Advertisment

സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിന് 12 ലക്ഷം കോടി വായ്പയെടുക്കും, വിഭവ സമാഹരണത്തിന് കൂടുതല്‍ ഓഹരി വില്‍പ്പന; ബജറ്റ് വിശദാംശങ്ങള്‍

New Update

ഡല്‍ഹി:  സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ വായ്പ എടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോവിഡ്, സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം എന്നിവ കാരണം ധനക്കമ്മി ഉയര്‍ന്ന തോതിലാണ്. ഇത് നാലു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Advertisment

publive-image

നടപ്പുസാമ്പത്തിക വര്‍ഷം 9.5 ശതമാനമായി ധനക്കമ്മി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നര ശതമാനം പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്രയും ഉയര്‍ന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 6.8 ശതമാനമാക്കി കുറച്ചുകൊണ്ടുവരാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 12 ലക്ഷം കോടി രൂപ കടമെടുക്കും. ധനക്കമ്മി നാലുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ബജറ്റ് അത്യന്തികമായി ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കും ബിപിസില്‍എലിന് പുറമേ ഐഡിബിഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടെയും എല്‍ഐസിയുടെയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. ആരോഗ്യമേഖലയിലെ ചെലവഴിക്കല്‍ 137 ശതമാനം വര്‍ധിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയില്‍ 2.23 ലക്ഷം കോടി രൂപ  ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ മൂലധന ചെലവില്‍ വലിയ തോതിലുള്ള മാറ്റമാണ് വരുത്തിയത്. 5.54 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വര്‍ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവെയ്ക്കണമെന്ന് സര്‍ക്കാരിന് മുന്‍പില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. കോവിഡ് വാക്‌സിന് 35,000 കോടിയാണ് നീക്കിവെച്ചത്.

75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നത് അടക്കം നികുതി ഇളവുകളും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ  എണ്ണം 2014ല്‍ 3.31 കോടി ആയിരുന്നെങ്കില്‍ 2020ല്‍ അത് 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി പറഞ്ഞു.

ആദായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷനല്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെന്റര്‍ സ്ഥാ്പിക്കും.  നികുതി കേസുകള്‍ പുനഃപരിശോധിക്കുന്നതിനുള്ള കാലപരിധി ആറു വര്‍ഷത്തില്‍നിന്നു മൂന്നായി കുറയ്ക്കും. അന്‍പതു ലക്ഷത്തിനു മുകളിലുള്ള നികുതി വെട്ടിപ്പു കേസുകള്‍ പത്തു വര്‍ഷത്തിനു ശേഷവും റീഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കും.

ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസായി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല.

മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില്‍ 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ 20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും. സ്വര്‍ണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില്‍ പറയുന്നു. നാളെ മുതല്‍ ഇതു നിലവില്‍ വരും.

ഭവനനിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ചെലവു കുറഞ്ഞ വീട് നിര്‍മ്മാണത്തിന്റെ വായ്പയ്ക്ക് അനുവദിച്ച ഇളവ് തുടരും. വായ്പയില്‍ ഒന്നരലക്ഷം രൂപ വരെ അനുവദിച്ച ഇളവ് ഒരു വര്‍ഷം കൂടി തുടരാനാണ് ബജറ്റ് നിര്‍ദേശം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് പരിധി ഉയര്‍ത്തി. 10 കോടി രൂപ വരെ വിറ്റുവരവുള്ള ഇത്തരം സ്ഥാപനങ്ങളെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കും. കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയ 400 ലധികം ഇനങ്ങള്‍ പുനഃപരിശോധിക്കും.  ഇതിനായി വിപുലമായ തോതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കും. ആത്മനിര്‍ഭര്‍ ആരോഗ്യപദ്ധതിയാണ് ബജറ്റിലെ മറ്റൊരു സുപ്രധാന നിര്‍ദേശം. 64,180 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

ആറു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റ്. ആരോഗ്യം, ക്ഷേമം, അടിസ്ഥാന സൗകര്യം അടക്കമാണിത്. തൊഴില്‍ശക്തി, ധനമൂലധനം, എ്ല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയാണ് മറ്റു തൂണുകള്‍. പഴയ വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

union budjet 2021
Advertisment