Advertisment

യാത്രക്കിടെ ഒരു ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി - 'ചലനം-ചലനം ... ആ പാട്ട് ഇപ്പോഴും ഹിറ്റാണ്, കവിയും !! വയലാര്‍ മരണത്തെയും അതിജീവിച്ച പ്രതിഭ !!

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

-ജോയി കള്ളിവയലില്‍  ( ഒക്ടോബർ 27 വയലാര്‍ ചരമവാർഷികദിനം - 1928-1975 )

Advertisment

അര്‍ധരാത്രി. കാറില്‍ ഒരു മയക്കത്തിലാണ് വയലാര്‍. അപ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ എന്തോ ഓര്‍ത്തെന്നപോലെ വയലാറിനെ തട്ടിയുണര്‍ത്തുന്നു , "കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്. പാട്ടെഴുതിയോ? ''വയലാര്‍ ചുറ്റും നോക്കി. ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി. അഞ്ചുമിനിറ്റ്. എഴുതിയത് സുഹൃത്ത് ശോഭനാ പരമേശ്വരന്‍നായര്‍ക്ക് കൈമാറി.

ശോഭനാ പരമേശ്വരന്‍നായര്‍ കടലാസിലേക്ക് നോക്കി. അതാ മഞ്ഞിലാസിനുവേണ്ടിയുള്ള പാട്ട്. "ചലനം-ചലനം-ചലനം മാനവജീവിത പരിണാമത്തിന്‍ മയൂരസന്ദേശം''വേറൊരു കഥ-കാലത്ത് അഞ്ചുമണിക്ക് ആധിയോടെ പ്രൊഡ്യൂസര്‍ മദ്രാസ് പാംഗ്രൂവ് ഹോട്ടലില്‍ എത്തുന്നു. രാവിലെ ഒമ്പതുമണിക്ക് റെക്കോഡിങ് ആണ്. ആറുമാസമായി വയലാറിനോട് പാട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുന്നു.

ഇന്നലെ രാത്രിയും വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിവരെ കൂട്ടുകാരുമൊത്ത് ആഘോഷത്തിലായിരുന്ന വയലാര്‍ ഫോണിലൂടെ താന്‍ പറയുമ്പോള്‍ വരുന്നതല്ല ഭാവന എന്ന് കയര്‍ക്കുകയാണത്രെ ഉണ്ടായത്. വയലാറല്ല പാട്ടെഴുതുന്നതെങ്കില്‍ സംഗീതസംവിധായകന്‍ ട്യൂണ്‍ ചെയ്യുകയുമില്ല. പേടിയോടെ പ്രൊഡ്യൂസര്‍ വയലാറിന്റെ മുറിയിലേക്ക് കയറി. പൂട്ടിയിട്ടില്ല. വയലാര്‍ കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അതാ, മേശയില്‍ ഒരു കടലാസ്. ആവേശംകൊണ്ട് പ്രൊഡ്യൂസര്‍ ചാടിപ്പോയി. അതില്‍ തന്റെ സിനിമയ്ക്കു വേണ്ടിയുള്ള പാട്ടാണ്. ആ പാട്ടാണ്,

"ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ' അല്ലെങ്കില്‍ "ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' അല്ലെങ്കില്‍ "കായാമ്പൂ കണ്ണില്‍ വിടരും'.

publive-image

വിദ്യാര്‍ഥിയായിരിക്കെ ലേഖകനില്‍ വയലാര്‍ ആവേശിച്ചത് ഇത്തരം വയലാര്‍ക്കഥകളിലുംകൂടിയാണ്. ചര്‍ച്ചില്‍, ലിങ്കണ്‍, ഷാ എന്നിവരെക്കുറിച്ചൊക്കെയുള്ള കൗതുകകഥകള്‍പോലെയായിരുന്നു ലേഖകന് വയലാര്‍ക്കഥകളും. ഞാന്‍ മറ്റൊരാളോട് പറയുമ്പോള്‍ കഥകളില്‍ എന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകളും നടത്തി. ആരാധനാമൂര്‍ത്തിയെ കുറിച്ചുള്ള അപദാനങ്ങളില്‍ ഭക്തര്‍ പൊലിപ്പിക്കല്‍ കൂട്ടുമല്ലോ.

