ബൈക്ക് യാത്രികരെ തടഞ്ഞുവെച്ച് ഗണ്‍പോയിന്റില്‍ നിര്‍ത്തി പരിശോധന ; യു.പി പൊലീസിന്റെ നടപടി വിവാദത്തില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 25, 2019

ലഖ്‌നൗ: യു.പിയില്‍ ബൈക്ക് യാത്രികരെ തടഞ്ഞുവെച്ച് ഗണ്‍പോയിന്റില്‍ നിര്‍ത്തി പരിശോധന നടത്തുന്ന യു.പി പൊലീസിന്റെ നടപടി വിവാദത്തില്‍.

വസിരഗഞ്ച് പൊലീസാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രികരെ റോഡില്‍ തടഞ്ഞുവെച്ച് ഗണ്‍പോയിന്റില്‍ നിര്‍ത്തി പരിശോധന നടത്തിയത്. എന്നാല്‍ വീഡിയോ പുറത്തായതിന് പിന്നാലെ തങ്ങള്‍ നടത്തിയത് മോക് ഡ്രില്‍ ആണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു പൊലീസ്.

ഇത്തരം പരിശോധന നടക്കുന്ന സമയങ്ങളില്‍ അക്രമികള്‍ പലപ്പോഴും പോലീസിന് നേരെ വെടിയുതിര്‍ക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടിയായിട്ടാണ് ഇത്തരമൊരു പരിശീലനം നടത്തിയതെന്നും മുതിര്‍ന്ന പോലീസ് സൂപ്രണ്ട് അശോക് ത്രിപാഠി പറഞ്ഞു. ബദൗന്‍ ജില്ലയിലെ വസിര്‍ഗഞ്ച് ഏരിയലില്‍ ആയിരുന്നു പൊലീസ് പരിശോധന.

ബൈക്കില്‍ യാത്രചെയ്യുന്ന യാത്രക്കാരെ തടഞ്ഞുവെച്ച് ബൈക്ക് പരിശോധിക്കുകയും ഇതിന് ശേഷം ദേഹ പരിശോധന നടത്തുകയും ചെയ്യുന്നതാണ് വീഡിയോ. ഈ സമയം രണ്ടോ മൂന്ന് പൊലീസുകാര്‍ തോക്ക് ചൂണ്ടി നില്‍ക്കും. ബൈക്ക് യാത്രികര്‍ പരിശോധന കഴിയുന്നത് വരെ രണ്ടുകൈയും പൊക്കി പൊലീസിന് മുന്നില്‍ കീഴടങ്ങി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

എന്താണ് സംഭവിക്കുന്നത് അറിയാതെ ഞെട്ടലോടെ നില്‍ക്കുന്ന യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.

×