Advertisment

കായലിൽ നിന്നു വരാൽ മീൻ പിടിച്ചു ദേശീയപാതയിൽ വിൽപന നടത്തി തുടക്കം; ബേക്കറിയില്‍ നിന്ന് പലഹാരം മോഷ്ടിച്ചതിന് ജയിലില്‍ കിടന്നു; ബൈക്ക് മോഷ്ടാക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ കണ്ട് ബൈക്ക് മോഷണത്തില്‍ ആകൃഷ്ടനായി; കാമുകിയെ കാണാന്‍ എടത്വയിലെത്തിയത് കായലില്‍ നീന്തി; വടിവാള്‍ വിനീതിന്റെ ജീവിതം ഇങ്ങനെ..

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : ദേശീയ പാതകൾ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കത്തി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീത് മറ്റു 3 പേരോടൊപ്പം എടത്വയിലെ ഒഴിഞ്ഞ വീട്ടിൽ താമസമാക്കിയതോടെയാണു മോഷണത്തിലേക്കു തിരിയുന്നത്.

Advertisment

publive-image

കായലിൽ നിന്നു വരാൽ മീൻ പിടിച്ചു ദേശീയപാതയിൽ വിൽപന നടത്തിയാണു സംഘത്തിന്റെ തുടക്കം. ഇടയ്ക്ക്, ബേക്കറിയിൽ നിന്നു ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചതിനു പിടിയിലായി കുട്ടികളുടെ ജയിലിൽ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച വിനീതിന് ബൈക്ക്, കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മെക്കാനിക്കൽ- ഇലക്ട്രിക്കൽ കാര്യങ്ങളെക്കുറിച്ചു നല്ല അറിവുണ്ടായിരുന്നു. ബൈക്ക് മോഷ്ടാക്കളായ ചെറുപ്പക്കാർ കൊണ്ടുവരുന്ന വാഹനങ്ങൾ കണ്ടാണു ബൈക്ക് മോഷണത്തിൽ ആകൃഷ്ടനായത്.

നേരത്തെ സൈക്കിൾ മോഷ്ടിച്ചതിനു പിടിയിലായെങ്കിലും ബന്ധുക്കൾ ഇടപെട്ടു പൊലീസിൽ നിന്നു മോചിപ്പിച്ചിരുന്നു. ഇതിനിടെ, പ്രദേശവാസിയായ ഒരു ബൈക്ക് മോഷ്ടാവ് തോട്ടിൽ 24 ബൈക്കുകൾ ഒളിപ്പിച്ചു. ഇതിൽ ഒരെണ്ണം വിനിതിനും കിട്ടി. ഇതോടെ ബൈക്ക് മോഷണത്തിലായി ശ്രദ്ധ. കേസുകളിൽപ്പെട്ട് പിടിയിലായി 2019 ൽ ഇറങ്ങിയെങ്കിലും എറണാകുളത്തു കുത്തുകേസിൽ വീണ്ടും പിടിക്കപ്പെട്ടു. അന്നു ജയിലിലായെങ്കിലും 20000 രൂപ സംഘടിപ്പിച്ചു ജാമ്യത്തിലിറങ്ങുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.

എറണാകുളത്തു പിടിയിലായി, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്്മെന്റ് സെന്ററിൽ പാർപ്പിച്ചിരിക്കെ, അവിടെ നിന്നു രക്ഷപ്പെട്ട വിനീത്, എടത്വയിലെ ബന്ധുവീട്ടിലായിരുന്ന കാമുകി ഷിൻസിയെ കാണാൻ കായൽ നീന്തിയാണ് എത്തിയത്. ഷിൻസിയെ കണ്ടെങ്കിലും ഒപ്പം വിടാൻ ബന്ധുവീട്ടുകാർ തയാറായില്ല.

നേരത്തെ ഷിൻസിയെ അവരുടെ വീട്ടിൽ നിന്നു വിളിച്ചിറക്കി വിനീത് സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും അവിടെ താമസിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. വിനീതിന് അന്ന് 21 വയസ്സും ഷിൻസിക്ക് 19 വയസ്സുമായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ വിനീതും ഷിൻസിയും ആ രാത്രി മുഴുവൻ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കഴിഞ്ഞു.

