Advertisment

ബാണാസുര അണ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം.

New Update

കൽപറ്റ- കനത്ത മഴക്കിടെ ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം. അണയുടെ ഷട്ടറുകൾ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാറില്ലെന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ് ജനത്തിന് അമ്പരപ്പായത്. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ളതാണ് കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറത്തറ ബാണാസുര അണ.

Advertisment

publive-image

മുമ്പ് മഴക്കാലങ്ങളിൽ അണയുടെ ഷട്ടറുകൾ തുറന്നപ്പോഴൊക്കെ കെ.എസ്.ഇ.ബി അധികൃതർ സ്വന്തം നിലയിലും ജില്ലാ ഭരണകൂടം മുഖേനയും ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇത്തവണ മഴക്കാലത്തു നാലു ഷട്ടറുകളും തുറന്ന ഓഗസ്റ്റ് ഏഴിനു മുമ്പും അണയുടെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നിരിക്കെയാണ് ബാണാസുര അണയുടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകാറില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

publive-image

775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുൾ റിസർവോയർ ലെവൽ. 61.44 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അണയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ജാഗ്രതാ നിർദേശം നൽകിയാണ് ജൂലൈ 15നു അണയുടെ ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്നു ഷട്ടറുകൾ ഓഗസ്റ്റ് അഞ്ചിനു അടച്ചു. ഓഗസ്റ്റ് ആറിനു പെയ്ത ശക്തമായ മഴയിൽ അണ നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവുമായി കൂടിയാലോചന പോലും നടത്താതെയും പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകാതെയുമാണ് ഓഗസ്റ്റ് ഏഴിനു രാവിലെ നാലു ഷട്ടറുകളും തുറന്നത്. തുടർന്നാണ് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. അണയിൽ നിന്നു തുറന്നുവിടുന്ന ജലം കരമാൻ തോട്ടിലുടെ കബനിയുടെ പ്രധാന കൈവഴികളിലൊന്നായ പനമരം പുഴയിലാണ് എത്തുന്നത്.

publive-image

ബാണാസുര മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാൻ തോടിനു കുറുകെ സമുദ്രനിരപ്പിൽ നിന്നു ഏകദേശം 2000 അടി ഉയരത്തിലാണ് ബാണാസുര അണ. ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി 1979ൽ വിഭാവനം ചെയ്തതാണ് ബാണാസുര സാഗർ പദ്ധതി. 224 ഹെക്ടർ വനം അടക്കം 1604 ഹെക്ടർ ഭൂമി ഈ പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.

publive-image

7.2 ടി.എം.സിയാണ് ബാണാസുര സാഗർ അണയുടെ ജലസംഭരണ ശേഷി. ഇതിൽ 1.7 ടി.എം.സി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉൽപാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം. അണയിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാൻതോട് തടത്തിൽ 3200 ഹെക്ടറിലും കുറ്റിയാടി തടത്തിൽ 5200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാലുകളും നീർപാലങ്ങളും വെറുതെ കിടക്കുകയാണ്.

Advertisment