ദിവസവും ഹനുമാനെ ആരാധിക്കുകയും ഹനുമാന്‍ മന്ത്രം ചൊല്ലുകയും ചെയ്താല്‍ കുരങ്ങുകള്‍ ഉപദ്രവിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി

സുഭാഷ് ടി ആര്‍
Sunday, September 2, 2018

ലഖ്‌നൗ: കുരങ്ങ് ശല്യം ഒഴിവാക്കാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉപദേശം. വൃന്ദാവനില്‍ കുരങ്ങ് ശല്യം രൂക്ഷമായെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. എല്ലാ ദിവസവും ഹനുമാനെ ആരാധിക്കുകയും ഹനുമാന്‍ മന്ത്രം ചൊല്ലുകയും ചെയ്താല്‍ കുരങ്ങുകള്‍ ആരെയും ഉപദ്രവിക്കില്ലെന്ന് യോഗി പറയുന്നു .

സ്വന്തം അനുഭവത്തില്‍ നിന്നാണ് താന്‍ ഇത് പറയുന്നതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു അനുഭവം മുഖ്യമന്ത്രി പങ്കിടുകയും ചെയ്തു. ഗൊരഖ്‌നാഥ് ധാം ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്ത് എന്നും ഒരു കുരങ്ങന്‍ തന്റെ മടിയില്‍ വന്നിരിക്കുമായിരുന്നു. ശേഷം പഴം തിന്ന് കഴിഞ്ഞ് തിരികെ പോകും.

ഒരിക്കല്‍ ഈ കുരങ്ങിനെതിരെ ഒരാള്‍ ചൂടായി. എന്നാല്‍ പിറ്റേന്ന് കുരങ്ങ് അയാളെ ആക്രമിച്ചു. എന്നാല്‍ താന്‍ കുരങ്ങിനെ ശാസിച്ചപ്പോള്‍ അത് തിരികെ മരത്തിലേക്ക് കയറിപ്പോയി. കുരങ്ങുകളെ ഇങ്ങനെ സ്‌നേഹിച്ചാല്‍ അവയും തിരികെ സ്‌നേഹിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

×