Advertisment

ക്രിക്കറ്റിൽനിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയുകയായിരുന്നു; ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകൾ വേണ്ടെന്ന രീതി, മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ല 

New Update

ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ പാക്കിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ക്രിക്കറ്റിൽനിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയുകയായിരുന്നെന്നും കനേരിയ ട്വിറ്ററിൽ ആരോപിച്ചു. ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകൾ വേണ്ടെന്ന രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ല– താരം ആരോപിച്ചു.

Advertisment

publive-image

എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടു ലഭിച്ചില്ലെന്നും ആർക്കെങ്കിലും പറയാമോ?. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണോ നയങ്ങൾ ബാധകമാകുക. ഞാനൊരു ഹിന്ദുവാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അതാണ് ധർമം– കനേരിയ ട്വിറ്ററിൽ കുറിച്ചു. ഉമർ അക്മലിന് മൂന്ന് വർഷത്തെ വിലക്കാണു നല്‍കിയിരുന്നത്. ഇത് 18 മാസമാക്കി ചുരുക്കാനായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.

ക്രിക്കറ്റിലെ വിലക്കിനെതിരെ ഡാനിഷ് കനേരിയയും പാക്കിസ്ഥാന്‍ ബോർഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സമീപിക്കാനായിരുന്നു പാക്കിസ്ഥാന്റെ മറുപടി. ഇംഗ്ലണ്ട് ടീമായ എസെക്സിനു വേണ്ടി 2009ൽ കളിക്കുന്ന സമയത്താണ് വാതുവെപ്പ് കേസിൽ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കുന്നത്. ഒത്തുകളി വിവാദങ്ങളും വാതുവെപ്പുകേസുകളും പതിവായ പാക്കിസ്ഥാൻ ക്രിക്കറ്റിൽ 2010ന് ശേഷം ഡാനിഷ് കനേരിയ കളിച്ചിട്ടില്ല.

പാക്കിസ്ഥാൻ ടീമിൽ കളിച്ചിരുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡാനിഷ് കനേരിയ നേരത്തേ തന്നെ തുറന്നുപറഞ്ഞിരുന്നു. ഡാനിഷ് കനേരിയയുടെ ദുരനുഭവങ്ങൾ പാക്കിസ്ഥാൻ താരമായിരുന്ന ശുഐബ് അക്തറും വെളിപ്പെടുത്തിയിരുന്നു. ഹിന്ദു വിശ്വാസി ആയതിനാൽ ചില താരങ്ങൾക്ക് കനേരിയയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിനു പോലും ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണു അക്തർ പറഞ്ഞത്.

വാതുവെപ്പ് സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഉമർ അക്മലിനെതിരെ മൂന്ന് വര്‍ഷത്തെ വിലക്ക് ഏർപെടുത്തിയത്. എന്നാൽ ബുധനാഴ്ച ഈ നടപടി 18 മാസമായി ചുരുക്കുകയായിരുന്നു. തീരുമാനത്തിൽ തൃപ്തനല്ലെന്നാണ് ഉമർ അക്മൽ പ്രതികരിച്ചത്. മറ്റു താരങ്ങൾക്ക് ഇതേ കുറ്റത്തിന് വളരെ കുറഞ്ഞ ശിക്ഷകളാണു ലഭിച്ചത്. ഞാൻ തൃപ്തനല്ല. അഭിഭാഷകരുമായി ചർച്ച ചെയ്തു ശിക്ഷ കുറയ്ക്കാൻ ശ്രമിക്കുമെന്നും ഉമർ അക്മൽ പ്രതികരിച്ചു.

sports news dansh kaneria
Advertisment