യുഎസിനെയും ലോകരാജ്യങ്ങളെയും വെല്ലുവിളിച്ചു ഇറാന്‍റെ ആണവ നീക്ക൦. ഫോർദോയിലെ സെൻട്രിഫ്യൂജുകളിലേക്ക് യൂറേനിയം വാതകം കടത്തി വിട്ടു. സംഘര്‍ഷ സാധ്യതയില്‍ ആശങ്കയോടെ ഗള്‍ഫ് ലോകം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, November 8, 2019

ടെഹ്‌റാൻ∙ ഇറാന്‍ യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് ആണവസമ്പുഷ്ടീകരണത്തിനു ബുധനാഴ്ച തുടക്കമിട്ടു. ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ് ഇറാന്‍റെ പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്.

2018ൽ യുഎസ് ആണവ കരാറിൽ നിന്നു പിന്മാറിയതിനു ശേഷം ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും ശക്തമായ പ്രകോപനമെന്നാണ് ഇതിനെ നിരീക്ഷകർ വിലയിരുത്തുന്നത്. സമ്പുഷ്ടീകരണം സംബന്ധിച്ച പരിശോധനയ്ക്കായി കഴിഞ്ഞയാഴ്ച ഇറാനിലെത്തിയ രാജ്യാന്തര ആണവ ഏജന്‍സിയുടെ (യുഎൻ) പ്രതിനിധിയെ തടഞ്ഞുവച്ചതും മേഖലയിലെ സംഘർഷം ശക്തമാക്കി.

രാജ്യാന്തര തലത്തില്‍ ഇറാനെതിരെ സമ്മർദമുണ്ടാകണമെന്ന ആവശ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ രംഗത്തെത്തി. അടിയന്തരമായി വിളിച്ചു ചേർത്ത ആണവോർജ ഏജന്‍സിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് പോംപെയോയുടെ വിമർശനം.

മര്യാദകൾ ലംഘിച്ചുള്ള പ്രകോപനമാണ് ഇറാന്റേത്. ഇത് അംഗീകരിക്കാനും വച്ചുപൊറുപ്പിക്കാനുമാകില്ല. തിരിച്ചടികളുണ്ടാകുമെന്ന് ഇറാനു ബോധ്യമാകണം. ബോർഡ് അംഗങ്ങൾ ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കണമെന്നും പോംപെയോ ആവശ്യപ്പെട്ടു.

നെയ്തൻസ് ആണവനിലയത്തിൽ കഴിഞ്ഞാഴ്ച പരിശോധനയ്ക്കെത്തിയ യുഎൻ ആണവോർജ ഏജൻസി ഉദ്യോഗസ്ഥയെ തടഞ്ഞ കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎന്നിന്റെ ഒരു പരിശോധനാ ഇൻസ്പെക്ടറെ ഇതാദ്യമായാണ് ഇറാൻ തടയുന്നതും. നെയ്തൻസ് നിലയത്തിലും യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ട്.

വനിതാ ഉദ്യോഗസ്ഥ നിലയത്തിലേക്കു കടന്നപ്പോൾ അലാം അടിച്ചതിനെത്തുടർന്നാണ് തടഞ്ഞത്. സംശയകരമായ എന്തെങ്കിലും വസ്തുക്കൾ കയ്യിൽ കരുതിയിട്ടുണ്ടെന്ന
സംശയത്തെത്തുടർന്നായിരുന്നു അലാം.

പരിശോധനയിൽ ഇവരുടെ ദേഹത്ത് സ്ഫോടന സ്വഭാവമുള്ള വസ്തുക്കളുടെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇവർ ശുചിമുറിയിൽ പോയി തിരികെയെത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ആ തെളിവുകൾ നഷ്ടപ്പെട്ടെന്നും രാജ്യാന്തര ആണവോർജ ഏജൻസിയിലെ ഇറാന്റെ പ്രതിനിധി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സന്ദർശനം പൂർത്തിയാക്കാതെ ഉദ്യോഗസ്ഥ രാജ്യം വിടുകയും ചെയ്തു.
സംഭവത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചിട്ടുണ്ട്.

യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാന്റെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ
തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം ഏർപ്പെടുത്താൻ യൂറോപ്യന്‍ രാജ്യങ്ങൾക്കു മേൽ സമ്മർദമേറ്റുന്നതാണ് ഇറാന്റെ സമ്പൂഷ്ടീകരണ നീക്കം.

