Advertisment

അയല്‍വാസിയായ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി; 24 വര്‍ഷത്തിനു ശേഷം ലോക്ഡൗണ്‍ കാലത്ത് ബന്ധുക്കളെ കാണാനെത്തിയ പ്രതിയെ കുറവിലങ്ങാട് പൊലീസ് പിടികൂടിയത് തന്ത്രപരമായി

New Update

കോട്ടയം: അയൽവാസിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 24 വർഷങ്ങൾക്കു ശേഷം പൊലീസിന്‍റെ പിടിയിലായി. കാണക്കാരി കുറ്റിപ്പറമ്പിൽ വർക്കിയാണ് കോട്ടയം കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതി കർണാടകയിലെ ശിവമൊഗ്ഗയിലാണ് ആൾമാറാട്ടം നടത്തി താമസിച്ചിരുന്നത്.

Advertisment

publive-image

1996 ഓഗസ്റ്റ് 23ന് രാത്രി 9 നാണ് കാണക്കാരി അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്. മൃതദേഹം സമീപത്തെ പാടശേഖത്തോടു ചേർന്ന കുളത്തിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. പ്രതി അയൽവാസിയായ കുറ്റിപ്പറമ്പിൽ വർക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുൻപ് വർക്കി മുങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും വർക്കിയെ കണ്ടെത്താനായില്ല.

മുങ്ങി നടന്ന വർക്കിക്ക് പക്ഷെ ലോക്ഡൗൺ കാലം കുരുക്കായി. 24 വർഷങ്ങൾക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കളെ കാണാനെത്തിയ വർക്കിയെ കുറവിലങ്ങാട് പൊലീസ് തന്ത്രപരമായി പിടികൂടി. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വർക്കി എത്തിയത്.

നർകോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പ്രതിയെ പിടികൂടി. തമിഴ്നാട്ടിലും തുടർന്ന് കർണാടകയിലെ ശിവമൊഗ്ഗയിലുമാണ് വർക്കി ഒളിവിൽ കഴിഞ്ഞത്. അലക്സ് എന്ന പേരിൽ വ്യാജ ആധാർ, തിരിച്ചറിയൽ കാർഡുകളും സംഘടിപ്പിച്ചു.

സംസ്ഥാനം വിട്ട് പോയ ശേഷം ആദ്യമായാണു പ്രതി നാട്ടിലെത്തുന്നത്. അറസ്റ്റിലായപ്പോഴും പ്രതി താൻ അലക്സ് ആണെന്ന് ആവർത്തിച്ചു. എന്നാൽ കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉൾപ്പെടെയുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞു. ശിവമൊഗ്ഗയിൽ ടാപ്പിങ് തൊഴിലാളിയാണെന്നും വിവാഹിതനല്ലെന്നുമാണ് വർക്കി പൊലീസിനോടു പറഞ്ഞത്. നടന്നാണ് വന്നതെന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല.

murder case varkkey arrest
Advertisment