Advertisment

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ട്രംപിനെ 'ഒതുക്കാന്‍' ബ്ലൂംബെര്‍ഗ്

New Update

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഗോദയിലേക്ക് ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും ശതകോടീശ്വരനുമായ മൈക്കല്‍ ബ്ലൂംബെര്‍ഗും. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണള്‍ഡ് ട്രംപിനെ നേരിടാനായി അതേ 'നമ്പര്‍' ഇറക്കി സ്വന്തം പണപ്പെട്ടിയുമായാണ് ഈ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ വരുന്നത്.

Advertisment

publive-image

ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പാര്‍ട്ടി പ്രൈമറികള്‍ (ഒന്നാം ഘട്ടം) ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെര്‍ഗ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു രംഗം ഉഷാറായിരിക്കുായാണ്.

ഇന്ത്യയോട് വലിയ ഇഷ്ടമുള്ളയാളാണ് ബ്ലൂംബെര്‍ഗ്. പതിവായി ഇന്ത്യ സന്ദര്‍ശിക്കുന്നയാളാണ്. അതിലുപരി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്തും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപിന് പാര്‍ട്ടിയില്‍ എതിരാളികളുണ്ടെങ്കിലും ഭീഷണിയല്ല. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബ്ലൂംബെര്‍ഗ് ഉള്‍പ്പെടെ 18 സ്ഥാനാര്‍ഥികള്‍. ഇവരില്‍ ജോ ബൈഡന്‍, എലിസബത്ത് വാറന്‍ തുടങ്ങിയ പ്രമുഖരെയാണ് ആദ്യം എതിരിടേണ്ടത്. പണച്ചാക്കുകള്‍ തെരഞ്ഞെടുപ്പു വിലയ്ക്കുവാങ്ങുന്നതിനെതിരേ വാറന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു.

സംഭാവന സ്വീകരിക്കില്ല എന്നതാണ് ബ്ലൂംബെര്‍ഗിനെ വ്യത്യസ്ഥനാക്കുന്നത്. 5400 കോടി ഡോളര്‍ (3,87,450 കോടി രൂപ) ആണ് അമേരിക്കന്‍ സമ്പന്നപ്പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ജൂതവംശജനായ ബ്ലൂംബെര്‍ഗിന്റെ ആസ്തി. സാമ്പത്തിക വാര്‍ത്താവിതരണ ഏജന്‍സിയായ 'ബ്ലൂംബെര്‍ഗ്' ഉള്‍പ്പെടെയുള്ള മാധ്യമ ശൃംഖലയുടെ ഉടമയായ അദ്ദേഹം ടെലിവിഷനില്‍ ഒരാഴ്ചത്തെ പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളറാണ്. ട്രംപിനെതിരേ ഡിജിറ്റല്‍ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാന്‍ പോകുന്നത് 12 കോടി ഡോളര്‍ ആണത്രേ. ആകെ 27 കോടി ചെലവിട്ടു പ്രചാരണം നടത്തിയാണ് മൂന്നു തവണ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

എത്രയുണ്ടെങ്കിലും ആരു കൊടുത്താലും ഡൊണാള്‍ഡ് ട്രംപ് സംഭാവന സ്വീകരിക്കും. ആസ്തി 300 കോടി ഡോളര്‍ (21,525 കോടി രൂപ). 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ചെലവിട്ടത് 6.6 കോടി ഡോളറാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറികള്‍ ജയിച്ചതോടെ സ്വന്തം പണം മുടക്കുന്നതു നിര്‍ത്തി ധനസമാഹരണം തുടങ്ങി. പ്രചാരണ അക്കൗണ്ടിലെത്തിയത് 35 കോടി ഡോളറാണ്.

Advertisment