കാലിഫോർണി വെടിവയ്പ്പ്. മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു. നിരവധി പേര്‍ക്ക് പരുക്ക്

പ്രകാശ് നായര്‍ മേലില
Thursday, November 8, 2018

യു എസ് : അമേരിക്കയിലെ കാലിഫോർണിയയിലുള്ള തൗസൻഡ് ഓക്സ് പട്ടണത്തിലുള്ള വാട്ടർലൈൻ ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റിൽ ആയുധധാരിയായ വ്യക്തി ഇന്നലെ ( ബുധനാഴ്ച) രാത്രി ) നടത്തിയ വെടിവയ്പ്പിൽ 12 പേര് കൊല്ലപ്പെട്ടു. രാത്രി 11.20 നാണു സംഭവം നടന്നത്. ലോസ് അഞ്ചൽസിൽ നിന്നും കേവലം 65 കിലോമീറ്റർ ദൂരെയാണ് സംഭവസ്ഥലം.

അക്രമി ആദ്യം സ്‌മോക്ക് ഗ്രനേഡ് പൊട്ടിച്ചുപുകമറ സൃഷ്ടിച്ചശേഷം തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. ഏകദേശം 200 പേരുടെ ഒരു കോളേജ് പാർട്ടി അവിടെ നടക്കുമ്പോഴായിരുന്നു ആക്രമണം. ചിലർ ജനല്‍ ഗ്ളാസ് പൊട്ടിച്ചാണ് പുറത്തേക്കു ചാടി രക്ഷപെട്ടത്. മറ്റുചിലർ ടോയ്‍ലെറ്റുകളിൽ കയറി ഒളിക്കുകയായിരുന്നു.

ആക്രമണകാരി സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മരണസംഖ്യയിനിയും കൂടാനാണ് സാദ്ധ്യതയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ പരിക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലാണ്.

ആക്രമണത്തിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് ആളുകളെ ഒഴിപ്പിച്ചശേഷം സ്ഥലമെല്ലാം സീൽ ചെയ്തു അന്വേഷണം തുടരുകയാണ്.

×