Advertisment

രണ്ട് പതിറ്റാണ്ടിലേറെകാലത്തെ കാത്തിരുപ്പിന് വിരാമമിട്ട് വെളിയന്നൂരിലേയ്ക്കുള്ള എം.വി.ഐ.പി. കനാലിലൂടെ വെള്ളം ഒഴുകി

New Update

കുറവിലങ്ങാട്:ഒരു ഗ്രാമത്തിന്റെ ആഗ്രഹങ്ങളൾ യാഥാർത്ഥ്യമായി. വെളിയന്നൂർ ഗ്രാമത്തിലെ കനാലിലൂടെ ജലം ഒഴുകുന്നതോടെ വെളിയന്നൂരിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവും, കുടിവെള്ളക്ഷാമത്തിന് പരിഹാരവും ആവും. വർഷങ്ങൾക്ക് അപ്പുറത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് വെളിയന്നൂർ പഞ്ചായത്തിലേക്ക് ജലം എത്തിക്കുന്നതിനുള്ള കനാലിന്റെ നിർമ്മാണം പൂർത്തിയായത്. എന്നാൽ കൂത്താട്ടുകുളം ബാപ്പുജി ജംഗ്ഷൻ വരെ എത്തുന്ന കനാലിൽ നിന്നും ജലം പമ്പ് ചെയ്ത് വെളിയന്നൂരിലേക്കുള്ള കനാലിൽ എത്തിക്കുന്നതിനുള്ള ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം ഒരുക്കാത്തതിനെതുടർന്ന് കോടികൾ മുടക്കിയ വെളിയന്നൂർ കനാൽ ഉപയോഗയോഗ്യമല്ലാതെ മണ്ണിടിഞ്ഞ് നാശത്തിന്റെ വക്കിലെത്തി.

Advertisment

publive-image

വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി കനാലിന്റെ ദുർഗതി വിവിധ തലത്തിലുള്ള ജനപ്രതിനിധികളുമായി കൂടി ആലോചിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചതിനെ തുടർന്ന്, ഗവൺമെന്റ് ലിഫ്റ്റ് ഇറിഗേഷൻ സ്ഥാപിക്കുന്നതിന് ഒരുകോടി രൂപയുടെ അനുമതി നൽകിയതോടെ ഈ പദ്ധതി യാഥാർത്ഥ്യമാവുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

രണ്ട് പതിറ്റാണ്ടിലേറെ കാലം മുമ്പ് നിർമാണപ്രവർത്തികൾ എല്ലാം നിലച്ചുപോയ ഒരു പദ്ധതിയെ പുനർജീവിപ്പിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. സാങ്കേതികമായും നിയമപരമായും ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി പദ്ധതി ടെണ്ടർ ചെയ്തു.

രണ്ട് പതിറ്റാണ്ടിനപ്പുറം നിർമ്മാണം നിലച്ചുപോയ വെളിയന്നൂർ കനാൽ മണ്ണും കല്ലും അടിഞ്ഞ് പൂർണ്ണമായും ഉപയോഗയോഗ്യമല്ലാത്ത നിലയിലായിരുന്നു. ലിഫ്റ്റ് ഇറിഗേഷൻ സാധ്യമായാലും ജലം ഒഴുകുന്നതിനുള്ള ബലക്ഷമത കനാലിനുണ്ടോ എന്നതിനെ സംബന്ധിച്ച് ആശങ്ക ഉണ്ടായ ഘട്ടത്തിലാണ് ക്ലീനിംഗ് നടത്തി ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കാൻ തിരുമാനിക്കുകയും അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരുമെന്ന് മനസ്സിലാവുകയും ചെയ്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ കനാൽ ശുചികരണം ഏറ്റെടുക്കാൻ തീരുമാനിച്ചത്.

രണ്ട് ദിവസം കൊണ്ട് അഞ്ഞൂറിലധികം ബഹുജനങ്ങൾ അണിനിരന്ന് 4 കിലോമീറ്ററോളം ദൂരം കനാൽ സർക്കാർ വകുപ്പുകളുടെ ഒരു രൂപപോലും ചിലവാക്കാതെ വീണ്ടെടുത്തത് ശ്രദ്ധേയമായ പ്രവർത്തനമായി മാറി. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം സിപിഐ(എം) ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു.

