കേന്ദ്രത്തിന്റെ തെറ്റായ വാക്‌സിന്‍ നയം മൂലം വിതരണം താറുമാറായിക്കഴിഞ്ഞു; മിക്ക കേന്ദ്രങ്ങളിലും വാക്‌സിന്‍ കിട്ടാനില്ല; കൊവിഡ് കാലത്ത് അരുതാത്തതൊക്കെയും സംഭവിക്കുന്നു ! കേന്ദ്രത്തിന് പ്ലാനും പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് വാക്‌സിന്‍ വിതരണത്തിലെ പാളിച്ചകള്‍; അതിനും പുറമേയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം കൊണ്ടുവരുന്ന അപകടം ! ഡോ. മന്‍മോഹന്‍സിങിന്റെ നടപടിയെ അവഗണിക്കാനാണ് ഒരു മുതിര്‍ന്ന ഡോക്ടര്‍ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രമം; അവിടെയും രാഷ്ട്രീയം കാണുന്നത് കഷ്ടം തന്നെ – ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Friday, April 23, 2021

എഡിറ്റോറിയല്‍ / രാജ്യത്തെ ദുരന്തം വേട്ടയാടുമ്പോള്‍ കോവിഡ് രാഷ്ട്രീയമോ ? കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ വാക്സിന്‍ നയം മൂലം വിതരണം പാടേ താറുമാറായിക്കഴിഞ്ഞു. കേരളത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളിലൊക്കെയും പലതരം പ്രശ്നങ്ങളാണ്. മിക്ക കേന്ദ്രങ്ങളിലും വാക്സിന്‍ കിട്ടാനില്ലെന്നത് പ്രധാന പ്രശ്നം.

കൃത്യമായി അറിയിപ്പു ലഭിക്കാത്തതിനാല്‍ വലിയ പ്രതീക്ഷയുമായി ആളുകള്‍ ഈ കേന്ദ്രങ്ങളില്‍ തടിച്ചു കൂടുന്നു. പലയിടത്തും നീണ്ട ക്യൂ, കാത്തിരുന്നു ക്ഷമ നശിക്കുന്നവരുടെ പ്രതിഷേധം, പോലീസിടപെടല്‍ – കോവിഡ് കോലത്ത് അരുതാത്തതൊക്കെയും സംഭവിക്കുന്നു.

കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്‍കൂട്ടി പ്രത്യേക പദ്ധതി തയ്യാറാക്കാത്തതാണ് പ്രശ്നം ഇത്രകണ്ട് വഷളായതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍ മോഹന്‍ സിങ്ങ് നാലുദിവസം മുമ്പാണ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞത്. കാര്യങ്ങള്‍ ഒരു കത്തായി എഴുതി പ്രധാന മന്ത്രിക്കയച്ചു കൊടുക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

സ്വന്തം വിദ്യാഭ്യാസപശ്ചാത്തലത്തിന്‍റെയും പരിശീലനത്തിന്‍റെയും പത്തു വര്‍ഷക്കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ തന്നെയാണ് ഡോ. മന്‍ മോഹന്‍ സിങ്ങ് തികച്ചും ആധികാരികമായ ആ പ്രസ്താവന നടത്തിയത്. ഏതൊരു സര്‍ക്കാരിനും അത്യാവശ്യം വേണ്ട ഒരു നടപടിയാണ് പ്ലാനിങ്ങ്. ഏതൊരു നടപടി സ്വീകരിക്കുമ്പോഴും മുന്‍കൂട്ടി വ്യക്തമായ പദ്ധതി തയ്യാറാക്കണം.

പ്രഗത്ഭരായ ഭരണ കര്‍ത്താക്കളൊക്കെയും ഇങ്ങനെ ഓരോ ഭരണ നടപടിക്കും വ്യക്തമായ പദ്ധതി മുന്‍കൂട്ടി തയ്യാറാക്കും. അതനുസരിച്ച് പരിപാടികള്‍ കൃത്യതയോടെ നടപ്പാക്കും. ഒരു പാലം പണിയാനാണെങ്കിലും ശത്രു രാജ്യത്തോട് യുദ്ധം ചെയ്യാനാണെങ്കിലും രാജ്യം മുഴുവന്‍ വാക്സിനേഷന്‍ നടപ്പാക്കാനാണെങ്കിലും ഇങ്ങനെ വ്യക്തമായ പ്ലാന്‍ ഉണ്ടാക്കണം.

കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു പ്ലാനും പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് വാക്സിന്‍ വിതരണത്തിലെ പാളിച്ചകള്‍ വെളിവാക്കുന്നു. അതിനും പുറമെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്സിന്‍ നയം കൊണ്ടുവരുന്ന അപകടം.

രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന വാക്സിന്‍ മതിയാവില്ലെന്നു വളരെ വൈകി മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലെ ഉല്‍പാദകരില്‍ നിന്നും വാങ്ങാനുള്ള ശ്രമത്തിലാണ്. ആവശ്യമുള്ളതിന്‍റെ പകുതി വാക്സിന്‍ കേന്ദ്രം വാങ്ങും.

ബാക്കി പകുതി സംസ്ഥാന സര്‍ക്കാരും സ്വകാര്യ ഏജ‍ന്‍സികളും വാങ്ങി വിതരണം ചെയ്യണമെന്നതാണ് പുതിയ നയം. ഇതിനു പണം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നര്‍ഥം. കേരളത്തിന് ഈ നിലയ്ക്ക് ആയിരം കോടിയിലധികം രൂപാ ചെലവാക്കേണ്ടിവരും. ഈ നയം തെറ്റാണെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡംഗം ഡോ. ബി ഇക്ബാല്‍ കുറ്റപ്പെടുത്തിക്കഴിഞ്ഞു.

ആശുപത്രികളുടെ നടത്തിപ്പിലും കോവിഡ് മാനേജ്മെന്‍റിലുമെല്ലാം വലിയ പാകപ്പിഴകള്‍ കാണുന്നുണ്ട്. ഡല്‍ഹിയില്‍ വലിയ സ്വകാര്യ ആശുപത്രികളില്‍പോലും പ്രാണവായു കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു. കോവിഡ് ബാധിച്ചാല്‍ ശരീരത്തില്‍ ഓക്സിജന്‍റെ അളവു കുറയുക സ്വാഭാവികമാണ്. പ്രതിവിധി അടിയന്തിരമായി ഓക്സിജന്‍ നല്‍കുക എന്നതു മാത്രമാണ്.

ഓക്സിജന്‍ സ്റ്റോക്കില്ലാതായാല്‍പിന്നെ മരണം നിശ്ചയം. ഒരു ശ്വാസം പോലും തടസപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ട് നമുക്കറിയാം. ആശുപത്രിക്കിടക്കയില്‍ പ്രാണവായു കിട്ടാതെ ശ്വാസം മുട്ടി മരിക്കേണ്ടിവരുന്നവരുടെ ഗതിയോ ? ആരാണ് ഇത്തരം മരണങ്ങള്‍ക്കുത്തരം പറയുക ? എന്തായാലും ഭീകരമായ അവസ്ഥതന്നെയാണിത്.

വാക്സിന്‍ വിതരണത്തിന് പ്രത്യേക പദ്ധതി വേണമെന്ന് ഡോ. മന്‍ മോഹന്‍ സിങ്ങ് പറഞ്ഞത് സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ്. രാജ്യത്തെ അപകടത്തില്‍ നിന്നു രക്ഷിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അത് പറയാനുള്ള യോഗ്യതയും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ നടപടിയെ അവഗണിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ തുനിഞ്ഞത്. ഒരു മുതിര്‍ന്ന ഡോക്ടര്‍ കൂടിയാണ് അദ്ദേഹം എന്നോര്‍ക്കുക. അവിടെയും രാഷ്ട്രീയം കാണുന്നത്‌ കഷ്ടം തന്നെയാണ്. കോവിഡ് ബാധിച്ച് ആളുകള്‍ ശ്വാസംമുട്ടി മരിക്കുകയാണെന്നോര്‍ക്കണം. പദ്ധതി കൊണ്ടുവരാന്‍ സുപ്രീം കോടതിയും കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുന്നു.

– ചീഫ് എഡിറ്റര്‍

×