പിന്നീട് ഒരാസ്വാദകന്‍ എന്ന നിലയില്‍ കാണാന്‍ തുടങ്ങിയപ്പോഴാണ് കഥകളിലെ ചില കുറവുകള്‍ മനസ്സിലായത്. വാസ്തവത്തില്‍ വയലാറിലെ പ്രതിഭയ്ക്ക് പാട്ടെഴുതാന്‍ സിഗരറ്റ് കവര്‍പോലും വേണ്ട. ശൂന്യതയിലേക്ക് ഒന്നു നോക്കിയാല്‍ മതി.

"ഉറങ്ങിക്കിടക്കുന്ന ആസ്വാദകഹൃദയങ്ങളെ ഉമ്മവച്ചുണര്‍ത്തിയ'

പദാവലികള്‍ തങ്കഭസ്മം വാരിവിതറിയതുപോലെ അവിടെ തെളിഞ്ഞുവരും.

എന്തുകൊണ്ട് വയലാര്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് പേട്ടയിലെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ മീറ്റിങ്ങില്‍, അന്തരിച്ച കണിയാപുരം രാമചന്ദ്രനുമൊത്ത് പങ്കെടുത്തു. മൈക്കില്‍കേട്ട വയലാറിന്റെ പഴയ പാട്ടുകളെ ഉദ്ധരിച്ചാണ് കണിയാപുരം പ്രസംഗം തുടങ്ങിയത്.

ചില വയലാര്‍ അനുഭവങ്ങളൊക്കെ സദസ്സുമായി പങ്കുവച്ചു. മീറ്റിങ് കഴിഞ്ഞ് സംഘാടകന്റെ വീട്ടില്‍ കാപ്പി കുടിക്കവെ ഒരാള്‍ കണിയാപുരം സാറിനോട് ചോദിച്ചു."സത്യത്തില്‍ വയലാറില്‍ മഹത്വം അടിച്ചേല്‍പ്പിക്കുകയല്ലേ? വയലാറിനെക്കാള്‍ പ്രതിഭയുള്ള എത്രയോ ഗാനരചയിതാക്കളെ കണ്ടില്ലെന്നുനടിക്കുകയല്ലേ?-ന്റെ ലാളിത്യം വയലാറിനുണ്ടോ- ന്റെ നിരീക്ഷണം വയലാറിനുണ്ടോ?... എന്നിട്ടും എന്തുകൊണ്ട് വയലാര്‍?

അതിന് കണിയാപുരം രാമചന്ദ്രന്‍ പറഞ്ഞ മറുപടി ഇന്നും ലേഖകന്റെ കാതില്‍ വ്യക്തമായി ഉണ്ട്:

publive-image

"പ്രപഞ്ചത്തില്‍ സൂര്യനെക്കാള്‍ ഊര്‍ജമുള്ള കോടാനുകോടി നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള നക്ഷത്ര ങ്ങള്‍ എത്രയോ ആയിരം ഉണ്ട്. സൂര്യനെക്കാള്‍ തിളക്കമുള്ളവ ഉണ്ട്. എങ്കിലും നമുക്ക് ഇഷ്ടം സൂര്യനെയാണ്. കാരണം സൂര്യനാണ്് മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്നത്. സൂര്യനാണ് നമുക്ക് ഇരുട്ടും വെളിച്ചവും തരുന്നത്. നമുക്കുവേണ്ടി മഴ പെയ്യിക്കുന്നത്, വൃക്ഷലതാദികളെ തളിര്‍പ്പിക്കുന്നത്, പുഷ്പിപ്പിക്കുന്നത്... അതുപോലെ വയലാറും മനുഷ്യനോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ആദ്യം വയലാറിന്റെ പേരുപറയുന്നത്.