സിവിൽ മെക്കാനിക്കൽ വർക്കുകൾ എല്ലാം വളരെ വേഗതയിൽ തന്നെ പൂർത്തിയായി എങ്കിലും ജലം പമ്പ് ചെയ്യുന്നതിന് സ്ഥാപിച്ച75 HP യുടെ മൂന്ന് മോട്ടറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഇലക്ട്രിക്കൽ വർക്കുകളും ഇൻഡോർ ട്രാൻസ്ഫോർമറും സ്ഥാപിക്കുന്നതിന് കരാർ എടുത്ത സ്ഥാപനം ചില നിയമ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി കരാർ പ്രകാരമുള്ള നിർമ്മാണം പൂർത്തിയാക്കാൻ തയ്യാറാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. പദ്ധതിയുടെ നിർമാണം വീണ്ടും നിർത്താൻ പോവുന്നു എന്ന ഘട്ടത്തിൽ ഈ വിഷയം സി പി ഐ (എം) ജില്ലാ സെക്രട്ടറി.വി.എൻ വാസവൻ മുഖേന പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി ജി സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തി.

ജലവിഭവവകുപ്പിന് ഇലക്ട്രിക്കൽ വിഭാഗമില്ലാത്തതിനാൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് ഈ പ്രവർത്തിയുടെ തുടർനടപടികൾ സ്വീകരിക്കേണ്ടത് എന്നുള്ളതുകൊണ്ടാണ് ഇപ്രകാരം ഒരു ഇടപെടൽ നടത്തിയത്. തുടർന്ന് മന്ത്രി തലത്തിലും ഉദ്യോഗതലത്തിലും നടന്ന കൂടിയാലോചനകളുടെ ഫലമായി നിലവിൽ ഉള്ള കരാറുകാരനെ ഒഴിവാക്കി പദ്ധതി പുതിയതായി ടെണ്ടർ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പുതിയ ടെണ്ടറിൽ പങ്കെടുത്തത് ഒരു കമ്പനി മാത്രമാണ്. ആ കമ്പനി ആവശ്യപ്പെട്ടത് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതലും, നിലവിലെ നിയമപ്രകാരം സിംഗിൾ ടെണ്ടർ അനുവദിക്കാനും , എസ്റ്റിമേറ്റ് തുകയേക്കൾ കൂടുതൽ തുകയുള്ള ടെണ്ടർ അംഗീകരിക്കാനും നിവൃത്തിയില്ലാതായതോടെ ഈ വിഷയം,സ. വി.എൻ. വാസവന്റെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരുകയും മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജലവിഭവവകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഈ യോഗതീരുമാനപ്രകാരം 2019 സെപ്റ്റംബർ 24 ന് തിരുവനന്തപുരത്ത് ജലവിഭവവകുപ്പ്, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, ധനകാര്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് നിബന്ധനകൾക്ക് വിധേയമായി കരാർ പ്രവർത്തികൾ ചെയ്യാൻ കരാറുകാരന് ഉത്തരവ് നൽകിയതോടെ ഇലക്ട്രിക്കൽ വർക്കുകൾ പുനരാരംഭിച്ചു.

എന്നാൽ വർഷങ്ങൾക്കു മുൻപ് തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം വർക്കുകൾ നടത്തുന്നതിന് സാങ്കേതികമായ ചില പ്രശ്നങ്ങൾ രൂപപ്പെട്ടതോടെ പ്രവർത്തി വീണ്ടും നിലച്ചു. തുടർന്ന് പൊതുമരാമത്ത് ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ ഷെഡ്യൂൾ പുനക്രമീകരിച്ചതോടെ പദ്ധതി പ്രവർത്തികൾ വേഗതയിലായി. ആ ഘട്ടത്തിൽ ഈ പദ്ധതിയുടെ ആവശ്യത്തിലേക്കായി110 കെവി വൈദ്യുത ലൈൻ വലിക്കുന്നതിനുള്ള തുകയായ 7, 64,652 രൂപ അടിയന്തരമായി കെഎസ്ഇബി ക്ക് അടക്കേണ്ട സാഹചര്യം വരുകയും ഈ തുക ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ അടിയന്തിരമായി ഉൾപ്പെടുത്തി 4,30,276 രൂപ വികസന ഫണ്ടിൽ നിന്നും 3,34,176 രൂപ തനതു ഫണ്ടിൽ നിന്നുമായി വൈദ്യുതി വകുപ്പിന് നൽകാൻ തീരുമാനിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങളെ തുടർന്ന് പണം പൂർണ്ണമായും കൈമാറാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിൽ വൈദ്യുതി ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ വി.ശിവദാസന്റെ ഇടപെടലിനെ തുടർന്ന് ട്രഷറി നിയന്ത്രണം മാറുന്ന മുറയ്ക്ക് പണം നൽകിയാൽ മതി എന്നും ഉടനടി നിർമ്മാണം ആരംഭിക്കാനും നിർദേശം വന്നതിനെ തുടർന്ന് വൈദ്യുതി വകുപ്പ്110 കെ.വി ഇലക്ട്രിക്കൽ ലൈൻ പണി പൂർത്തിയാക്കുക കൂടി ചെയ്തതോടെയാണ് നാടിന്റെ സ്വപ്നപദ്ധതി പൂവണിഞ്ഞത്.

VELIYANNUR CANNALWATER
Advertisment