Advertisment

"അങ്ങയോടുള്ള ബഹുമാനം കൊണ്ടാണ് എന്റെ മകന് വീരേന്ദ്രകുമാർ എന്നു പേരിട്ടത്; ആ മകൻ തന്നെ സാറിന്റെ അപരനായി മത്സരിക്കുന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്.എനിക്ക് എന്തുചെയ്യാൻ പറ്റും? ; വീരേന്ദ്ര കുമാറിനോടുള്ള ബഹുമാനവും ഇഷ്ടവും കൊണ്ട് മകന് അതെ പേരിട്ട കഥ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: എം. പി വീരേന്ദ്ര കുമാറിനോടുള്ള ബഹുമാനവും ഇഷ്ടവും കൊണ്ട് ഒരാൾ മകന് വീരേന്ദ്രകുമാർ എന്നു പേരിട്ടു. പക്ഷേ, ആ മകൻ വളർന്നു വലുതായപ്പോൾ വീരന് ഏറ്റവും വലിയ പാരയാവുകയും ചെയ്തു. 2004-ലെ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ വീരേന്ദ്ര കുമാറിനെതിരെ അപരനായി മത്സരിച്ചു​ ആ വീരേന്ദ്രകുമാർ.

Advertisment

 

publive-image

അതേപ്പറ്റി വീരേന്ദ്രകുമാർ തന്നെ പറയുന്നു:

അന്ന് തിരുവമ്പാടി മേഖലയിൽ ഇലക്‌ഷൻ പ്രചാരണം നടത്തുകയായിരുന്നു . എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ച് നടക്കുന്നതിനിടയിൽ ഒരാൾ മുന്നോട്ടു വന്നു. സാർ,​ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ആമുഖത്തോടെയാണ് അയാൾ തുടങ്ങിയത്. "അങ്ങയോടുള്ള ബഹുമാനം കൊണ്ടാണ് എന്റെ മകന് വീരേന്ദ്രകുമാർ എന്നു പേരിട്ടത്. ആ മകൻ തന്നെ സാറിന്റെ അപരനായി മത്സരിക്കുന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്.എനിക്ക് എന്തുചെയ്യാൻ പറ്റും?" അതു കേട്ടപ്പോൾ വീരേന്ദ്രകുമാറും ആദ്യമൊന്നു പകച്ചു!

അന്ന് ആ അപരൻ വിചാരിച്ചിട്ടും വീരേന്ദ്രകുമാർ തോറ്റില്ല. 3,​4​0,​1​11 വോട്ട് ലഭിച്ചു എതിരാളിയായ കോൺഗ്രസിലെ ബൽറാമിന് 2,​7​4,​7​85 വോട്ട് മാത്രം. 83- ൽ എത്തി നിൽക്കുന്ന വീരേന്ദ്രകുമാർ എത്ര തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുവെന്നതു പോലും ഓർക്കുന്നില്ല. അതിനുള്ള കാരണവും അദ്ദേഹം പറയും:

''എന്തെങ്കിലും സ്ഥാനമാനം നേടാനല്ല അന്നൊക്കെ പൊതുപ്രവർത്തനവും തിരഞ്ഞെടുപ്പു മത്സരവും. ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ വേണ്ടിയാണ് മത്സരിച്ചത്. 1977-ൽ കല്പറ്റയിൽ നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്ന സമയം എന്റെ മുഴുവൻ സ്വത്തും കണ്ടു കെട്ടിയിരുന്നു. എന്നാൽ ആവശ്യപ്പെടാതെ തന്നെ ജനങ്ങൾ തിരഞ്ഞെടുപ്പിനു വേണ്ടുന്ന മുഴുവൻ പണവും തന്നുവെന്നു മാത്രമല്ല തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കയ്യിൽ 25,000 രൂപ മിച്ചവും വന്നു.''

1987-ൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചതും ഒരു ദിവസത്തേക്ക് മാത്രം മന്ത്രിയായതും വീരേന്ദ്രകുമാർ പുഞ്ചിരിയോടെ ഓർമ്മിക്കുന്നു. 1996- ൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയായി വിജയിച്ച് എച്ച്. ഡി ദേവഗൗഡയുടെയും,​ തുടർന്നു വന്ന ഐ.കെ ഗുജ്റാളിന്റെയും കീഴിൽ മന്ത്രിയായി.

1987- ൽ സംസ്ഥാന വനം മന്ത്രിയായി ചുമതലയേറ്റയുടൻ കാട്ടിൽ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതാണ് തന്റെ സ്ഥാനം തെറിക്കാൻ കാരണമായതെന്ന് വീരേന്ദ്രകുമാർ വിശ്വസിക്കുന്നു. കാട് നശിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താൻ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു.ആരും ഗൗനിച്ചില്ല.

1996- ൽ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായാണ് ആദ്യം കേന്ദ്ര മന്ത്രി സഭയിലെത്തുന്നത്. പിന്നീട് തൊഴിൽ വകുപ്പിന്റെയും നഗര വികസനത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. ഈ സമയത്ത് ലോക ലേബർ കോൺഫറൻസിൽ പങ്കെടുക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

Advertisment