Advertisment

സഹായത്തിനായി വിളിച്ചത് പിണറായിയെ, കോള്‍ അറ്റന്‍ഡ് ചെയ്തത് ഉമ്മന്‍ചാണ്ടി ; ആവശ്യം അറിയിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സഹായം കോയമ്പത്തൂരിലെ ഹോസ്റ്റലിലെത്തി !!

New Update

തിരൂര്‍ : ലോക്ഡൗണിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനികള്‍ സഹായത്തിനായി മുഖ്യമന്ത്രിയുടെ നമ്പര്‍ എന്ന് കരുതി വിളിച്ചത് മുന്‍മുഖ്യമന്ത്രിയെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറാണെന്ന് കരുതി പ്രതീക്ഷയോടെ വിളിച്ചപ്പോഴാണ് അപ്രതീക്ഷിതമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശബ്ദം മറുതലക്കല്‍ കേള്‍ക്കുന്നത്.

Advertisment

publive-image

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി പരിശീലനത്തിന് എത്തിയ 6 മലയാളി വിദ്യാര്‍ത്ഥിനികളാണ്‌ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഇല്ലാതെ വലഞ്ഞത്. തുടര്‍ന്ന് ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടകയിലെ മലയാളിയായ പൊതു പ്രവര്‍ത്തകന്‍ ഡി.കെ ബ്രിജേഷിനെ വിളിക്കുകയായിരുന്നു.

ബ്രിജേഷാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ നമ്പര്‍ നല്‍കിയത്. മുന്‍മുഖ്യമന്ത്രിയുടെ നമ്പര്‍ ആണ്, ആവശ്യമുള്ള സഹായം മുന്‍മുഖ്യമന്ത്രി എത്തിക്കുമെന്ന് ബ്രിജേഷ് പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിനികള്‍ കേട്ടത് മുഖ്യമന്ത്രിയുടെ നമ്പര്‍ എന്നായിരുന്നു. തുടര്‍ന്നാണ് പിണറായി വിജയനെന്ന് കരുതി വിളിച്ച ഫോണ്‍കോള്‍ ഉമ്മന്‍ചാണ്ടിയിലേക്ക് എത്തുന്നത്.

ഉമ്മൻ ചാണ്ടി കാര്യങ്ങൾ അന്വേഷിക്കുകയും വൈകിട്ട് 5 മണിക്ക് ഒരാൾ വിളിക്കുമെന്നറിയിക്കുകയും ചെയ്തു. വൈകിട്ട് കൃത്യ സമയത്തു തന്നെ വിളിച്ച ആൾ കുട്ടികളുടെ ആവശ്യങ്ങൾ തിരക്കി. നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും കുട്ടികൾ അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടൻ താമസ സ്ഥലത്ത് എത്തി.

തുടർന്ന് 2 തവണ ഉമ്മൻചാണ്ടി വിദ്യാർഥിനികളെ തിരിച്ചു വിളിച്ച് ക്ഷേമം അന്വേഷിക്കുകയും ചെയ്തതോടെ തിരൂർ,തൃപ്രങ്ങോട്, അരീക്കോട്, എടപ്പാൾ, വൈരങ്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളായ സജ്ന, മുഹ്സിന, ശാമിലി, മുഫീദ, അമൃത, മുഹ്സിന എന്നിവർക്ക് ഏറെ ആശ്വാസമായി.

cm pinarayi umman chani
Advertisment