നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്‍റെ പൂഴിക്കടക്കന്‍ ! വാരണാസിയില്‍ മത്സരിക്കാനുറച്ച് പ്രിയങ്ക. രാഹുലിനെതിരെ കൊണ്ടുവന്ന സ്മൃതി ഇറാനി ‘വ്യാജ’ ഡിഗ്രിയില്‍ കുടുങ്ങി പൊളിഞ്ഞതോടെ തിരിച്ചടിച്ച് കോണ്‍ഗ്രസ് നീക്കം !

ജെ സി ജോസഫ്
Saturday, April 13, 2019

ലക്നൗ∙ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഓരോന്നും തകരുന്നതിനു പിന്നാലെ ആവനാഴിയിലെ സുപ്രധാന അടവുകള്‍ പ്രയോഗിച്ചു തിരിച്ചടിച്ച് നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്.

ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ അണിനിരത്തിയ സ്മൃതി ഇറാനിയുടെ കഴിഞ്ഞ തവണയുണ്ടായിരുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് ഇത്തവണ കാണാതെപോയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കി തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

വാരാണസിയിൽ മൽസരിക്കാൻ പ്രിയങ്ക സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വാരണാസിയില്‍ മോഡിയെ സമ്മര്‍ദ്ധത്തിലാക്കുകയാണ് ലക്‌ഷ്യം .

പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലൊരു കാര്യം ആലോചനയിലില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

കൂടാതെ പ്രിയങ്ക താൽപര്യമറിയിച്ചാൽ മൽസരിക്കാൻ അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മല്‍സര സന്നദ്ധത പ്രിയങ്ക തന്നെ നേരിട്ടറിയിച്ചെന്നാണു വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. പത്രികാ സമർപ്പണത്തിന്റെ അവസാനദിനം അപ്രതീക്ഷിതമായി പ്രിയങ്കയെ കളത്തിലിറക്കാനാണ് ആലോചന.

അങ്ങനെയെങ്കില്‍ എസ്പി – ബിഎസ്പി പ്രതിപക്ഷ സഖ്യത്തിന്‍റെ പിന്തുണ വാരാണസിയിൽ പ്രിയങ്കയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത് . പ്രതിപക്ഷ സഖ്യം വാരണാസിയില്‍ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മോദിക്കെതിരെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതു സംബന്ധിച്ച് കക്ഷികൾക്കിടയിൽ അണിയറ ചർച്ചകൾ സജീവമാണ്.

വാരാണസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്കു പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നതു തങ്ങൾക്കു നേട്ടമാകുമെന്ന ചിന്ത കോൺഗ്രസിലുണ്ട്.

വാരണാസിയില്‍ തോറ്റാല്‍ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ പ്രയാസം നേരിടും. ഇതര കക്ഷികളുടെ പിന്തുണ തേടേണ്ടിവന്നാല്‍ അവര്‍ ആദ്യം ആവശ്യപ്പെടുക മോഡിയെ മാറ്റി നിഥിന്‍ ഗഡ്ഗരിയെ പ്രധാനമന്ത്രിയാക്കണം എന്നാകും . അത് മോഡിക്ക് നന്നായറിയാം. മെയ് 19-നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.

×