ഫോർദോയിൽ തികച്ചും രഹസ്യാത്മകമായിട്ടായിരുന്നു ബുധനാഴ്ച അർധരാത്രിയോടെ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചത്. ഇറാനിലെ ക്വാം നഗരത്തിനു വടക്കുള്ള ഫോർദോയിലെ പർവതത്തിന്റെ താഴെയുള്ള നിലയമാണിത്. വ്യോമാക്രമണങ്ങളിൽ നിന്നു സംരക്ഷണം തേടിയാണ് പർവതത്തിനു താഴെ ആണവനിലയം
നിർമിച്ചിരിക്കുന്നത്.

രാജ്യത്തെ സുപ്രധാന ആണവനിലയം പക്ഷേ നെയ്‌തൻസിലെയാണ്. അവിടെയും സമ്പുഷ്ടീകരണം തുടരുന്നുണ്ട്. നെയ്തെൻ‍‍‍‍സിൽ തടഞ്ഞെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസി പ്രതിനിധി ഫോർദോയിലെ സമ്പുഷ്ടീകരണത്തിനു സാക്ഷിയായിരുന്നുവെന്ന് ഇറാന്റെ ആറ്റമിക് എനർജി ഓർഗനൈസേഷൻ വ്യക്തമാക്കി.4.5% വരെയായിരിക്കും ഇപ്പോൾ സമ്പുഷ്ടീകരണം നടക്കുക. ഇത് ഉപയോഗിക്കുന്നതാകട്ടെ വൈദ്യുതി ഉൽപാദനത്തിനും.

ആണവ കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ അൽപം മാത്രം മുകളിലാണ് ഈ അളവ്. കരാർ പ്രകാരം, വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ 3.67% സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ. ശേഷിക്കുന്നത് വിദേശത്തു വിൽപന നടത്തണം.

അണ്വായുധങ്ങൾ നിർമിക്കാവുന്ന വിധത്തിലാകണമെങ്കിൽ യുറേനിയം സമ്പുഷ്ടീകരണം 90% വരെയാകണം. നിലവിലെ സമ്പുഷ്ടീകരണത്തിലൂടെ രാജ്യാന്തര തലത്തിലെ സമ്മർദമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നു വ്യക്തം.

1044 സെൻട്രിഫ്യൂജുകളാണ് ഫോർദോയിലുള്ളത്. കരാർ പ്രകാരം ഇവിടത്തെ സമ്പുഷ്ടീകരണ
പ്രക്രിയകളെല്ലാം 4 വർഷം മുൻപ് നിർത്തിവച്ചിരുന്നു. ആണവ–ഭൗതികശാസ്ത്ര–സാങ്കേതിക പഠനകേന്ദ്രമാക്കി ഫോർദോയിലെ സംവിധാനത്തെ മാറ്റുമെന്നായിരുന്നു കരാറിൽ ഇറാന്റെ ഉറപ്പ്. ആരംഭകാലം മുതൽക്കുതന്നെ സമ്മർദ തന്ത്രമായാണ് ഫോർദോയിലെ ആണവനിലയത്തെ ഉപയോഗപ്പെടുത്തിയിരുന്നത്.

2009ലാണ് ഇത്തരമൊരു സംവിധാനത്തെപ്പറ്റിയുള്ള വിവരം ഇറാൻ ആദ്യമായി പുറത്തുവിടുന്നത്.
ആണവായുധങ്ങളുടെ പേരിൽ പാശ്ചാത്യശക്തികള്‍ ഇറാനുമേൽ സമ്മർദത്തിനു ശ്രമിക്കുന്ന സമയമായിരുന്നുഅത്. ഫോർദോയിൽ അണ്വായുധം നിർമിക്കാനാണ് ഇറാൻ നീക്കമെന്ന് യുഎസ് ഉൾപ്പെടെ അന്നു കരുതിയിരുന്നു. എന്നാൽ സമാധാന ആവശ്യങ്ങൾക്കാണ് ആയുധം നിർമിക്കുന്നതെന്നായിരുന്നു ഇറാന്റെ വാദം.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അപ്രതീക്ഷിതമായി ഇറാഖ് സന്ദർശിക്കുകയും ഗൾഫ് മേഖലയിൽ യുഎസ് വിമാന വാഹിനികൾ അണിനിരക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. യുഎസിനെ കുറ്റപ്പെടുത്തി അന്നു റഷ്യയും ചൈനയും രംഗത്തു വന്നിരുന്നു.

കരാർ നിലനിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്നു ഫ്രാൻസും ജർമനിയും യുകെയും പ്രതികരിക്കുകയും ചെയ്തു.കരാറിൽനിന്നു പിൻമാറിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തോടും യൂറോപ്യൻ വൻശക്തികൾ യോജിച്ചിരുന്നില്ല.

×