ഉന്നാവ് കൂട്ടമാനഭംഗക്കേസില്‍ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍ അറസ്റ്റില്‍. സിബിഐ നീക്കം കോടതി ഇടപെടലില്‍ ഗത്യന്തരമില്ലാതെ. മുഖം വികൃതമായി യോഗി സര്‍ക്കാര്‍

ജെ സി ജോസഫ്
Friday, April 13, 2018

അലഹബാദ് ∙ ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ അറസ്റ്റ് ചെയ്തു.

കേസിൽ അന്വേഷണ ചുമതലയുള്ള സിബിഐ ആണ് അറസ്റ്റ് ചെയ്തത്.  ഇതു സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി സിബിഐയ്ക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് അറസ്റ്റ്. സിബിഐ നീക്കം കോടതി ഇടപെടലില്‍ ഗത്യന്തരമില്ലാതെയാണ് .

രാജ്യത്തിന്‌ മാനക്കേടായി മാറിയ സംഭവത്തില്‍ പാര്‍ട്ടി എം എല്‍ എയെ രക്ഷിക്കാന്‍ സര്‍ക്കാരും സി ബി ഐയും കിണഞ്ഞു ശ്രമിക്കുകയും ഒടുവില്‍ കോടതിയുടെ കര്‍ശന ഇടപെടലോടെ എം എല്‍ എ അറസ്റ്റിലാകുകയും ചെയ്തതോടെ യോഗി സര്‍ക്കാരിന്‍റെ മുഖം വികൃതമായി .

അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മേയ് രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും സിബിഐ സംഘത്തിനു നിർദ്ദേശം നൽകി.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാൻ എംഎൽഎയെ ലക്നൗവിലെ വസതിയിൽനിന്നു വെള്ളിയാഴ്ച പുലർച്ചെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ്. എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ഹൈക്കോടതി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടും സർക്കാർ അറസ്റ്റ് വൈകിപ്പിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണെന്ന് വിലയിരുത്തിയിരുന്നു .

മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദി എഴുതിയ കത്ത് പൊതുതാൽപര്യഹർജിയായി പരിഗണിച്ചാണു കോടതി സംഭവത്തിൽ ഇടപെട്ടത്.

മാനഭംഗം സംബന്ധിച്ച് പെൺകുട്ടി ആദ്യം പരാതി നൽകിയത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്.

ഇതിനിടെ, ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് ജയിലിൽ മരിച്ചു.

×