വയലാറിന്റെ പാട്ടും കവിതയും മനുഷ്യനുവേണ്ടി എഴുതപ്പെട്ടവയാണ്''. തുടര്‍ന്ന് ദത്തുപുത്രന്‍ സിനിമയിലെ പാട്ടിന്റെ വരികള്‍ അദ്ദേഹം പാടി:

"സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീസ്വപ്നം വിടരും ഗ്രാമം''

കേട്ടാല്‍ വളരെ ഫ്ളാറ്റായ ഒരു സ്റ്റേറ്റ്മെന്റ്. പക്ഷേ അടുത്ത വരികളില്‍, ആ വെറും പ്രസ്താവനയെ വയലാര്‍ ഗന്ധര്‍വഗാനമാക്കുന്നു.""പ്രേമവതിയാം എന്‍ പ്രിയകാമുകിതാമസിക്കും ഗ്രാമം''വയലാര്‍ എന്ന കവിയല്ല, വയലാര്‍ എന്ന കാമുകനും മനുഷ്യനുമാണ് ഇതെഴുതിയത്. കണിയാപുരം ആവേശഭരിതനായി തുടര്‍ന്നു. ""മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നത് സ്റ്റേറ്റ്മെന്റ്. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്നത് ലോകോത്തരകവിത.

publive-image

വയലാറിനെക്കൊണ്ടേ ഇതു സാധിക്കൂ... ഇതൊക്കെ കൊണ്ടാണ് വയലാറിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ വാചാലനായിപ്പോകുന്നത്''. കടലിനക്കരെ കൂട്ടിക്കൊണ്ടുപോയ ആള്‍ലേഖകന്‍ ആദ്യംകേട്ട വയലാര്‍ഗാനം ചെമ്മീന്‍ സിനിമയിലെ "കടലിനക്കരെ പോണോരെ' ആണ്. ഒരു മഴയുള്ള ദിവസമാണെന്ന് ഓര്‍മയുണ്ട്. വലിയച്ഛന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അകത്ത് ട്രാന്‍സിസ്റ്ററില്‍ നിന്നാണ് കേട്ടത്.

താളവും മേളവും ശബ്ദവും പിന്നെ കടലിനക്കരെ എന്നൊക്കെയുള്ള വാക്കുകളുമാണ് മനസ്സില്‍ കയറിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ പാട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് വെറും ഭാവനാപദങ്ങള്‍ കൊണ്ട് മാത്രം സൃഷ്ടിച്ച ഗാനമാണ് അത്. നാടോടിക്കഥകളിലും മറ്റും മാത്രം കേട്ട വാക്കുകളാണ് ആ ഗാനം.

കടലിനക്കരെ-കാണാപ്പൊന്ന് - പാലാഴിത്തിര - മത്സ്യകന്യകമാര്‍ - മാണിക്യക്കല്ല് - ചന്ദനത്തോണി - വെണ്ണിലാപൊയ്ക - പൊന്‍പൂമീന്‍ - നക്ഷത്രക്കടല്‍ - നാഗനര്‍ത്തകിമാര്‍ - ഓമല്‍പൂത്താലി - പുഷ്പകത്തോണി - മാനസപൊയ്ക - മായാദ്വീപ് - പാതിരാപ്പന്തല്‍ - പഞ്ചമിത്തളിക - ദേവകന്യകമാര്‍ - നാണത്തിന്‍ മുത്ത്- അങ്ങനെ കല്‍പ്പിതപദങ്ങള്‍ കണ്ട് ഇതെന്തൊരു മാന്ത്രികവിദ്യയാണെന്ന് ആശ്ചര്യപ്പെട്ടുപോയി. അവിടംമുതലാണ് ഓരോ പാട്ടിന്റെയും ഘടനയും പദങ്ങള്‍ ഒരുക്കുന്നതിന്റെ സവിശേഷതയും ആദ്യവസാനബന്ധങ്ങളുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

publive-image

"മാലിനി നദിയില്‍ കണ്ണാടിനോക്കും മാനേ' എന്ന് ആദ്യം അര്‍ഥമറിയാതെ പാടി നടന്നു. പിന്നീട് "കരിമ്പിന്റെ വില്ലുമായ്-കൈതപ്പൂവമ്പുമായ് കണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ' എന്ന വരികള്‍ തന്റെ കാമുകനായ ദുഷ്യന്തന്‍ അമ്പും വില്ലുമായി ആശ്രമത്തില്‍ എത്തിയതിനെ സൂചിപ്പിച്ചും എന്നാല്‍, ആ വില്ല് കാമദേവന്റെ വില്ലായിരുന്നുവെന്ന് പ്രേമപൂര്‍വം ധ്വനിപ്പിച്ചുമൊക്കെ ശകുന്തള പാടുന്നതാണെന്നുമൊക്കെ അറിഞ്ഞത്.

