Advertisment

യുപി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 3 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് നാണംകെട്ട തോല്‍വി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപി മനസറിയിച്ചു. മായാവതിയെ വീട്ടില്‍പോയി കണ്ട് അഖിലേഷ് യാദവ് നന്ദി പറഞ്ഞു. ബീഹാറില്‍ വീണ്ടും ലാലു യുഗം

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡൽഹി∙ ഉത്തർപ്രദേശിലും ബീഹാറിലും ബിജെപിയെ നാണംകെടുത്തി ലോക്സഭാ ഉപതെരെഞ്ഞെടുപ്പ് ഫലം. ഇരു സംസ്ഥാനങ്ങളിലുമായി നടന്ന 3 മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പുകളില്‍ മൂന്നിലും ബിജെപി ദയനീയമായി പരാജയപെട്ടു .

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാർഥികൾക്കു സംഭവിച്ച കനത്ത തോൽവി ബിജെപിയ്ക്ക് ന്യായീകരിക്കാന്‍ പോലും കഴിയാത്തതാണ് .

publive-image

 

രണ്ടിടത്തും സമാജ്‍വാദി പാർട്ടി (എസ്പി) അട്ടിമറി ജയം സ്വന്തമാക്കി. ബിഎസ്പി പിന്തുണയോടെയാണു എസ്പിയുടെ വിജയം. രണ്ടിടത്തും കോൺ‌ഗ്രസിനു കെട്ടിവച്ച കാശു നഷ്ടമായി.

publive-image

ഗോരഖ്പുരിൽ എസ്പിയുടെ പ്രവീൺ കുമാർ നിഷാദ് 26,000ത്തിലേറെ വോട്ടുകൾക്കും ഫുൽപുരിൽ‌ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ 59,000ത്തിലേറെ വോട്ടുകൾക്കുമാണു ബിജെപി സ്ഥാനാർഥികളെ തറപറ്റിച്ചത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഇവിടെയുണ്ടായിരുന്നത് .

യോഗി ആദിത്യനാഥ് അഞ്ചു വട്ടം തുടർച്ചയായി ജയിച്ചുവന്ന ഗോരഖ്പുരിൽ ഉപേന്ദ്ര ദത്ത് ശുക്ലയും ഫുൽപുരി‌ൽ കൗശലേന്ദ്ര സിങ് പട്ടേലുമായിരുന്നു ബിജെപി സ്ഥാനാർഥികൾ. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്കു ജയിച്ച മണ്ഡലമാണു ഫുൽപുർ.

publive-image

ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി തോറ്റു. ആർജെഡി സ്ഥാനാർഥി സർഫറാസ് ആലമാണ് ജയിച്ചത്. 61,988 വോട്ടുകൾക്കാണ് ആലത്തിന്റെ വിജയം.

ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു.

റിങ്കി റാണിയുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണു റിങ്കി ബിജെപിക്കായി സീറ്റു നിലനിർത്തിയത്. ജെഹനാബാദിൽ ആർജെഡി സ്ഥാനാർഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണു കൃഷ്ണ മോഹൻ തോൽപ്പിച്ചത്.

publive-image

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ പകച്ചിരിക്കുകയാണു ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലം, യുപിയിലും ദേശീയ തലത്തിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടുന്ന പ്രതിപക്ഷ പാർട്ടികൾക്കു പുത്തനുണർവേകുന്നതാണ്.

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിന്നെന്നതാണു തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. അപ്രതീക്ഷിതമായി എസ്പി സ്ഥാനാർഥികൾ വിജയിച്ചതിന്റെ ആഘോഷത്തിലാണ് അഖിലേഷും മായാവതിയും.

publive-image

മായാവതിയെ വീട്ടില്‍പോയി കണ്ട് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കു ശക്തി പകർന്ന് ബിഎസ്പി–എസ്പി കൂടിക്കാഴ്ച. ഗോരഖ്പുർ, ഫൂൽപുർ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പിന്നാലെ ബഹുജൻ സമാജ്‌വാദി പാർട്ടി അധ്യക്ഷ മായാവതിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നന്ദി പറഞ്ഞത്.

ബിഎസ്പിയുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെയാണ് എസ്പി ഗോരഖ്പുരിലും ഫൂൽപുരിലും വിജയം സ്വന്തമാക്കിയത്. ഇതിൽ നേരത്തേത്തന്നെ അഖിലേഷ് നന്ദി അറിയിച്ചിരുന്നു.

ബിജെപി ജനങ്ങൾക്കു നൽകിയ ‘മോശം നാളുകളുടെ’ ഫലമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടത്. കേന്ദ്ര–സംസ്ഥാന ഭരണങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഇത്തവണയുണ്ടായതെന്നും അഖിലേഷ് പറഞ്ഞു.

എസ്പിയെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. അതിൽ സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് മായാവതി നേതൃത്വം നൽകുന്ന ബിഎസ്പിക്ക്, തന്റെ നന്ദി എന്നും അഖിലേഷ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് രാത്രി തന്നെ നേരിട്ടെത്തി മായാവതിക്ക് അഖിലേഷ് നന്ദി അറിയിച്ചത്.

ഏതാനും സമയം വസതിയിൽ ചെലവിട്ടാണ് അഖിലേഷ് മടങ്ങിയത്. ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തോ എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമല്ല. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുപാർട്ടികളും ചേർന്നു സംസ്ഥാനത്തു മഹാസഖ്യം രൂപപ്പെടുത്തുമെന്നാണ് അണികൾ നൽകുന്ന സൂചന. ഇതിനുള്ള അണിയറ നീക്കങ്ങളും ശക്തമാണ്.

bihar yogi adhithyanadh up election
Advertisment