Advertisment

വർഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വർദ്ധനവ്-വി.ഡി. സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: വർഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വർദ്ധനവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിന്റെ കാസ്കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവർദ്ധനവ് മുതൽ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി അവന്റെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാൻ കഴിയാത്ത പാതകമാണ് നരേന്ദ്ര മോഡി സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു.

കേന്ദ്ര സർക്കാരിന് ഇതിനുള്ള ധൈര്യം നൽകുന്നത് ഈ സത്യാനന്തര യുഗത്തിൽ വർഗീയതയും അമിത ദേശീയതയും പോലെയുള്ള വൈകാരിക ചർച്ചകളിലൂടെ ഇതിനെയെല്ലാം വഴിമാറ്റി വോട്ട് തങ്ങൾക്ക് അനുകൂലമാക്കാമെന്ന ബോധ്യമാണ്.

യു.പി.എ. ഭരണകാലത്ത് 16 രൂപയോളം സബ്‌സിഡി നൽകിയാണ് ജനങ്ങൾക്ക് ഏറ്റവും ഉയർന്ന ക്രൂഡ് ഓയിൽ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ളപ്പോഴും കുറഞ്ഞ നിരക്കിൽ ഡീസൽ ലഭ്യമാക്കിയിരുന്നത്. ലക്ഷക്കണക്കിന് കോടി രൂപ സബ്‌സിഡി ബിൽ ഉണ്ടായിരുന്നപ്പോഴും ഈ രാജ്യത്ത് മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പോലെ, ഭക്ഷ്യ സുരക്ഷാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും ഉൾപ്പടെ ലക്ഷക്കണക്കിന് കോടി രൂപയുടെ ഫ്‌ളാഗ്ഷിപ് പ്രോജക്റ്റുകൾ നടപ്പാക്കിയിരുന്നു.

സബ്‌സിഡി പൂർണ്ണമായി ഇല്ലാതെയായതോടെയും, ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു കൂപ്പു കുത്തിയതിലൂടെയും ദശലക്ഷക്കണക്കിന് കോടി രൂപ വരുമാന വർദ്ധനവ് ഈ സർക്കാരിന് ഉണ്ടായിട്ടുണ്ട്. എന്നാൽ ജനങ്ങളെ നികുതി ഭീകരതയിലൂടെ കൊള്ളയടിക്കുമ്പോഴും മോദി സർക്കാരിന് ഈ കഴിഞ്ഞ ഏഴു വർഷത്തിൽ ഇത്തരത്തിൽ ജനങ്ങളുടെ ജീവിതം ഗുണപരമായി മാറ്റുന്ന ഒരു പ്രൊജക്റ്റും അവകാശപ്പെടാനില്ല.

മൻമോഹൻ സിംഗ് തുടങ്ങി വച്ച, ഇന്ധന വില വിപണി നിശ്ചയിക്കുക എന്ന നയം മാറ്റം, ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ചുവട് വയ്പ്പായിരുന്നു. അത് പ്രകാരം ക്രൂഡ് ഓയിൽ വില കൂപ്പു കുത്തിയപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ മുന്നൂറ് ഇരട്ടിയോളം വർധിപ്പിച്ച് ജനങ്ങളിൽ നിന്ന് ആ പണം കൊള്ളയടിക്കുകയാണ്.

ദുർബലമായ ഒരു ജനതയ്ക്കെതിരെ എന്ത് ചൂഷണവും നടത്താനാവും. ഇന്ത്യൻ ജനതയെ ദുർബലമാക്കിയത് പരസ്പരം തമ്മിലടിപ്പിക്കുന്ന സംഘപരിവാർ അജണ്ടയ്ക്ക് വഴിപ്പെടുന്നതാണ്. ആ ദൗർബല്യത്തെ അതിജീവിച്ചെങ്കിൽ മാത്രമേ സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിലെ ബ്രിട്ടീഷ് സർക്കാറിനെ പോലും നാണിപ്പിക്കുന്ന ചൂഷണത്തിന് അറുതി വരുത്താനാവുകയുള്ളു. ഈ ചൂഷണത്തിനു എതിരെ ശക്തമായ പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉയർന്നു വരണം. അതിനു കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സതീശന്‍ പറഞ്ഞു.

vd satheesan
Advertisment