Advertisment

മരണകാരണം കുടുംബപ്രശ്‌നം ; വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലാണെന്നും വ്യക്തമാക്കുന്നതാണ് പുതിയ തെളിവ്. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് മരണമൊഴിയില്‍ വ്യക്തമാക്കുന്നു. സമൂഹത്തോട് തനിക്ക് വെറുപ്പാണ്. അതിനാല്‍ താന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Advertisment

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (2) ആശുപത്രിയില്‍ എത്തിയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

publive-image

തീകൊളുത്തി മരണ വെപ്രാളത്തില്‍ ബിജെപിയുടെ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്ലംബിംഗ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല.

ബിജെപി പറയുന്ന വാദങ്ങള്‍ പൊളിയുന്നതാണ് മരണമൊഴി. വേണുഗോപാലന്‍ നായരുടെ മരണം ബിജെപി പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് ബിജെപി ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു. മരണമൊഴിയുമായി ബന്ധപ്പെട്ട പോലീസ് വാദം കള്ളമാണെന്ന് ബിജെപി ഇന്നലെ പറഞ്ഞിരുന്നു. മരിച്ച വേണുഗോപാലന്‍ നായരുടെ സഹോദരനും മൊഴി നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഇത്. സംഭവം വിവാദമായതോടെയാണ് പോലീസ് മരണമൊഴിയുടെ പകര്‍പ്പ് പുറത്തുവിട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) തീ കൊളുത്തിയതും മരണവെപ്രാളത്തില്‍ സമരപന്തലിലേക്ക് ഓടിക്കയറിയതും. സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്‍നും സംഘവുമാണ് തീ കെടുത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണ സംഘം, ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തിരുന്നു.

വേണുഗോപാലന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ സമരപ്പന്തലില്‍നിന്ന് ഒരു ബിജെപിക്കാരനും ഒപ്പം പോകാന്‍ തയ്യാറായില്ല. ഇയാള്‍ ബിജെപികാരന്‍ അല്ലെന്നാണ് അവര്‍ പറഞ്ഞിരുന്നതും. എന്നാല്‍ പിന്നീടാണ് അവസരം മുതലെടുത്ത് ബിജെപി സമരത്തിന്റെ ഭാഗമായാണ് ആത്മഹത്യ എന്ന് അവകാശവാദം ഉന്നയിക്കുകയായിരുന്നു.

Advertisment