Advertisment

നേരം പുലർന്നപ്പോൾ അപ്രതീക്ഷിത ഹർത്താൽ;ഓഫീസുകളിൽ എത്തേണ്ടവരും ചികിത്സയ്ക്കായി ഇറങ്ങിയവരും പെരുവഴിയിൽ,ഹർത്താൽ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ തടഞ്ഞു;കല്ലേറും

New Update

ഹിന്ദു ഐക്യവേദി പ്രസിഡന്റെ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച് ഹര്‍ത്താല്‍ തുടങ്ങി. പലയിടങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. സുരക്ഷയൊരുക്കിയാല്‍ സര്‍വ്വീസ് നടത്താമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുമുണ്ട്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ച പുലര്‍ച്ചെ അറിയിച്ച ഹര്‍ത്താല്‍ ഭൂരിഭാഗം പേരും അറിഞ്ഞിട്ടില്ല. ഓഫീസുകളിലേക്കും മറ്റും പോകുന്നവരെയാണ് ഹര്‍ത്താല്‍ ഏറെ ബാധിച്ചിരിക്കുന്നത്. ചികിത്സക്കായി പോകുന്നവരും ബുദ്ധിമുട്ടിലായി. ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ അടക്കമുളളവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്.

പലയിടത്തും ഓട്ടോ ടാക്‌സി അടക്കം ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വിവിധ ജില്ലകളില്‍ നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകള്‍ മാറ്റിവെച്ചു. വയനാട് ജില്ലാ കലോത്സവം നാളത്തേക്ക് മാറ്റി. കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇന്ന നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി.

പൊലീസ് നിയന്ത്രണങ്ങള്‍ വെല്ലുവിളിച്ച് രാത്രി മല കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് പൊലീസിനെ വെല്ലുവിളിച്ചാണ് ശശികല മലകയറാന്‍ തുടങ്ങിയത്. രാത്രി തങ്ങാനാകില്ലെന്ന് നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവ റാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

Advertisment