Advertisment

നാട്ടിലെത്തിക്കാന്‍ വൈകിയതിനെ തുടർന്ന് കുവൈറ്റ് മലയാളി മരണത്തിനു കീഴടങ്ങിയ സംഭവത്തിനു പിന്നാലെ മുന്‍ഗണനാ പട്ടിക അട്ടിമറിച്ചു എംബസിയുടെ വിവാദ വോളന്റിയറുടെ ഭാര്യയേയും മക്കളെയും നാട്ടിലേയ്ക്ക് കടത്തിവിട്ടതിന്റെ രേഖകള്‍ പുറത്ത്. പക്ഷാഘാതം മൂലം ഭാഗികമായി ചലനശേഷി നഷ്ട്ടപെട്ട മലയാളിയെവരെ മാറ്റി നിര്‍ത്തി നാട്ടിലെത്തിച്ചത് ആരോപണ വിധേയന്‍റെ കുടുംബത്തെ ?

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്‌ : ശ്വാസകോശ സംബന്ധമായ അസുഖം കലശലായ പ്രവാസി മലയാളി നാട്ടിലെത്താന്‍ വൈകിയതിനെ തുടർന്ന് നാട്ടിലെത്തി പിറ്റേ ദിവസം മരണത്തിനു കീഴടങ്ങിയ സംഭവത്തിനു പിന്നാലെ മുന്‍ഗണനാ പട്ടിക അട്ടിമറിച്ചു എംബസിയുടെ വിവാദ വോളന്റിയറുടെ ഭാര്യയേയും മക്കളെയും നാട്ടിലേയ്ക്ക് കടത്തിവിട്ടതിന്റെ രേഖകള്‍ പുറത്ത്.

പക്ഷാഘാതം മൂലം ഭാഗികമായി ചലനശേഷി നഷ്ട്ടപെട്ട മലയാളി ഉള്‍പ്പെടെ അര്‍ഹരായ നിരവധി പേര്‍ നാട്ടിലെത്താന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് എംബസി വോളന്റിയറുടെ കുടുംബം നാടണഞ്ഞത്. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തില്‍ 12A, 12B, 12C സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര .

ശ്വാസകോശ സംബന്ധമായ അസുഖത്തിനു കുവൈറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്‌ സ്വദേശി പടിഞ്ഞാർ അബ്ദുള്ളയ്ക്ക് നാട്ടിലെത്തിച്ച് വിദക്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ആദ്യ ഫ്ലൈറ്റില്‍ ടിക്കറ്റിനായി എംബസിയെ സമീപിച്ചിരുന്നു.

publive-image

< കഴിഞ്ഞ ദിവസം മരിച്ച പടിഞ്ഞാർ അബ്ദുള്ള >

പക്ഷേ അന്നും എംബസിയുടെ ഷെഡ്യൂള്‍ ചെയ്ത ലിസ്റ്റില്‍ അകപ്പെട്ട നാല്‍പ്പതോളം പേര്‍ക്ക് അവസാന നിമിഷം ടിക്കറ്റ് നിക്ഷേധിക്കുകയായിരുന്നു. ഇവര്‍ക്ക് പകരം മുന്‍ഗണനാ ക്രമം മറികടന്നു മറ്റു പല ഇഷ്ടക്കാരെയും നാട്ടിലെത്തിച്ചു. പിന്നീട് രണ്ടാമതായി വന്ന കോഴിക്കോട് വിമാനത്തിലാണ് അബ്ദുള്ളയ്ക്ക് ടിക്കറ്റ് ലഭിച്ചത്.

ആശുപത്രിയിൽ നിന്ന് നേരിട്ട് എയർപോർട്ടിലെത്തിച്ചായിരുന്നു 13 നു പുറപ്പെട്ട വിമാനത്തില്‍ ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. വിമാനം ഇറങ്ങിയ ഉടന്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേയ്ക്കും മികച്ച ചികിത്സ ലഭിക്കാതെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും പിറ്റേ ദിവസം മരണം സംഭവിക്കുകയുമായിരുന്നു. എംബസി അധികൃതര്‍ അല്‍പ്പം കരുണ കാണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് അബ്ദുള്ളയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