ഗാനരചന വയലാര്‍, സംഗീതം ദേവരാജന്‍ഇങ്ക്വിലാബ് സിന്ദാബാദ് കഴിഞ്ഞാല്‍ ഒരു മുദ്രാവാക്യം പോലെ കാതില്‍ വീണിരുന്നതും വീണുകൊണ്ടിരിക്കുന്നതുമായ അറിയിപ്പാണ് "ഗാനരചന വയലാര്‍, സംഗീതം ദേവരാജന്‍' എന്നത്. ഗാനരചന വയലാര്‍ എന്നു കേട്ടുകഴിഞ്ഞാല്‍ ഒരു ശരാശരി മലയാളി ബാക്കി പൂരിപ്പിച്ചുകൊള്ളും.

ഭരതന്‍-പത്മരാജന്‍, ലോഹിതദാസ്-സിബി മലയില്‍ തുടങ്ങി മലയാളസിനിമയില്‍ ടീമുകള്‍ അസംഖ്യമുണ്ടെങ്കിലും മലയാളി ഇത്രത്തോളം ഹൃദയത്തില്‍ കയറ്റിയ ടീം വേറെ കാണില്ല. ദേവരാജന്‍ മാഷ് ഒരു പ്രസംഗത്തില്‍ അതു സൂചിപ്പിച്ചത് ഇങ്ങനെയാണ്: ""വയലാറിന്റെ പാട്ടില്‍ത്തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേള്‍പ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളൂ. വയലാറിനാട് ഒരു വാക്ക് മാറ്റാന്‍ പറയാന്‍ എനിക്ക് പേടിയായിരുന്നു.

കാരണം മാറ്റുന്ന വാക്കിനു പകരമായി അതിനെ അതിശയിപ്പിക്കുന്ന അമ്പത് വാക്കു പറയും. പിന്നെ ഏതെടുക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങും. അതുകൊണ്ടുതന്നെ ഒരു വാക്കുമാറ്റാന്‍ ഞാന്‍ പറയാറില്ല''. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മാനവീയം വീഥിയുടെ രണ്ടറ്റങ്ങളിലായി മരണശേഷവും ആ ടീം നിലകൊള്ളുന്നു. പടിഞ്ഞാറേയറ്റത്ത് വയലാറിന്റെ പ്രതിമ. കിഴക്ക് ദേവരാജന്‍ മാഷ്.മൃമലയാറ്റൂര്‍ രാമകൃഷ്ണനും വയലാറും തമ്മിലുള്ള സൗഹൃദം സുപ്രസിദ്ധമാണല്ലോ.

ഒരു സൗഹൃദസദസ്സില്‍ അതാ മലയാറ്റൂരിന്റെ വെല്ലുവിളി ""ഏതക്ഷരത്തിലും പാട്ടുതുടങ്ങാന്‍ കേമനാണെന്നാണല്ലോ തന്നെപറ്റി പറയുന്നത്. എന്നാല്‍ "മൃ' എന്ന അക്ഷരത്തില്‍ ഒരു പാട്ട് തുടങ്ങ്. "മൃദംഗം', "മൃഗം' ഈ രണ്ടു വാക്കുകളും പാടില്ല.വയലാര്‍ "മൃ'ല്‍ തുടങ്ങി. അതാണ് ""മൃണാളിനി... മൃണാളിനി മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍മധുരസ്വപ്നമോ, മൗനപരാഗമോ...'' എന്നു തുടങ്ങുന്ന ഗാനം.വയലാര്‍ അവാര്‍ഡ് ലഭിച്ച "യന്ത്രം' മലയാറ്റൂര്‍ സമര്‍പ്പിച്ചിരിക്കുന്നത് വയലാറിനാണെന്നത് കൗതുകം നിറഞ്ഞ യാദൃച്ഛികത.ചോദ്യോത്തര ഗാനങ്ങള്‍വയലാറിന്റെ ഗാനങ്ങളെ ഓരോ വിഷയങ്ങളാക്കി ലേഖകന്‍ വേര്‍തിരിച്ചിട്ടുണ്ട്.

