തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസില്‍ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്ന പ്രചരണം പൊളിഞ്ഞു. തിങ്കളാഴ്ച കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഓഫീസ് പരിശോധിച്ചപ്പോള്‍ അവിടെ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകള്‍ കിട്ടിയിരുന്നു.
വകുപ്പുമേധാവിയായ അധ്യാപകന്റെ സീലും ഇതോടൊപ്പം കണ്ടെത്തി. ഈ വിവരം ചൊവ്വാഴ്ചത്തെ ദേശാഭിമാനിയില്‍ പ്രധാന വാര്‍ത്തയോടൊപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഓഫീസില്‍നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത് സംബന്ധിച്ച് ദേശാഭിമാനി അടക്കമുള്ളവ നല്കിയ റിപ്പോര്‍ട്ട്.
സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ അടക്കം ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും മറ്റു പത്രങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന പ്രചരണമാണ് ഇടത് കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കുന്നത്.
ഉത്തരക്കടലാസിനൊപ്പം സര്‍വ്വകലാശാല കലോത്സവത്തിനുള്ള റജിസ്ട്രേഷന് ഫോമുകളും മറ്റു രേഖകളും അവിടെ നിന്നും പിടിച്ചെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെ കോളേജ് അധികൃതര്‍ യൂണിറ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചത്. ഇവിടെ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുക്കുന്നത് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. റജിസ്ട്രേഷന് നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസ് സെറ്റുകളാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്.
സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിച്ചിരുന്ന ഓഫീസ് റൂമിലെ ഒരു അലമാരയില്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഇവ വാരിവലിച്ചിട്ട നിലയിലായിരുന്നു. റജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെ എഴുതേണ്ട ഉത്തരക്കടലാസിന്റെ ആമുഖ ഷീറ്റുകളാണ് കണ്ടെത്തിയത്.