Advertisment

മാർപാപ്പയ്ക്ക് ഭഗവദ്ഗീതയും തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും സമ്മാനമായി നല്‍കി വി മുരളീധരന്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : മാർപാപ്പയ്ക്ക് ഭഗവദ്ഗീത അടക്കമുള്ള സമ്മാനങ്ങൾ നൽകി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ തൃശ്സൂരിൽ നിന്നുള്ള മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംഘത്തിന് നേതൃത്വം നൽകിയത് മുരളീധരനായിരുന്നു. ഇവിടെ വച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുരളീധരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.

Advertisment

publive-image

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ തൃശൂരിൽ നിന്നുള്ള മറിയം ത്രേസ്യ ഉൾപ്പടെ അഞ്ച് പേരെ വിശുദ്ധരായി മാർപ്പാപ്പ പ്രഖ്യാപിച്ച ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്തു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ സാക്ഷി നിർത്തിക്കൊണ്ട് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ചത്വരത്തിൽ മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ 29-ാം തീയതി 'മൻ കി ബാത്തി'ൽ സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നാണ്. സ്വിറ്റ്സർലാൻഡ്, ഇറ്റലി, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ.

ബ്രിട്ടീഷ് സംഘത്തിന്റെ തലവനായി എത്തിയ ചാൾസ് രാജകുമാരനടക്കം ഈ അഞ്ച് രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ തലവൻമാർക്ക് മാർപ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉണ്ടായിരുന്നു.

എന്റെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് മാർപ്പാപ്പ ആശംസകൾ നേർന്നു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.

കൂടാതെ കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഗറുമായും കൂടിക്കാഴ്ച നടത്തി.

Advertisment