പ്രണയം (പ്രണയത്തില്‍ത്തന്നെ നാടന്‍ പ്രണയം, മോഡേണ്‍ പ്രണയം, പാകതവന്ന പ്രണയം, ഇളക്കംപിടിച്ച പ്രണയം എന്നൊക്കെ ഉപവിഭാഗങ്ങള്‍ ഇഷ്ടംപോലെയുണ്ട്."പാരിജാതം തിരുമിഴി തുറന്നു' പാകതവന്ന കാമുകന്റെ പ്രണയഗാനമാണെങ്കില്‍,"ഇരുനൂറു പൗര്‍ണമിച്ചന്ദ്രികകള്‍ഇരുനൂറു പൊന്നരയന്നങ്ങള്‍കുളിരുമായ് നിന്റെ കൗമാരത്തിന്റെകിളിവാതില്‍ കിരുകിരെ തുറന്നുനോക്കി' എന്നത് ഇളക്കക്കാരന്റെ പാട്ടാണ്).

publive-image

വിഷാദം, തത്വചിന്ത, ഹൈറേഞ്ച് ഗാനങ്ങള്‍ (അതെ, സഹ്യാദ്രിസാനുക്കള്‍, താഴ്വരകളേ താരനിശകളേ ടാറ്റാ, പര്‍വതനന്ദിനീ, ദേവികുളം മലയില്‍, കുറ്റാലം കുളിരരുവി... തുടങ്ങി എത്രയോ "ഹൈറേഞ്ച്' ഗാനങ്ങള്‍) എന്നിങ്ങനെ കൗതുകം നിറഞ്ഞ തലക്കെട്ടുകളിലുംകൂടിയാണ് ലേഖകന്‍ വിഭജിച്ചിട്ടുള്ളത്. അതില്‍ ലേഖകന് വളരെ പ്രിയപ്പെട്ടതാണ് ചോദ്യോത്തരഗാനങ്ങള്‍.കാമുകീകാമുകന്മാരുടെ ചോദ്യോത്തരങ്ങളിലൂടെ വയലാര്‍ പ്രണയം വികസിപ്പിക്കുന്നത് ആഹ്ലാദഭരിതമായ അനുഭവമാണ്.

"ചിത്രാപൗര്‍ണമി രാത്രിയിലിന്നലെലജ്ജാവതിയായ് വന്നവളേകാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെനാണമെല്ലാം എവിടെപ്പോയ്'' എന്നു കാമുകന്‍ ചോദിക്കുമ്പോള്‍"കവര്‍ന്നെടുത്തു കള്ളനൊരാള്‍ കവര്‍ന്നെടുത്തു' എന്ന് അവളുടെ മറുപടി."ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍'' കൈനിറയെ വിളയിട്ട പെണ്ണേകല്യാണപ്രായമായ പെണ്ണേ'' തുടങ്ങി മുപ്പത്തെട്ടോളം ചോദ്യോത്തരശൈലിയിലുള്ള ഗാനങ്ങളുണ്ട്.

publive-image

ഒക്ടോബര്‍ 27 ന് അസുഖത്തെ തുടര്‍ന്നാണ് വയലാറിന്റെ മരണമെങ്കിലും മരണദിനത്തിന്റെ ഗാംഭീര്യം കാരണം ലേഖകന്റെ മനസ്സില്‍ വയലാറിനെയും പൊരുതിമരിച്ച ഒരു യോദ്ധാവായിട്ടാണ് ചെറുതിലേ കരുതിയിരുന്നത്. മനുഷ്യനും സമൂഹത്തിനുംവേണ്ടി പാട്ടും കവിതയും എഴുതിയ "വയലാര്‍' എന്നു പേരുള്ള ആള്‍ മരിച്ചത് കൃത്യം വയലാര്‍ ദിനത്തില്‍. വയലാറിന്റെ വിപ്ലവ-രക്തസാക്ഷിഗാനങ്ങള്‍ പോലെ "ആവേശഭരിത'മാക്കുന്ന മരണം.

കേള്‍ക്കാത്ത നാലുവരികള്‍സാധാരണ 12 വരിയാണ് സിനിമാഗാനങ്ങള്‍ക്കെങ്കില്‍ വയലാറിന്റെ ധാരാളം ഗാനങ്ങളില്‍ 16 വരികള്‍ ഉണ്ടായിരുന്നു. മ്യൂസിക് റെക്കോഡുകളില്‍ പലപ്പോഴും നാലുവരി എഡിറ്റ് ചെയ്ത് 12 വരിയായിട്ടാകും വരുന്നത്.

