Advertisment

ഒളിവില്‍ കഴിയുന്നതിനിടെ മടങ്ങിയെത്തി കെഎസ് യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതും ഏട്ടപ്പന്‍ ?

New Update

തിരുവനന്തപുരം :  യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷത്തിനു തുടക്കമിട്ട പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കെഎസ്‍യു പ്രവര്‍ത്തകനെ മര്‍ദിച്ച ഏട്ടപ്പനെന്ന മഹേഷ് ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഒളിവില്‍ കഴിയുന്നതിനിടെ ഹോസ്റ്റലില്‍ തിരികെയെത്തി ഏട്ടപ്പന്‍ തന്നെയാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മൊഴി നല്‍കി.

Advertisment

publive-image

അതേസമയം ഇന്നലെ വൈകിട്ടത്തെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ– കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്.

ഇന്നലെ വൈകിട്ട് നടന്ന സംഘര്‍ഷത്തിനു കാരണമായതു രണ്ട് ദിവസം മുന്‍പ് കോളജ് ഹോസ്റ്റലില്‍ നടന്ന മര്‍ദനമാണ്. ഏട്ടപ്പന്‍ എന്നറിയപ്പെടുന്ന എം.ആര്‍. മഹേഷ് കുമാറെന്ന എസ്എഫ്ഐ നേതാവ് കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ മര്‍ദിച്ചു. മുറിയില്‍ അതിക്രമിച്ച് കടന്നു കൊലവിളി മുഴക്കിയ ശേഷമായിരുന്നു മര്‍ദനം.

ഇതിനു പിന്നാെല പൊലീസ് കേസെടുത്തെങ്കിലും ഏട്ടപ്പനെ അറസ്റ്റ് ചെയ്തില്ല. ഒളിവിലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ അന്നു രാത്രിയും ഏട്ടപ്പന്‍ ഹോസ്റ്റലിലെത്തി. കെഎസ്‌യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നടങ്കം കത്തിച്ചാണു പിന്നീട് മുങ്ങിയത്. ഇതോടെ ഏട്ടപ്പനെ പ്രതി ചേര്‍ത്തു മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കേസുകളെടുത്തെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലിലും ഏട്ടപ്പന്റെ സ്വദേശമായ മുട്ടത്തറയിലും തിരഞ്ഞെങ്കിലും കണ്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

എം ഫില്‍ വിദ്യാര്‍ഥിയെന്ന പേരിലാണ് ഏട്ടപ്പന്‍ വര്‍ഷങ്ങളായി കോളജ് ഹോസ്റ്റലില്‍ തുടരുന്നത്. കോളജ് അടച്ചാല്‍ പോലും വീട്ടില്‍ പോകാത്ത ഏട്ടപ്പനേക്കുറിച്ച് അറിയില്ലെന്നാണ് വീട്ടുകാരും പൊലീസിനു മൊഴി നല്‍കിയത്.

അതേസമയം ഏട്ടപ്പന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അല്ലെന്ന വാദവുമായി സംഘടന രംഗത്തെത്തി. 2011ല്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു ഏട്ടപ്പന്‍. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും അഞ്ച് എസ്എഫ്ഐക്കാര്‍ക്കും ആറ് പൊലീസ് ഉദ്യോഗസ്ഥർ‌ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Advertisment