തിരുവനന്തപുരം: ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജഐസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്.
നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍പെട്ട് ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നുണ്ടെന്നും അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് സതീശന് ചോദിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന് ഗള്‍ഫില്‍ ചെക്ക് കേസില്‍ പെട്ടിട്ടുപോലും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും സതീശന് പരിഹസിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിക്കു നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം അജ്മാനിലെ ഹോട്ടലില്‍നിന്നാണ് തുഷാറിനെ അറസ്റ്റ് ചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി തുഷാറിനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുകൂടിയാണ് തുഷാര്‍.