Advertisment

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു: നിയമനത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

New Update

publive-image

Advertisment

മദ്രാസ്; വിവാദങ്ങളെ കാറ്റിൽ പറത്തി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനത്തിനെതിരായി മുതിർന്ന അഭിഭാഷകർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഗൗരി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ തീരുമാനം. കൊളീജിയം ശുപാര്‍ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ കോടതി യോഗ്യത പരിശോധിക്കാന്‍ മാത്രമെ കോടതിക്കാവു എന്നും രാഷ്ട്രീയ ചായ്‌വുള്ളവര്‍ മുമ്പും നിയമിതരായിട്ടുണ്ടെന്നും വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് ഗൗരിയെ ജഡ്ജിയായി ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകയായ അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം സമര്‍പ്പിച്ച ഫയല്‍ തിരികെവിളിക്കണമെന്ന് ഇവര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. വിക്ടോറിയ ഗൗരി ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവങ്ങള്‍ ഉള്‍പ്പെടെ എടുത്തുപറഞ്ഞായിരുന്നു അഭിഭാഷകര്‍ കത്തയച്ചത്.

2018-ലെ വിക്ടോറിയ ഗൗരിയുടെ അഭിമുഖങ്ങളിലൊന്നില്‍ അവര്‍ ക്രിസ്തുമതത്തെ 'വെളുത്ത ഭീകരത' എന്ന് വിശേഷിപ്പിക്കുകയും ക്രിസ്ത്യാനികള്‍ക്കെതിരെ സമാനമായ പ്രസ്താവനകള്‍ നടടത്തിയെന്നും കത്തിലുണ്ട്. 'ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിദ്വേഷം കെട്ടടങ്ങാത്ത ഒരാളെ നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ തീര്‍ച്ചയായും തകര്‍ക്കും. ഗൗരിയുടെ വാക്കുകളുടെ പശ്ചാത്തലത്തില്‍, മുസ്ലീം അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ഏതെങ്കിലും പരാതിക്കാരന് അവര്‍ ജഡ്ജിയായാല്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?', അഭിഭാഷകര്‍ ചോദിച്ചു.

വിക്ടോറിയ ഗൗരി ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ സുപ്രീം കോടതി കൊളീജിയത്തിലും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളും കൊളീജിയം ശുപാര്‍ശയെ അപലപിക്കുകയും തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയിലേക്കുള്ള വഴിയില്‍ മറ്റൊരു സംഘിയെന്നായിരുന്നു കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ട്വിറ്ററില്‍ കുറിച്ചത്.

Advertisment