മേഖലയെ അടുത്തറിയുന്ന ഈ പൊതുപ്രവര്‍ത്തകന് കഴിയുമെന്നതില്‍ സംശയമില്ല.

ആവോലിയുടെ ഉപജീവനമാര്‍ഗമായ പൈനാപ്പിള്‍ കൃഷിക്ക് കൂടുതല്‍ കരുത്ത് പകരുന്ന പദ്ധതികളാവിഷ്‌കരിക്കുവാനും കര്‍ഷകനെയറിയുന്ന ഈ നേതാവിന് കഴിയും. പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനും കര്‍ഷകരുടെ ദുരിതങ്ങളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഉല്ലാസിന് കഴിയുമെന്ന വിശ്വാസം കര്‍ഷകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ ഉല്ലാസ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം മറ്റ് പ്രവര്‍ത്തന മേഖലകളിലും നിറ സാനിധ്യമാണ്. കൈവച്ച മേഖലകളിലെല്ലാം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുന്നതിലും പൊതു സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും ഉല്ലാസിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കാലത്തെ ഉല്ലാസിന്റെ പ്രവര്‍ത്തന മികവ് തന്നെയാണ് അദ്ദേഹത്തിനുള്ള ജനസമ്മതിയും പൊതുസമൂഹത്തിന് മുന്നില്‍ എതിരാളികളില്ലാതെ മുന്നേറ്റം നടത്താന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയ്ക്കും പിന്നിലെന്ന് നിസംശയം പറയാം.

സൗഹൃദയന്‍, രാഷ്ട്രീയത്തിന് പുറത്ത് പോലും വലിയ സൗഹ്യദ മേഖലയുടെ ഉടമ. താന്‍ നില്‍ക്കുന്ന, പ്രവര്‍ത്തിക്കുന്ന മേഖലകള്‍ക്കായി എന്തും നേടിയെടുക്കാനുളള ഇച്ചാശക്തിയുള്ള ആള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള വ്യക്തിയാണ് ഉല്ലാസ്. കര്‍ഷകര്‍ക്കൊപ്പം എന്നും നിലയൊറപ്പിച്ചിട്ടുള്ള ഉല്ലാസിന്റെ നേതൃത്വത്തിലാണ് നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി കോക്കനട്ട് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി 2013- 2014 കാലഘട്ടത്തില്‍ രൂപീകരിച്ചത്.

ഇത് കൂടാതെ സാമൂഹിക സേവന രംഗത്തെ സന്നദ്ധ സംഘടനായ വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ കൂത്താട്ടുകുളം മേഖലയില്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി. കൂത്താട്ടുകുളം ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഉല്ലാസ് നാലു വര്‍ഷക്കാലം പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേരള എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ കൂത്താട്ടുകുളത്തുള്ള ബാപ്പുജി സ്‌കൂളിന്റെ പി.ടി.എ. പ്രസിഡന്റായും ഉല്ലാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് മാതൃക ആയ സമന്വയം പരിപാടി മുത്തശ്ശന്‍- മുത്തശ്ശിമാരുടെ സംഗമ വേദിയായി മാറി. പഠനത്തോടൊപ്പം ഉല്ലാസവും എന്ന ലക്ഷ്യം കൈവരിച്ച പദ്ധതി പിന്നീട് സംസ്ഥാനം ഏറ്റെടുത്ത് നടപ്പാക്കിയത് ഉല്ലാസിന്റെ നേതൃപാടവത്തിന് ലഭിച്ച അംഗീകാരമായിരുന്നു.

2008 മുതല്‍ ഇടവകപ്പള്ളിയായ പാലക്കുഴ സെ. ജോണ്‍സ് യാക്കോബായ പള്ളിയില്‍ എക്‌സ്യക്യൂട്ടിവ് അംഗമായി തുടരുന്നു. 2012- 2018 വരെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 2009 ല്‍ കൂത്താട്ടകുളം സ്പാര്‍ട്ടന്‍സ് ഫുടബോള്‍ ക്ലബ് രക്ഷാധികാരിയായി ചുമതലയേറ്റു.

ഇക്കാലയളവില്‍ കൂത്താട്ടുകുളത്ത് താത്കാലിക ഗ്യാലറി നിര്‍മ്മിച്ച് സംസ്ഥാനതലത്തിലുള്ള പ്രമുഖ ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കായിക രംഗത്തും ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഉല്ലാസ്. 2015 മുതല്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള അഞ്ച് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ചുമതലയുള്ള സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

1979 മുതല്‍ തുടര്‍ച്ചയായി 16 വര്‍ഷം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാലക്കുഴ കരോട്ട് പുത്തന്‍പുരയില്‍ കെ.എ. തോമസിന്റെ മകനായ ഉല്ലാസ് തോമസ്് പിതാവ് കെ.എ തോമസിനോടൊപ്പം പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ എല്ലായിടത്തും സാനിദ്ധ്യം തെളിയിച്ചു. 1982 മുതല്‍ നടന്ന പഞ്ചായത്ത്, നിയമസഭ പാര്‍ലമെന്റ്, സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം ഉല്ലാസ് തോമസ് സജീവമായി പ്രവര്‍ത്തിച്ചു.

