ദേശീയം

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന പ്രധാനമന്ത്രി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി; തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല-വി. മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 19, 2021

തിരുവനന്തപുരം: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്‍ പുലര്‍ത്താനാവില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്…

“നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം” ( ഡോ.എ.പി.ജെ അബ്‌ദുല്‍ കലാം).

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാര്‍ലമെന്‍ററികാര്യമന്ത്രി ശ്രീ.പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോള്‍ മനസ്സിലെത്തിയത് മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്.

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി.

തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല. നരേന്ദ്രമോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണം…

×