മുറിച്ചുപോകുന്ന ആ നാലുവരികളാണ് അതീവസുന്ദരമായി ലേഖകന് തോന്നിയിട്ടുള്ളത്."തേനരുവിയിലെ പാട്ടിലെ" പീലിപ്പൂകാട്ടി വിളിക്കുന്ന കാട്''... എന്നു തുടങ്ങുന്ന വരികളും, സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണിലെ"അവള്‍ക്കുനല്‍കാന്‍ പൂക്കളുമായ്അരികില്‍ നില്‍ക്കും പൂക്കൈതേപുതിയൊരു രാഗം പൂമ്പൊടിപൂശുംപുഞ്ചിരികണ്ടിട്ടുണ്ടോ - അവളുടെപുഞ്ചിരി കണ്ടിട്ടുണ്ടോ'' തുടങ്ങിയവ ഉദാഹരണങ്ങള്‍.ഏറ്റവും മികച്ചത്കുഞ്ഞായിരിക്കുമ്പോള്‍ ""അമ്മയോടാണോ അച്ഛനോടാണോ ഇഷ്ടം'' എന്ന ചോദ്യത്തിനുമുമ്പില്‍ നമ്മള്‍ കുഴങ്ങുമല്ലോ.

അതുപോലെയാണ് വയലാറിന്റെ ഏതുപാട്ടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതും. "ചക്രവര്‍ത്തിനീ', "ചന്ദ്രകളഭം', "ആയിരം പാദസരം', "ആകാശപ്പൊയ്ക', "കാറ്റില്‍ ഇളം കാറ്റില്‍', "പ്രഭാതഗോപുരവാതില്‍' തുടങ്ങി എല്ലാം ഹൃദയം നിറയ്ക്കുന്നവയാണ്.

publive-image

ഒരു ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് വയലാര്‍ അവാര്‍ഡില്‍ സദസ്യനായിരിക്കവെ പരിചയപ്പെട്ട, വയലാര്‍ ആരാധകനായ തടിപ്പണിക്കാരന്‍ സദാശിവന്‍ പറഞ്ഞു. അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വയലാര്‍ഗാനം ഗന്ധര്‍വക്ഷേത്രത്തിലെ "കൂ ഹൂ കൂ ഹൂ കുയിലുകള്‍ പാടും കുഗ്രാമം' ആണെന്ന്. ചിങ്ങംമുതല്‍ കര്‍ക്കടകംവരെയുള്ള 12 മാസങ്ങളും മലയാളത്തിന്റെ ഗ്രാമീണജീവിതത്തില്‍ എങ്ങനെയാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്ന് ഇത്രയും ലളിതമായി പറയാന്‍ മറ്റൊരു കവിക്കും സാധിക്കില്ലത്രെ.

"... ചിങ്ങത്തില്‍ ഞങ്ങള്‍ക്ക് തിരുവോണം, കന്നിയില്‍ നിറയും പുത്തരി, തുലാത്തില്‍ മഴവില്‍കാവടി (അതെ തുലാവര്‍ഷവും തുലാമാസത്തിലെ മുരുക ആരാധനയും ബന്ധപ്പെടുത്തിയ പ്രയോഗം) തുടങ്ങി" ഇടവം-മിഥുനം-കര്‍ക്കടകം വര്‍ഷമേളംകുളിരും തേനും പാലുമൊഴുക്കും ഞാറ്റുവേല'' വരെയുള്ള വരികള്‍ മനസ്സില്‍ കയറ്റിയാല്‍ കേരളത്തിന്റെ ചിത്രമായി എന്നാണ് സദാശിവന്‍ പറഞ്ഞത്.

വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സംസാരിക്കവെ സുകുമാര്‍ അഴീക്കോട് പറഞ്ഞു: "മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയന്‍സ് കണ്ടുപിടിക്കാന്‍ പോകുന്നെന്നു പറയുന്നു. വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാള്‍ ഓജസ്സോടെ വയലാര്‍ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ലേ. വയലാറിനെ പഠിച്ചാല്‍ മതി. മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോര്‍മുല കിട്ടും''.

കടപ്പാട് : കൃഷ്ണ പൂജപ്പുര, ദേശാഭിമാനി

 

latest vayalar
Advertisment