Advertisment

ചാര്‍ട്ടേഡ് വിമാനത്തില്‍ നാടണയാന്‍ ഒരു ദിനം മാത്രം ബാക്കി; നാട്ടിലേക്ക് പോകാന്‍ പെട്ടി കെട്ടി കാത്തിരുന്ന മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ: നാട്ടിലേക്ക് പോകാന്‍ പെട്ടി കെട്ടി കാത്തിരുന്ന മലയാളി യുവാവ് മരിച്ചത് സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അടുത്ത ദിവസം നാടണയാനിരുന്ന മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി തിരുനാവായ കളത്തില്‍ മുഹമ്മദ് സലീഖ് (42) ആണ് മരിച്ചത്.

Advertisment

publive-image

ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൂടെ താമസിക്കുന്നവര്‍ പറയുന്നതിങ്ങനെ:

നാട്ടില്‍ പോകുന്നവര്‍ക്ക് ആറു മാസത്തെ ലീവ് തരാമെന്ന് കമ്പനി അറിയിച്ചത് പ്രകാരം അങ്ങനെ പോകുന്ന 120 പേരുടെ ലിസ്റ്റില്‍ സലീഖിന്റെ പേര് ആദ്യം ഇല്ലായിരുന്നു. അതില്‍ അദ്ദേഹത്തിന് മന:പ്രയാസമുണ്ടായിരുന്നു. ഉടനെ പോകുന്ന നാലു പേര്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ ഷാര്‍ജയില്‍ പോയി തിരിച്ചു വന്നതായിരുന്നു സലീഖ്.

കുളിച്ചു വന്ന് ഭക്ഷണം കഴിക്കാനിരുന്ന സലീഖ്, ചെവിയുടെ പിറകു വശത്ത് നല്ല വേദനയുണ്ടെന്ന് പറഞ്ഞു. തല ചുറ്റുന്നുവെന്ന് പറഞ്ഞ് കിടക്കുകയും ചെയ്തു. കൂടെ താമസിക്കുന്നവര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചു. രക്തസമ്മര്‍ദം കൂടി ശിരസ്സിലെ ഞരമ്പ് പൊട്ടിയതാണെന്നാണ് ആശുപത്രിയില്‍ നിന്നറിയിച്ചത്. ഉടന്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചു.

ഇതിനിടക്ക് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായി കണ്ടു. പിന്നീട് നടന്ന രണ്ടു പരിശോധനകളിലും നെഗറ്റീവ് ആയിരുന്നു. എന്നാല്‍, ഇത്തരം അവസ്ഥയില്‍ മരിച്ചാല്‍ ആദ്യം രേഖപ്പെടുത്തിയ പോസിറ്റീവ് സ്റ്റാറ്റസ് ആണ് കണക്കാക്കുകയെന്നതിനാലാണ് സലീഖ് കോവിഡ് മൂലമാണ് മരിച്ചതെന്ന ഔദ്യോഗിക നിലയുണ്ടായത്.

അതിനാല്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനായില്ല എന്നും സുഹൃത്ത് പറഞ്ഞു. ഇന്‍ട്രാ സെറിബ്രല്‍ ഹെമറേജ് മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ന്യൂമോണിയയും മരണ കാരണമായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച ഉച്ചക്ക് അല്‍ഖൂസ് ഖബര്‍സ്താനില്‍ ഖബറടക്കം നടന്നു. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി, ഉസ്മാന്‍ പൂക്കാട്ടിരി, ശരീഫ് കരേക്കാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ദുബൈയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ റിക്രൂട്ട് ചെയ്ത് എത്തിയ നൂറുകണക്കിന് ആളുകളിലൊരാളായിരുന്നു മുഹമ്മദ് സലീഖ്. ഇവിടെ എത്തിയപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ലോക്ക്ഡൗണില്‍ പെട്ടു. ഇതിനിടക്ക് നാട്ടിലേക്ക് കയറ്റി വിടണമെന്ന് കമ്പനിയെ അറിയിച്ചത് പ്രകാരം കോണ്‍സുലേറ്റ് ഇടപെടലില്‍ 300 പേരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അയക്കാന്‍ കമ്പനി തയാറായി. ഇതിലുള്‍പ്പെട്ടയാളായിരുന്നു മുഹമ്മദ് സലീഖ്.

നാട്ടിലേക്ക് പോകാന്‍ താമസ സ്ഥലത്ത് പെട്ടി കെട്ടി തയാറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ റാഷിദ് ആശുപത്രിയില്‍ എത്തിച്ചു. ആറു ദിവസമായി വെന്റിലേറ്റര്‍ സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്.

pravasi malayali pravasi malayali death
Advertisment