ആ ഗുരുനിന്ദ ചെയ്തവരുടെ മുന്നിൽ അങ്ങ് പോയി തൊഴുത് നിന്നല്ലോ….. കഷ്ടമാണ് സര്‍ ! സംഘടന ഞങ്ങള്‍ക്ക് ജീവനാണ്. പക്ഷേ ഇത് സഹിക്കാനാകുന്നില്ല – വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം യുവ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, December 2, 2018

ശബരിമല വിഷയത്തില്‍ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ സംഘടനയില്‍ വ്യാപക പ്രതിക്ഷേധങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രതിക്ഷേധങ്ങളാണ് സമുദായ അംഗങ്ങളില്‍ നിന്നും ഉയരുന്നത്. എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് സജീവ പ്രവര്‍ത്തകനും മുൻ കേന്ദ്രസമിതി അംഗവുമായ ജിതിന്‍ ഉണ്ണികുളം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഇപ്പോള്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ജിതിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

ബഹുമാനപ്പെട്ട എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവർകൾക്ക് ഒരു തുറന്ന കത്ത്.

സർ,

പറയുന്നത് അവിവേകമാണെങ്കിൽ പൊറുക്കണം, എനിക്ക് സംഘടനയിൽ വരുന്നതിന് മുൻപേ അങ്ങയോട് വലിയ ആരാധന ആയിരുന്നു. എന്തെന്നാൽ എസ് എൻ ഡി പി യോഗത്തിന് ഇന്നുവരെ ഇത്ര ആർജ്ജവമുള്ള ഒരു നേതാവിനെ കിട്ടിയിരുന്നില്ല എന്നത് തന്നെ കാര്യം. സംഘടനയിൽ വന്നപ്പോൾ അങ്ങുമായി പല തവണ സംസാരിക്കുവാനും ഒരുമിച്ച് ഇടപഴകാനും സാധിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.

എന്നാൽ ഇന്ന് ഏറെ ദുഃഖിക്കുന്നു. കാരണം എന്താണെന്നുള്ളത് പറയാം, അതിന് മുൻപ് എന്തുകൊണ്ട് ഇത് അങ്ങയെ വിളിച്ചു പറയാതെ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു എന്നുള്ളത് വ്യക്തമാക്കാം. മറ്റൊന്നുമല്ല ഞാൻ ഈ പറയുവാൻ പോകുന്നത് ഇന്ന് എസ് എൻ ഡി പി യോഗത്തിൽ പ്രവർത്തിക്കുന്ന ഒറ്റ …യ്ക്ക് പിറന്നവർക്ക് പറയുവാനുള്ള കാര്യം തന്നെയാണ്.

എന്തുകൊണ്ട് അങ്ങയോടുള്ള മതിപ്പ് കുറഞ്ഞു. മറ്റൊന്നുമല്ല, ഇന്ന് പറയുന്നതല്ല അങ് നാളെ പറയുന്നത്. എസ് എൻ ഡി പി യോഗത്തിന് രാഷ്ട്രീയ പിന്തുണ കിട്ടുന്നില്ല എന്നു പറഞ്ഞപ്പോൾ അതുണ്ടാക്കുവാൻ കേരളം മുഴുവനും അങ് യാത്ര ചെയ്തിട്ടുണ്ട്. അതിൽ ഞാനും പങ്കാളിയായിരുന്നു. അത് സന്തോഷം നൽകിയ കാര്യവുമായിരുന്നു. എന്നാൽ വൈകാതെ ആ പാർട്ടിയെ മറ്റൊരു പാർട്ടിയുമായി കൂട്ടിക്കെട്ടി. എല്ലാ പാർട്ടിയും മടുത്തവരായിരുന്നു ബി ഡി ജെ എസ് എന്ന പുതിയ പാർട്ടിയിൽ വന്നത്, അവരെയാണ് വീണ്ടും ചതിച്ചത്. (ഇന്ന് അതുകൊണ്ട് ഒരു പാർട്ടിയിലും ഇല്ല )

ചതി അവിടെയും കഴിഞ്ഞില്ല. അന്നൊക്കെ ഞാൻ ഉൾപ്പെടുന്ന എസ് എൻ ഡി പി പ്രവർത്തകർ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്കും അല്ലാതെയും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരിൽ നിന്നും. അന്ന് ആ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ബീഡി പാർട്ടിയെന്നും വെള്ളാപ്പള്ളി വർഗ്ഗ വഞ്ചകൻ ആണെന്നും എന്നിങ്ങനെ പല തരത്തിൽ അപമാനിച്ചിരുന്നു. അന്ന് ഞങ്ങൾ തുടങ്ങി വച്ച സൈബർ സേന പ്രവർത്തകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്രതികരിച്ചു പിടിച്ചു നിൽക്കുവാൻ…..

എന്നാൽ കാലങ്ങൾ കഴിയുന്നതിനപ്പുറം അങ് കരണം മറയുന്നത് കണ്മുന്പിൽ കാണേണ്ടി വന്നു. ഒരുപാട് സങ്കടം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും മിണ്ടിയില്ല. കാരണം സംഘടന എന്റെ ജീവനായിരുന്നു.

ഗുരുദേവനെ വരെ മോശമായി ചിത്രീകരിക്കുവാൻ എപ്പോഴും അണികൾക്ക് പ്രചോദനം കൊടുത്തിരുന്ന നേതാക്കളെ ഒക്കെ അങ് പോയി തൊഴുത് നിൽക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു. കാരണം എനിക്കൊക്കെ ഗുരുദേവൻ ദൈവമായിരുന്നു. സ്വാർത്ഥ ലാഭത്തിന് വേണ്ടിയാണ് അങ് ഇന്ന് സംഘടനയെ മുഴുവനും അകറ്റി നിർത്തുന്നത്…. കാലം മാപ്പ് നൽകില്ല സർ…. അച്ഛനും മകനും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത് ഇതേ സംഘടനയുടെ പേരിലാണെന്നുള്ള കാര്യം മറക്കരുത്…. എത്ര നന്മ ചെയ്താലും ഒരു തിന്മ ചെയ്താൽ അവിടെ തീരും ആയുസ്സിൽ സമ്പാദിച്ചത് എല്ലാം…..

ഇന്ന് ഇങ്ങനെ പ്രതികരിച്ചത് മറ്റൊന്നും കൊണ്ടല്ല, എസ് എൻ ഡി പി പ്രവർത്തനം നടത്തുന്ന സമയത്ത്‌ എന്റെ സ്ഥാപനത്തിന് പോലും രാഷ്ട്രീയ ഭീഷണി ഉണ്ടായിരുന്നു… അതൊക്കെ അവഗണിച്ചുകൊണ്ടായിരുന്നു ഞാനൊക്കെ പ്രവർത്തിച്ചിരുന്നത്. എന്നിട്ടും….അവസാനം സർ ആ ഗുരുനിന്ദ ചെയ്തവരുടെ മുന്നിൽ തൊഴുത് നിന്നല്ലോ….. കഷ്ടമാണ് സാറേ…..

“കുനിഞ്ഞു നിന്ന് യാചിക്കുന്നതിനെക്കാൾ നല്ലത് നിവർന്ന് നിന്ന് മരിക്കുന്നതാണ്” (വാക്കുകൾ കടം )

ജിതിൻ ഉണ്ണികുളം

മുൻ എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം

 

×