Advertisment

സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചാരണം: ഫാ.നോബിൾ തോമസ് ഒന്നാം പ്രതി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

 

Advertisment

publive-image

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ നിയമക്കുരുക്കിലേക്ക്. ഫാദർ. നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റർ ലൂസി നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

കേസിലാകെ ആറ് പ്രതികളുണ്ട്. മദർ സുപ്പീരിയറും പ്രതിപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.

വാർത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

''ഒരു പൂട്ടിയിടൽ അപാരത'' എന്നതടക്കമുള്ള പരിഹാസപരാമർശങ്ങളുള്ള വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്‍റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റർ ലൂസിയെ കാണാനെത്തിയവരിൽ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

''എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആർഒയായ ഫാ. നോബിൾ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്നാണ്. എന്നെ കാണാൻ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്‍റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരം നടപടികൾ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവർ പെരുമാറുന്നതെങ്കിൽ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?'', സിസ്റ്റർ ലൂസി ചോദിക്കുന്നു.

സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തിൽ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടു. ''ഇവിടെ എത്തിയപ്പോഴാണ് സ്ഥിതി ഇത്ര ഗുരുതരമാണെന്ന് മനസ്സിലാകുന്നത്. ആദ്യം സിസ്റ്ററെ അവർ പൂട്ടിയിട്ടു. ഇപ്പോൾ ഭക്ഷണം കൊടുക്കുന്നില്ല. സ്വാതന്ത്ര്യമില്ല. മാനസികമായും ശാരീരികമായും അവരെ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. സിസ്റ്ററിനൊപ്പമുണ്ടാകും. സിസ്റ്ററിന് ആരുമില്ല എന്ന തോന്നൽ വേണ്ട. ഞങ്ങളെല്ലാവരും സിസ്റ്ററിനൊപ്പമുണ്ട്'', സിസ്റ്റർ ലൂസി കളപ്പുരയുടെ ബന്ധു പറയുന്നു.

Advertisment