Advertisment

പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകം: ഉമ്മന്‍ചാണ്ടി

New Update

തിരുവനന്തപുരം:  കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Advertisment

publive-image

100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020).

തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.

യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ് കാരുണ്യ പദ്ധതിയുമായി മുന്നോട്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി.

ആരോഗ്യവകുപ്പിന്റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കം.

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി മാണി സാറിന്റെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയായിരുന്നു ഇത്.

കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലൂടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്. 2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.

കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ummenchandy response karunnya project
Advertisment