ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ 40-‌‌ഓളം പേർ മാതാവിന്റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
Tuesday, September 4, 2018

ഷിക്കാഗൊ: ഓഗസ്റ്റ് 15 ബുധനാഴ്ച പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ദിവസം, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, വുമൺസ് മിനിസ്ട്രി കോർഡിനേറ്റർ ഷീബാ മുത്തോലത്തിന്റേയും നേത്യുത്വത്തിൽ 40-ഓളം പേർ മാതാവിന്റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയിൽ, ഒറീസ്സായിലെ ബാലസോർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ സൈമൺ കായിപ്പുറം മുഖ്യകാർമികനും, റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി വിശുദ്ധ ബലി അർപ്പിച്ചതിനുശേഷമാണ് ഈ ഫൊറൊനായിലെ ഇഥംപ്രദമായുള്ള ഈ വിമല ഹ്യദയ പ്രതിഷ്ഠ പ്രാർത്ഥന നടന്നത്.

ഫാ. മൈക്കിൾ ഇ. ഗെറ്റ്‌ലിയുടെ “33-days to Morning Glory” എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെൻറ് ലൂയിസ് ഡി മോൺഫോർട്ട്, സെന്റ് മാക്സിമിലിയൻ കോൾബെ, സെന്റ് മദർ തെരേസ ഓഫ് കൽക്കട്ട, സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാർത്ഥനയിലൂടെയും, ദിനം‌പ്രതിയുള്ള ധ്യാനത്തിലൂടെയുമാണ് “മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്” എന്ന ആഗ്രഹം അവർ സഫലീകരിച്ചത്. ദിവസേനയുള്ള കൊന്തനമസ്കാരവും, ഉപവാസവും, കുമ്പസാരവും ഇതിന്റെ ഭാഗമായിരുന്നു. യഥാർത്ഥ മരിയ ഭക്തരാവുന്ന ഇവർ പരി. കന്യാമറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും, അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി “അവൻ പറയുന്നത് നിങ്ങൾ ചെയ്യുക” എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു.

ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവർ “Army of Immaculate” – ലെ അംഗമാകുകയും മാതാവുവഴി ഈശോയിലേക്ക് ധാരാളം ആത്മാക്കളെ നേടുക എന്ന ലക്ഷ്യത്തെ മുൻ‌നിർത്തി, ഇടവകയിൽ സജീവമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇവർക്ക് മാർ സൈമൺ കായിപ്പുറം പിതാവ് സർട്ടിഫിക്കറ്റുകൾ നൽക്കുകയും, പൂക്കൾ നൽകി ഇവരെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.

×