1990 ല്‍ പാലക്കുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1995 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി പാലക്കുഴ പഞ്ചായത്ത് തെരഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണത്തില്‍ പങ്കാളിയായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

1997 മുതല്‍ 14 വര്‍ഷക്കാലം പാമ്പാക്കുട ബ്ലോക്ക് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2000 ല്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും മത്സരിച്ച് വിജയിച്ചു. 2003 മുതല്‍ കൂത്താട്ടുകുളം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി എക്‌സിക്യൂട്ടിവ് മെമ്പര്‍ ആയും. 2004 ല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005 ല്‍ ജില്ലാ പഞ്ചായത്ത് കൂത്താട്ടുകുളം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി മത്സരിച്ചെങ്കിലും അന്നത്തേ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിജയത്തിന് തടസമായി.

ഇക്കാലയളവിനുള്ളില്‍ തന്നെ ഉല്ലാസ് പൊതുരംഗത്ത് തന്റെ നേതൃപാടവവും പഞ്ചായത്തിലെ വികസനത്തിലും മാതൃകയാകുകയും ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2010 ല്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ പാലക്കുഴ ഡിവിഷനില്‍ മത്സരിച്ചു വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി രണ്ടരവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ കണ്ടെത്തി ഏകോപിപ്പിച്ച് നടപ്പിലാക്കി. പൊതുപ്രവര്‍ത്തന രംഗത്ത് തന്റേതായ കഴിവ് തെളിയിച്ച ഉല്ലാസ് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട എല്ലാ സര്‍ക്കാര്‍ ആനുകൂല്യവും അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

ഐ.എ.വൈ.ഭവന പദ്ധതി പ്രകാരം 2010 -2013 കാലയളവില്‍ 550 പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഉല്ലാസിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. പാലക്കുഴ കാവുംഭാഗത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചു, വനിതാ വാര്‍ഡും പുതിയ പേ വാര്‍ഡും യാഥാര്‍ത്ഥ്യമാക്കി, ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍, സാനിറ്റൈസര്‍, കുക്ക് തുടങ്ങിയ പുതിയ തസ്തികകള്‍ അനുവദിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

കൂടാതെ, കൂത്താട്ടുകുളം പിറവം രാമമംഗലം പാമ്പാക്കുട എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തന്നതിനും നേതൃത്വം നല്‍കി. എന്‍.ആര്‍.എച്ച്.എം ന്റെ സഹകരണത്തോടെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ മദര്‍ & ചൈല്‍ഡ് വാര്‍ഡിന് വേണ്ടി ഫണ്ട് അനുവദിപ്പിക്കുന്നതിനും പണികള്‍ പൂര്‍ത്തിയാക്കുന്നതിനും നേതൃത്വം നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെന്റല്‍ വിഭാഗം ആരംഭിക്കുകയും ഡന്റിസ്റ്റിന്റെ തസ്തിക അനുവദിപ്പിക്കുകയും നിയമിക്കുകയും ചെയ്തു.

പാലക്കുഴ ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ ഫ്‌ള്ഡ് റീലീഫ് ഫണ്ട്, എം.പി., എം.എല്‍.എ ഫണ്ടുകള്‍, റോഡു ഫണ്ട് ഗ്രാന്റ്, ജില്ലാ -ബ്ലോക്ക് ഫണ്ട്, പി.എം.ജി.എസ്.വൈ എന്നിവ ഉപയോഗപ്പെടുത്തി സഞ്ചാര യോഗ്യമാക്കി. പാലക്കുഴ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ആലപ്പുഴ- തേനി ഹൈവേയുടെ ഒലിയപ്പുറം മുതല്‍ മാറിക വരെയുള്ള ഭാഗം ഉയര്‍ന്ന നിലവാരത്തില്‍ ബി.എം.ബി.സി ടാറിംഗിന് ഫണ്ട് അനുവദിപ്പിക്കുകയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പാലക്കുഴ കരിമ്പനയില്‍ വനിതകള്‍ക്ക് തയ്യല്‍ പരിശീലനം കേന്ദ്രം തുടങ്ങുകയും തയ്യല്‍ യന്ത്രങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്തു.

കൂത്താട്ടുകുളത്തും മൂവാറ്റുപുഴയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉല്ലാസ് കര്‍ണാടകയില്‍ ഡി.ആര്‍.എം. സെയിന്റ്‌സ് കോളജില്‍ നിന്ന് പ്രീ. യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്ട്രഷന്‍ ബിരുദവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്ന് പി.ജി.ഡി.സി.എയും പൂര്‍ത്തിയാക്കി.

പാലക്കുഴ കരോട്ട് പുത്തന്‍പുരയില്‍ കെ.എ. തോമസിന്റെയും മറിയാമ തോമസിന്റെയും മകനാണ് ഉല്ലാസ് തോമസ്. എലിസബത് ഉല്ലാസ് ആണ് ഭാര്യ. മക്കള്‍: ആന്‍മറിയം ഉല്ലാസ് (B.Arch മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി), ഷേബാ ലിസ് ഉല്ലാസ് (LLB ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി) തോമസ് ആന്റോ ഉല്ലാസ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി).

kochi news
Advertisment