പിന്നീട് ഷിൻസിയെ ബന്ധുവീട്ടിലാക്കി വിനീത് എറണാകുളത്തേക്കു പോയി. അവിടെ മോതിരം കവർന്ന കേസിൽ പിടിക്കപ്പെട്ടു. പിന്നീട് കോന്നിയിൽ റബർ വെട്ടുകാരനായും ജോലി നോക്കി.

എറണാകുളത്തുവച്ചു പരിചയപ്പെട്ട മിഷേലുമായി വിനീത് തമിഴ്നാട്ടിലേക്കു പോയതു കായംകുളത്തു നിന്നു മോഷ്ടിച്ച വാനിലായിരുന്നു. ഷിൻസിയും മറ്റു 3 പേരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ കേസിൽ പൊലീസ് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ പൊലീസിനെ കണ്ട സംഘം പല ദിക്കിലേക്ക് ഓടി.

ഷിൻസിയുടെ കൈ പിടിച്ചു സിനിമാ സ്റ്റൈലിൽ വിനീത് ഓടി രക്ഷപ്പെട്ടു. വരുന്ന വഴി ബൈക്ക് മോഷ്ടിച്ച് അതിൽ മാർത്താണ്ഡത്തെത്തി അവിടെ പരിചയക്കാരന്റെ വീട്ടിൽ രാത്രി തങ്ങി. പിന്നീട് പാരിപ്പള്ളിയിലെത്തി വാൻ കവർന്നു.

ഷിൻസിയുമൊത്ത് ഇതിൽ പോകവെ, എടത്വ ഭാഗത്തുവച്ചു വാനിൽ പെട്രോൾ തീർന്നു. അവിടെ വച്ചു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥൻ സമീപിച്ചെങ്കിലും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.

ഹൈവേ കൊള്ളയ്ക്കു രാത്രി വിനീത് ഇറങ്ങിയാലുടൻ, ആദ്യം ചെയ്യുക വണ്ടി മോഷ്ടിക്കുകയാണ്. കോന്നിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് അതിൽ ബെംഗളൂരുവിലേക്കു പോയ ഇയാൾ അവിടെ നിന്നു വാൻ മോഷ്ടിച്ച് അതിൽ തലശ്ശേരിയിലെത്തി. ഇന്ധനം തീരുമ്പോൾ ഓരോ പമ്പുകളിൽ കയറി നിറയ്ക്കും. ഇന്ധനം നിറച്ചാലുടൻ വണ്ടി വിട്ടു കടന്നുകളയുകയാണു പതിവ്. തടഞ്ഞാൽ കത്തി കാട്ടി വിരട്ടും.

ചെങ്ങന്നൂരിൽ നിന്നു മോഷ്ടിച്ച കാറുമായി രാവിലെ കൊല്ലം നഗരത്തിൽ എത്തിയ ഇയാൾ ഇവിടെ അൽപനേരം തങ്ങിയതാണു വിനയായത്. കൊല്ലം നഗരത്തിൽ പരിചയപ്പെട്ടയാളെ പിന്തുടർന്ന പൊലീസിനെ കണ്ട് ഇയാൾ കാർ ഉപേക്ഷിച്ച് ഓടി. എസ്എംപി പാലസിനടുത്തു നിന്നു ബൈക്ക് മോഷ്ടിച്ച് അതിൽ പള്ളിത്തോട്ടത്തെത്തി.

അവിടെ നിന്നു മറ്റൊരു ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷ്ടിച്ച് നാഗർകോവിലിലേക്ക്. അവിടെ നിന്നു രാത്രി തന്നെ തിരിച്ചെത്തി ചവറയിലും ശാസ്താംകോട്ടയിലുമൊക്കെ കൊള്ള നടത്തി തിരുവനന്തപുരത്തേക്കു മടങ്ങി തമ്പാനൂർ ബസ് സ്റ്റാൻഡിൽ രാത്രി കിടന്നു. അവിടെ നിന്നു ചടയമംഗലം വഴി വീണ്ടും കൊല്ലത്തെത്തിയപ്പോഴാണ് പിടിയിലായത്.

vadival vineeth
Advertisment