Advertisment

ആരാണ് ഉർജിത് പട്ടേൽ?; ആര്‍ബിഐ ഗവര്‍ണര്‍ പദവി രാജി വെച്ചത് എന്തിന്?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: കാലാവധി തികയാൻ ഒരുവർഷത്തോളം ബാക്കിയിരിക്കേ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചത് എന്തിനെന്ന് തിരയുകയാണ് സാമ്പത്തിക വിദഗ്ധര്‍. കേന്ദ്ര സര്‍ക്കാരുമായി ഉണ്ടായിരുന്ന ഭിന്നതകളെ തുടര്‍ന്നാണ് ഉര്‍ജിത് പട്ടേൽ രാജിയെന്നാണ് പ്രാഥമിക നിഗമനം. സ്വയം ഭരണാധികാരത്തെ ചൊല്ലിയായിരുന്നു കേന്ദ്ര സര്‍ക്കാരുമായി ഉര്‍ജിത് പട്ടേലിന് അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നത്. തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്നു ഉർജിത് പട്ടേൽ. വരുന്ന 14ന് ആർ.ബി.ഐ. ഭരണസമിതി യോഗം ചേരാനിരിക്കവേയാണ് ഗവർണര്‍ രാജി വെച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജി വെച്ചതെന്ന് ഉർജിത് പട്ടേൽ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ പത്ര കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

എന്നാൽ അതല്ല കാരണമെന്നും കേന്ദ്രവുമായി മാസങ്ങളായി തുടരുന്ന വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ രാജിയെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടു നിരോധന സമയത്ത് കേന്ദ്ര സർക്കാർ നിർദേശം നടപ്പാക്കിയതിൻ്റെ പേരിൽ ഉര്‍ജ്ജിത് പട്ടേൽ ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് രാജ്യത്തിൻ്റെ സാമ്പത്തിക നില വഷളായി. റിസർവ് ബാങ്കിൻ്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ഈ ഘട്ടമെത്തിയപ്പോൾ അദ്ദേഹത്തിന് ചെറുത്തു നിൽക്കാതെ വയ്യെന്ന ഘട്ടമെത്തി. ചട്ടങ്ങൾ ഇളവു ചെയ്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും ഭവന വായ്പാ സ്ഥാപനങ്ങളെയും സഹായിക്കണമെന്ന കേന്ദ്ര നിർദേശം ആർ.ബി.ഐ. തള്ളി. ഇതോടെയാണ് കേന്ദ്രവും ആര്‍ബിഐ ഗവര്‍ണറുമായി ഭിന്നത ഉടലെടുത്തത്.

കിട്ടാക്കടം മൂലം അടിത്തറ തകർന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തന മൂലധനം നൽകണമെന്നും ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കാൻ നിയമങ്ങളിൽ ഇളവുവരുത്തണമെന്നുമുള്ള നിർദേശങ്ങളും ആർ.ബി.ഐ. അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇക്കാരണങ്ങളൊക്കെയും ഭിന്നതയുടെ തോത് വർധിപ്പിച്ചു.

റിസർവ് ബാങ്കിനു മേൽ സമ്മർദം ചെലുത്താനായി സംഘപരിവാർ സൈദ്ധാന്തികനായ എസ്. ഗുരുമൂർത്തിയെപ്പോലുള്ളവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിൻ്റെ കരു നീക്കം സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു. കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ നൽകണമെന്ന കേന്ദ്ര സർക്കാരിൻ്റെ നിർദേശം കൂടി ആർ.ബി.ഐ. തള്ളിയതോടെ ഭിന്നത ഏറ്റുമുട്ടലിന് വഴിമാറുകയായിരുന്നു.

രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്ക് റിസർവ് ബാങ്കിൻ്റെ പരമാധികാരം നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ പരസ്യ പ്രസ്താവന നടത്തി. ഇതോടെയാണ് റിസര്‍വ് ബാങ്കിന് കേന്ദ്രവുമായുള്ള ഭിന്നത വെളിച്ചത്തായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രസത്ാവനയെ കേന്ദ്രം നേരിട്ടത് ഭീഷണിയുടെ സ്വരമുള്ള മറുപടിയുമായാണ്. സർക്കാർ തീരുമാനം നടപ്പാക്കാൻ റിസർവ്ബാങ്കിനെ ബാധ്യസ്ഥമാക്കുന്ന ആർ.ബി.ഐ. നിയമത്തിലെ ഏഴാംവകുപ്പ് പ്രയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.

ഏറ്റുമുട്ടലിൻ്റെ കാഠിന്യം കൂടുന്ന പശ്ചാത്തലത്തിൽ നവംബർ 19-ന് നടന്ന ആർ.ബി.ഐ. ഭരണ സമിതി യോഗത്തിൽ ഉര്‍ജിത് പട്ടേൽ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ, യോഗം അവസാനിച്ചപ്പോൾ ഒരു അനുരഞ്ജന സാധ്യതയുണ്ടെന്ന പ്രതീതി ജനിപ്പിക്കാനായി. പണനയ അവലോകന യോഗത്തിനു ശേഷം കഴിഞ്ഞയാഴ്ച നടന്ന പത്രസമ്മേളനത്തിലും ഈ തർക്ക വിഷയങ്ങളെ പറ്റി പട്ടേൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ച തുടർ ചർച്ചകൾക്കായാണ് 14ന് ആർ.ബി.ഐ. ഭരണസമിതി യോഗം വിളിച്ചിരുന്നത്. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തനിക്കു ലഭിച്ച സഹകരണത്തിന് റിസർവ് ബാങ്കിലെ സഹപ്രവർത്തകർക്കെല്ലാം പട്ടേൽ നന്ദിപറഞ്ഞപ്പോഴും കേന്ദ്രസർക്കാരിനെ പ്പറ്റി ഒരു വാക്കു പോലും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ, പട്ടേലിൻ്റെ മഹദ് സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും നന്ദി അറിയിച്ചു. ഇതോടെ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിൻ്റെ വകുപ്പ് മാത്രം ആയേക്കുമെന്ന ആശങ്ക ബലപ്പെടുകയാണെന്നാണ് മുൻ ആർ.ബി.ഐ. ഗവർണർ വൈ.എച്ച്. മലേഗാൻ പറയുന്നത്.

ഇന്ത്യൻ ജനതയെ മുഴുവൻ ആശങ്കാകുലരാക്കേണ്ട സംഭവവികാസങ്ങളാണ് നടന്നിരിക്കുന്നതെന്ന് മുൻ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജൻ പ്രതികരിച്ചു. 2016 സെപ്റ്റംബർ നാലിനാണ് മൂന്നുവർഷ കാലാവധിയിൽ ആർ.ബി.ഐ. ഗവർണറായി ഉര്‍ജിത് പട്ടേൽ നിയമിതനായത്. അന്താരാഷ്ട്ര നാണ്യനിധിയിലും റിലയൻസ് ഇൻഡസ്ട്രീസിലും പ്രവർത്തിച്ചിട്ടുള്ള പ്രവൃത്തി പരിചയവും ഉര്‍ജിത് പട്ടേലിനുണ്ട്.

Advertisment