മലയാള കവിതയിൽ പാരമ്പര്യ ശൈലിക്കൊപ്പം ആധുനികതയെയും സന്നിവേശിപ്പിച്ച കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി: ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 25, 2021

തിരുവനന്തപുരം: പ്ര​ശ​സ്ത ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മലയാള കവിതയിൽ പാരമ്പര്യ ശൈലിക്കൊപ്പം ആധുനികതയെയും സന്നിവേശിപ്പിച്ച കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്

കവിയും, അധ്യാപകനും ,നിരൂപകനുമായ, വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ. മലയാള കവിതയിൽ പാരമ്പര്യ ശൈലിക്കൊപ്പം ആധുനികതയെയും സന്നിവേശിപ്പിച്ച കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. മാനുഷിക മൂല്യങ്ങളും, പ്രകൃതിയും , ആത്മീയതയുമെല്ലാം അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു.

ഭാരതീയ ചിന്തധാരകളുടെ സ്വാധീനത്തിനൊപ്പം ആംഗലേയ സാഹിത്യത്തിലുള്ള അഗാധ പാണ്ഡിത്യവും വിഷ്ണുനാരായണൻ നമ്പൂതിരിയെ ഇതര കവികളിൽ നിന്ന് വ്യത്യസ്തനാക്കി. ആരണ്യകം, ഉജ്ജയിനിയിലെ രാപകലുകൾ, ഇന്ത്യയെന്ന വികാരം, ചാരുലത, ഭൂമിഗീതങ്ങൾ തുടങ്ങി ഓരോ കൃതിയും വായനക്കാർ നെഞ്ചോട് ചേർത്തു വെച്ചു.

മണ്ണിനെയും മനുഷ്യനെയും കുറിച്ച് വ്യാകുലപ്പെട്ടിരുന്ന കവി സാഹിത്യ ലോകത്ത് ഉന്നത ശ്രേണിയിൽ വിരാജിക്കുമ്പോഴും ലളിത ജീവിതം നയിച്ചു. സ്ഥാനമാനങ്ങളേക്കാൾ വലുതായി ഈശ്വരസേവയാണ് കർമ്മപഥത്തിൽ ഏറ്റവും ശ്രേഷ്ഠമെന്ന തിരിച്ചറിഞ്ഞ കവി അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയാകുന്നതിൽ സംതൃപ്തിയും സായൂജ്യവും കണ്ടെത്തി. പത്മശ്രീ നൽകി രാജ്യം ആദരിച്ച കവിയുടെ വേർപാട് സാഹിത്യ, സാംസ്കാരിക മേഖലയിൽ മലയാളത്തിന് തീരാ നഷ്ടമാണ്.

×