Advertisment

മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി: സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍: ഹര്‍ജി നല്‍കിയത് യൂത്ത് ഫോര്‍ ഇക്വാലിറ്റി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്.

Advertisment

publive-image

സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോക്‌സഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്‌സഭയില്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാര്‍ട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു.

നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.

വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്എസ്, എന്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Advertisment