സമാന സാഹചര്യം തന്നെയാണ് പക്ഷാഘാതം മൂലം ഭാഗികമായി ചലനശേഷി നഷ്ട്ടപെട്ട മലയാളിയുടെ കാര്യത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോക് ഡൌണിനു ശേഷം കുവൈറ്റില്‍ നിന്നും പുറപ്പെട്ട രണ്ടു ഫ്ലൈറ്റുകളിലും ഇദ്ദേഹത്തെ കയറ്റിവിടാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സകല പരിശ്രമങ്ങളും നടത്തിയിരുന്നു. ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തതാണ്.

publive-image

പക്ഷേ അവസാന നിമിഷം അവശ നിലയിലുള്ള ഈ രോഗിക്ക് യാത്രാനുമതി നിക്ഷേധിക്കുകയും എംബസിയുമായി ബന്ധപ്പെട്ടു പറഞ്ഞുകേള്‍ക്കുന്ന സകല തട്ടിപ്പുകളുടെയും കേന്ദ്രബിന്ദുവായ മാഫിയയിലെ പ്രധാന കണ്ണിയായ ആളുടെ ഭാര്യയെയും രണ്ടു മക്കളെയും കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കുകയും ചെയ്തു.

കുവൈറ്റില്‍ നിരവധി ആരോപണങ്ങള്‍ തെളിവ് സഹിതം പുറത്തുവരികയും അന്വേഷണം ആരംഭിക്കാനിരിക്കുകയും ചെയ്യവേയാണ് അടിയന്തിര സാഹചര്യങ്ങളിലുള്ള ആളുകളെ കൊണ്ടുപോകാനുള്ള യാത്രാസൗകര്യം പ്രയോജനപ്പെടുത്തി ഇയാളുടെ കുടുംബത്തെ നാട്ടിലേയ്ക്ക് കടത്തിയിരിക്കുന്നത്.

ഇന്ത്യാ - കുവൈറ്റ്‌ സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തി സദുദ്ധേശപരമായി ആരംഭിച്ച വന്ദേ ഭാരത്‌ ദൗത്യം അട്ടിമറിച്ച് അതീവ ഗുരുതരമായ ക്രമക്കേടാണ് മനുഷ്യത്വ രഹിതമായ ഇടപെടലിലൂടെ നടത്തിയിരിക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടാനുള്ളവര്‍ക്കായി വ്യാജ രേഖകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിലും സംശയം ബാക്കിയാണ്.

publive-image

< പക്ഷാഘാതം ബാധിച്ച മലയാളി >

കഴിഞ്ഞ ദിവസം പുതുമാപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ ഹിന്ദിക്കാരനായ ഇന്ത്യന്‍ പൌരനെ നാട്ടിലെത്തിക്കാന്‍ എംബസി വോളന്റിയര്‍ 120 കെ ഡി കൈക്കൂലി  വാങ്ങിയെന്ന് വെളിപ്പെടുത്തല്‍ പുറത്തുവരികയും ഇതോടെ ഇയാള്‍ പണം തിരികെ നല്‍കുകയും ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു.

പണം തിരികെ നല്‍കിയതിനു തൊട്ടുപിന്നാലെ ഇക്കാര്യം വെളിപ്പെടുത്തിയത് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണെന്നു പറയണമെന്നും അങ്ങനെ പറഞ്ഞാല്‍ വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേയ്ക്കു പുറപ്പെടുന്ന വിമാനത്തില്‍ ഇയാളെ നാട്ടിലേയ്ക്ക് കയറ്റി വിടാം എന്നും എംബസി വോളന്റിയര്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുന്‍ഗണന പട്ടിക മറികടന്നു ആളുകളെ കയറ്റി വിടുന്നതിനുള്ള തെളിവായിരുന്നു ഇത്.

ഇതേ വോളന്റിയറുടെ കുടുംബത്തെയാണ് ഇക്കാര്യങ്ങളില്‍ അന്വേഷണം വരുന്നതിനു തൊട്ടുമുന്‍പായി നാട്ടിലെത്തിച്ചത്. എംബസിയിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇയാള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്ന ആരോപണം ശക്തമാണ്.

ഇതോടെ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എംബസിയുടെ ഭാഗത്തുനിന്നും ഇത്രയും ഗുരുതരമായ ഇടപെടല്‍ ഉണ്ടായിട്ടും മുഖ്യധാരാ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ തുടരുന്ന മൗനം അതിശയിപ്പിക്കുന്നതാണ്.

corona kuwait
Advertisment